നവാസ് ഷെരീഫും മകളും അറസ്റ്റില്‍; പാസ്‌പോര്‍ട്ടുകള്‍ പിടിച്ചെടുത്തു

0
28

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെയും മകള്‍ മറിയത്തെയും അറസ്റ്റ് ചെയ്തു. ലണ്ടനില്‍ നിന്ന് ലാഹോറില്‍ വിമാനമിറങ്ങിയതിന് പിന്നാലെ വിമാനത്താവളത്തില്‍ വച്ചാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. ഇരുവരുടേയും പാസ്‌പോര്‍ട്ടുകള്‍ പിടിച്ചെടുത്തു. ഇരുവരും വരുന്നതറിഞ്ഞ് ആയിരക്കണക്കിന് അനുയായികളാണ് വിമാനത്താവളത്തിന് പരിസരത്ത് തടിച്ചുകൂടിയത്. 300ഓളം പേരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.

ലണ്ടനില്‍ ഷെരീഫ് കുടുംബം നാല് ഫ്‌ളാറ്റുകള്‍ വാങ്ങിയതില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് കോടതിയുടെ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. പാനമ പേപ്പര്‍ വിവാദത്തെ തുടര്‍ന്ന് മറ്റ് രണ്ട് കേസുകളും ഷെരീഫിന്റെ പേരിലുണ്ട്. നവാസ് ഷെരീഫിന് പത്ത് വര്‍ഷവും മകള്‍ മറിയത്തിന് ഏഴ് വര്‍ഷവും തടവാണ് വിധിച്ചത്.

നേരത്തെ ലണ്ടനില്‍ നിന്ന് പോരും വഴി വിമാനം കേടായതിനെ തുടര്‍ന്ന് ഇരുവരും അബുദാബിയില്‍ ഇറങ്ങിയിരുന്നു. നാല് മണിക്കൂറോളം കഴിഞ്ഞ ശേഷം എത്തിഹാദ് എയര്‍വേസിന്റെ ഇ.വൈ 243 വിമാനത്തിലാണ് ഷെരീഫും മകളും ലാഹോറിലെത്തിയത്.

വിമാനത്താവളത്തില്‍ വച്ച് തന്നെ ഇരുവരേയും അറസ്റ്റ് ചെയ്‌തേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.  ഷെരീഫ് എത്തുന്നതുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷയാണ് ലാഹോറില്‍ ഒരുക്കിയത്. ആയിരക്കണക്കിന് പൊലീസുകാര്‍ നിരത്തുകളില്‍ വിന്യസിച്ചിരുന്നു. മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കും രാത്രി വരെ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ലണ്ടനില്‍ കാന്‍സര്‍ രോഗത്തിന് ചികിത്സയിലുള്ള ഭാര്യയുടെ അടുത്തു നിന്നാണ് ഷെരീഫും മകളും പാക്കിസ്ഥാനില്‍ മടങ്ങി എത്തിയത്.

Leave a Reply