നവതിയുടെ നിറവില്‍ മലയാളത്തിന്റെ കാരണവര്‍

0
35

ലയാള സിനിമയുടെ കാരണവരായ പ്രിയ നടന്‍ മധുവിന് ഇന്ന് നവതി. തിരുവനന്തപുരംകാരനായ മാധവന്‍ നായര്‍ എന്ന മധു സിനിമയില്‍ കെട്ടിയാടാത്ത വേഷങ്ങളില്ല. സംവിധായകനായും നിര്‍മാതാവായുമെല്ലാം അദ്ദേഹം മലയാളത്തിന്റെ മുഖമായി മാറി. ഇന്ന് സൂപ്പര്‍സ്റ്റാറുകളുടെ സൂപ്പര്‍സ്റ്റാറായി മധു മലയാളത്തിന്റെ കാരണവ സ്ഥാനത്താണ്. 

തിരുവനന്തപുരം മേയറായിരുന്ന പരമേശ്വരന്‍ പിള്ളയുടെയും തങ്കമ്മയുടേയും മൂത്തമകനായാണ് മാധവന്‍ നായര്‍ എന്ന മധു 1933 സെപ്തംബര്‍ 23നാണ് ജനിച്ചത്. വിദ്യാര്‍ത്ഥിയായിരിക്കെ നാടക രംഗത്ത് സജീവമായിരുന്നു മധു. എന്നാല്‍  ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കിയ ശേഷം  നാഗര്‍കോവിലിലെ സ്‌കോട്ട് ക്രിസ്ത്യന്‍ കോളജില്‍ അധ്യാപകനായി കയറി. 

തന്റെ വഴി ഇതല്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് അധ്യാപന ജോലി ഉപേക്ഷിക്കുന്നത്. നാടകം സ്വപ്‌നം കണ്ടാണ് മധു അഭിനയം പഠിക്കാന്‍ ഇറങ്ങിത്തിരിച്ചത്. 1959ല്‍ നാഷണല്‍ സ്‌കൂള്‍ ഒഫ് ഡ്രാമയിലെ ആദ്യ ബാച്ചിലെ ഏക മലയാളിയായിരുന്നു. പഠനം പൂര്‍ത്തിയാകുന്നതിന് മുന്‍പാണ് അദ്ദേഹം സംവിധായകന്‍ രാമു കാര്യാട്ടിനെ പരിചയപ്പെടുന്നത്. ആദ്യ കാഴ്ചയില്‍ തന്നെ തന്റെ സിനിമയിലേക്ക് രാമു കാര്യാട്ട് ക്ഷണിക്കുകയായിരുന്നു. 

എന്നാല്‍ മലയാളത്തിലൂടെയല്ല മധു ആദ്യമായി സിനിമയിലേക്ക് എത്തുന്നത്. ക്വാജ അഹമ്മദ് അബ്ബാസ് ഒരുക്കിയ സാത്ത് ഹിന്ദുസ്ഥാനിയിലൂടെയായിരുന്നു മധുവിന്റെ ആദ്യ ചിത്രം. ആദ്യം അഭിനയിച്ച മലയാള ചിത്രം രാമു കാര്യാട്ടിന്റെ മൂടുപടത്തിലാണെങ്കിലും ആദ്യം പുറത്തിറങ്ങിയ ചിത്രം ശോഭനാ പരമേശ്വരന്‍ നായര്‍ നിര്‍മിച്ച് എന്‍.എന്‍.പിഷാരടി സംവിധാനം ചെയ്ത നിണമണിഞ്ഞ കാല്‍പാടുകളായിരുന്നു. തിക്കുറിശ്ശി സുകുമാരന്‍ നായരാണ് മാധവന്‍ നായരെ ആദ്യമായി മധു എന്നു വിളിച്ചത്. സുന്ദരനായ നായകനായി എത്തിയ താരം പല കാലങ്ങള്‍ പിന്നിട്ട് ഇന്ന് 90ല്‍ എത്തി നില്‍ക്കുകയായണ്.

Leave a Reply