നാം എന്ന ഞങ്ങളുടെ കുഞ്ഞു സിനിമ പിന്‍വലിക്കുന്നു;സംവിധായകന്‍

0
19

യുവതാരങ്ങളെ അണിനിരത്തി ജോഷി തോമസ് പള്ളിക്കല്‍ സംവിധാനം ചെയ്ത നാം റിലീസ് ചെയ്ത് ഒരാഴ്ച മാത്രം പിന്നിടുമ്പോള്‍ തീയറ്ററുകളില്‍ നിന്ന് പിന്‍വലിക്കുന്നു. പ്രേക്ഷകര്‍ തീയറ്ററിലേക്കെത്തുന്ന സമയത്ത് ചിത്രത്തിന് ഷോ ടൈം ലഭിക്കാത്തതാണ് പിന്‍വലിക്കുന്നതിന് കാരണമായി സംവിധായകന്‍ ചൂണ്ടികാട്ടിയിരിക്കുന്നത്. പ്രേക്ഷകര്‍ തിരഞ്ഞെടുക്കുന്ന സമയത്തു സിനിമകാണാന്‍ പറ്റുന്നില്ല എന്ന വിഷമം കണക്കിലെടുത്തു ചിത്രം തീയറ്ററുകളില്‍ നിന്ന് പിന്‍വലിക്കുകയാണെന്ന് സംവിധായകന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.

നാം കാണുകയും അഭിപ്രായങ്ങള്‍ അറിയിക്കുകയും ചെയ്തവര്‍ക്ക് നന്ദിപറഞ്ഞുകൊണ്ട് തുടങ്ങിയ കുറിപ്പില്‍ വലിയ തിരക്കൊഴിഞ്ഞുള്ള മറ്റൊരു വേളയില്‍ ഈ സിനിമയ്ക്കു കൂടുതല്‍ ഷോ ടൈം അനുവദിച്ചു സഹായിക്കാം എന്ന് വളരെയധികം തിയറ്റര്‍ അധികൃതര്‍ ഉറപ്പു തന്നിട്ടുണ്ടെന്നും സംവിധായകന്‍ അറിയിച്ചു.

ജോഷി തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

നാം എന്ന ഞങ്ങളുടെ സിനിമ കാണുകയും,ഇഷ്ടപ്പെട്ട കാര്യം പങ്കുവയ്ക്കുകയും ചെയ്ത എല്ലാ സുഹൃത്തുക്കള്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നു.സിനിമ കാണാത്ത ചില വിദ്യാര്‍ത്ഥി സുഹൃത്തുക്കള്‍ പരീക്ഷയും കോളേജ് അവുധിയും കാരണം പറഞ്ഞു വിളിച്ചിരുന്നു. പക്ഷെ ഏറ്റവും വിഷമിപ്പിക്കുന്ന കാര്യം പലര്‍ക്കും ജോലികഴിഞ്ഞോ, ഫാമിലിയെയും കൂട്ടി പോകാനോ പറ്റുന്ന സമയത്തു, ചുരുക്കം ചില സ്ഥലത്തൊഴികെ ഈ സിനിമക്ക് പ്രദര്‍ശന സമയം ലഭിച്ചില്ല എന്നുള്ളതാണ്(ചില സ്ഥലങ്ങളില്‍ തിയറ്റര്‍ പോലും). സ്വാഭാവികമായും അപ്പോള്‍ എല്ലാവര്‍ക്കും തോന്നാവുന്ന സംശയം എന്നിട്ടെന്തിന് അന്ന് റിലീസ് വച്ചു എന്നുള്ളതാണ്. പക്ഷെ നാം റിലീസ് തീരുമാനിച്ചപ്പോള്‍ (രണ്ടുമാസം മുന്‍പ്)അന്നൊരു ഫിലിമും ഈ ഡേറ്റില്‍ ഇല്ലായിരുന്നു. മുന്പിറങ്ങിയ ചില ചിത്രങ്ങള്‍ നല്ല രീതിയില്‍ ഓടുന്നതിനാല്‍ ചിലയിടങ്ങളില്‍ ആരെയും കുറ്റപ്പെടുത്താനും സാധിക്കില്ല.

പ്രേക്ഷകര്‍ തിരഞ്ഞെടുക്കുന്ന സമയത്തു സിനിമകാണാന്‍ പറ്റുന്നില്ല എന്ന വിഷമം കണക്കിലെടുത്തു, ഈ സിനിമയെ ഇഷ്ടപ്പെടുന്ന പലരുമായും കൂടി ആലോചിച്ചശേഷം ,കൂടുതല്‍ നല്ലത് എന്നുതോന്നുന്നു ഒരുതീരുമാനം ഞങ്ങള്‍ കൈക്കൊള്ളുകയാണ് നാം എന്ന ഞങ്ങളുടെ കുഞ്ഞു സിനിമ ഇന്ന് നിങ്ങളില്‍ നിന്നും പിന്‍വലിക്കുന്നു .(വലിയ തിരക്കൊഴിഞ്ഞുള്ള മറ്റൊരു വേളയില്‍ ഈ സിനിമയ്ക്കു കൂടുതല്‍ ഷോ ടൈം അനുവദിച്ചു സഹായിക്കാം എന്ന് വളരെയധികം തിയറ്റര്‍ അധികൃതര്‍ ഉറപ്പു തന്നിട്ടുമുണ്ട് ).

നന്മയുള്ള സിനിമകളെ എന്നും സ്വീകരിച്ചിട്ടുള്ള നിങ്ങളിലേക്ക് നാമാവാന്‍ ഞങ്ങള്‍ വീണ്ടും എത്തിച്ചേരും ..ഇതുവരെ ഞങ്ങളെ അകമഴിഞ്ഞ് സഹായിച്ച എല്ലാ സഹൃദയര്‍ക്കും ഒരിക്കല്‍ക്കൂടി നന്ദിയും..

എല്ലാ നന്മകളും നേര്‍ന്നുകൊണ്ട് ടീം നാം

Leave a Reply