കുവൈത്ത് സിറ്റി : നാട്ടിൽ കുടുങ്ങികിടക്കുന്ന പ്രവാസികൾക്ക് കുവൈത്തിലേക്ക് തിരിച്ചു വരുന്നതിനു ഓഗസ്ത് അവസാനത്തോടെ അവസരം ലഭിച്ചേക്കും .
കൊറോണ വൈറസ് നേരിടുന്നതിനു ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ നിന്നും രാജ്യത്തെ സാധാരണ നിലയിലേക്ക് തിരിച്ചു കൊണ്ടു വരുന്നതിനു സർക്കാർ അൻച്ച് ഘട്ടങ്ങളിലായി നടപ്പിലാക്കുന്ന പദ്ധതികളുടെ അവസാനത്തിൽ വിമാന താവളങ്ങളുടെ പ്രവർത്തനം പൂർണ്ണമായും പുനസ്ഥാപിക്കുവാൻ കഴിയുമെന്നാണു അധികൃതർ പ്രതീക്ഷിക്കുന്നത്. ഇതോടെ രാജ്യത്തിനു പുറത്ത് കഴിയുന്ന കാലാവധിയുള്ള താമസ രേഖയുള്ളവരുടെ തിരിച്ചു വരവിനു സർക്കാർ അനുമതി നൽകും. ഏകദേശം അഞ്ചു ലക്ഷത്തിൽ പരം പേർ ഇത്തരത്തിൽ രാജ്യത്തിനു പുറത്ത് കഴിയുന്നതായാണു കണക്കുകൾ സൂചിപ്പിക്കുന്നത്. ഇവരിൽ ഒരു ലക്ഷത്തി എൺപതിനായിരത്തോളം ഇന്ത്യക്കാരാണെന്നാണു കണക്കാക്കപ്പെടുന്നത്. കൊറോണ വൈറസ് പശ്ചാത്തലത്തിൽ ലോകാരോഗ്യ സംഘടനയുടെയും അയാട്ട യുടെയും മാർഗ്ഗ നിർദ്ദേശങ്ങൾ അനുസരിച്ചായിരിക്കും തിരിച്ചു വരുന്ന യാത്രക്കാരെ കൈകാര്യം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുക.ഇതിനു പുറമെ ഇത് സംബന്ധിച്ച് ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ ഉന്നത തല സമിതി യോഗത്തിൽ ചർച്ച ചെയ്യുകയും ഇതിനായി ഈ രാജ്യങ്ങളിൽ ഏകീകൃത സംവിധാനം ഏർപ്പെടുത്തുവാനും ആലോചനയുണ്ട്.അതേ സമയം കൊറോണ വൈറസ് പ്രതിസന്ധി ആരംഭിച്ച ശേഷം രാജ്യത്ത് വിമാന താവളം വഴി ഏറ്റവും അധികം പേർ പുറത്തേക്ക് യാത്ര ചെയ്ത ദിവസമായിരുന്നു ഇന്നലെ. 7 രാജ്യങ്ങളിലെ 5416 യാത്രക്കാരാണു 27 വിമാനങ്ങളിലായി ഇന്നലെ രാജ്യത്തു നിന്നും പോയത്. ഇതിൽ 17 വിമാനങ്ങൾ ഈജിപ്തിലേക്കും 4 എണ്ണം ഇന്ത്യയിലേക്കും ആയിരുന്നു പറന്നത്. കൂടാതെ എത്യോപ്യ , സൗദി അറേബ്യ, ജോർദാൻ, ടുണീഷ്യ, ബംഗ്ലാദേശ് എന്നിവിടങ്ങളിലേക്കും വിമാനങ്ങൾ ഇന്നലെ യാത്രക്കാരുമായി പോയെന്ന്
എയർപോർട്ട് പാസ്‌പോർട്ട് വിഭാഗം ഡയറക്ടർ കേണൽ ബദർ അൽഷായ പറഞ്ഞു. വിമാനത്താവളം അടച്ചതിനു ശേഷം ഇന്നലെ വരെ 47 ആയിരം പേർ ആണു രാജ്യത്തു നിന്നും പുറത്ത് പോയത്.ഇവരിൽ 19 ആയിരം പേർ താമസ നിയമം ലംഘനത്തിനു പൊതുമാപ്പ് പ്രയോജനപ്പെടുത്തിയ വരാണെന്നും അദ്ദേഹം വ്യക്തമാക്കി.