നിഖിലിന്റെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, ടിസി, കോണ്ടാക്ട് സര്‍ട്ടിഫിക്കറ്റ് എല്ലാം വ്യാജം; കര്‍ശന നടപടി വേണമെന്ന് കലിംഗ സര്‍വകലാശാല

0
25

തിരുവനന്തപുരം: എംകോം പ്രവേശനത്തിനായി എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസ് കായംകുളം എംഎസ്എം കോളജില്‍ ഹാജരാക്കിയ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന് കലിംഗ സര്‍വകലാശാല. ഇക്കാര്യം കേരള സര്‍വകലാശാല അധികൃതരെ ഔദ്യോഗികമായി അറിയിച്ചു.

നിഖില്‍ തോമസ് എന്ന വിദ്യാര്‍ഥിക്ക് ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്തിട്ടില്ല. നിഖിലിന്റെ സര്‍ട്ടിഫിക്കറ്റില്‍ പറയുന്ന സിലബസ് പോലും  സര്‍വകലാശാലയുടെതല്ല. ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, ടിസി, കോണ്ടാക്ട് സര്‍ട്ടിഫിക്കറ്റ് എല്ലാം വ്യാജമാണെന്നും കേരള സര്‍വകലാശാലയെ അധികൃതര്‍ അറിയിച്ചു. വ്യാജരേഖ ചമച്ച വിദ്യാര്‍ഥിക്കെതിരെ കര്‍ശന നടപടി വേണമെന്നും കേരള സര്‍വകലാശാല രജിസ്ട്രറോട് കലിംഗ സര്‍വകലാശാല ആവശ്യപ്പെട്ടു.

അതേസമയം, വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കി സര്‍വകലാശാലയെ കബളിപ്പിച്ചെന്ന കേസില്‍ പൊലീസ് തിരയുന്ന എസ്എഫ്‌ഐ മുന്‍ നേതാവ് നിഖില്‍ തോമസിനെ ഒളിവില്‍ പോകാന്‍ സഹായിച്ചുവെന്ന് സംശയിക്കുന്ന സിപിഎം പ്രാദേശിക നേതാവിനെ കസ്റ്റഡിയിലെടുത്തു. മുന്‍പ് ബാലസംഘം കായംകുളം ഏരിയ ചുമതലക്കാരനായിരുന്ന ഇയാളെ പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ ബിരുദ സര്‍ട്ടിഫിക്കറ്റും പൊലീസ് പരിശോധിക്കും.

നിഖിലിനെ കണ്ടെത്താന്‍ പൊലീസിന്റെ പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കായംകുളം സിഐയുടെ നേതൃത്വത്തിലുള്ളതാണ് അന്വേഷണസംഘം. നിഖിലിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. നിഖിലിന്റെ സുഹൃത്തുക്കളെ ഉള്‍പ്പെടെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. നിഖില്‍ തിരുവനന്തപുരത്ത് എത്തിയ ശേഷമാണ് ഒളിവില്‍ പോയതെന്നാണ് പൊലീസിന്റെ സംശയം.

നിഖിലിന്റെ ഫോണിന്റെ അവസാന ലൊക്കേഷന്‍ കാണിക്കുന്നത് തിരുവനന്തപുരത്താണ്. കായംകുളം പൊലീസ് കേസെടുത്തതിന് പിന്നാലെ നിഖില്‍ ഒളിവില്‍ പോയിരുന്നു. എംഎസ്എം കോളജ് പ്രിന്‍സിപ്പല്‍ ഡോ. മുഹമ്മദ് താഹയുടെ പരാതിയില്‍ വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന എന്നീ കുറ്റങ്ങളാണ് നിഖിലിനെതിരെ ചുമത്തിയിരിക്കുന്നത്.

Leave a Reply