നിപ്പാ: കോടതിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കണമെന്ന് ജില്ലാ കളക്ടര്‍

0
36

കോഴിക്കോട്: നിപ്പാ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലാ കോടതിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കണമെന്ന് ജില്ലാ കളക്ടര്‍. പത്തുദിവസത്തേയ്ക്ക് കോടതിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാനാണ് ഹൈക്കോടതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. അടുത്തിടെ ജില്ലാ കോടതി സൂപ്രണ്ട് നിപ്പാ ബാധിച്ച് മരിച്ചിരുന്നു. ഇതിനെതുടര്‍ന്ന് കോടതിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കണമെന്ന് അഭിഭാഷകര്‍ ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് ജില്ലാ കളക്ടറുടെ ഇടപെടല്‍.

കഴിഞ്ഞ ദിവസങ്ങളില്‍ നിപ്പാ ബാധിച്ച് രണ്ട് പേര്‍ മരിച്ച സാഹചര്യത്തില്‍ ഡോക്ടര്‍മാരോട് അവധിയില്‍ പ്രവേശിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. കോഴിക്കോട് ബാലുശ്ശേരി ആശുപത്രിയിലെ ഡോക്ടര്‍മാരോടും ജീവനക്കാരോടുമാണ് അവധിയെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. ഒരാഴ്ചത്തേക്ക് മാറി നില്‍ക്കാനാണ് നിര്‍ദേശം. പകരം സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ അറിയിച്ചിട്ടുണ്ട്.

മേയ് അഞ്ച്, പതിനാല് തീയതികളില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റിയിലും, സി.ടി സ്‌കാന്‍ റൂമിലും വെയിറ്റിംഗ് റൂമിലും പതിനെട്ട്, പത്തൊമ്പത് തീയതികളില്‍ ബാലുശേരി താലൂക്ക് ആശുപത്രിയിലും സന്ദര്‍ശനം നടത്തിയിട്ടുള്ളവര്‍ സ്‌റ്റേറ്റ് നിപാ സെല്ലില്‍ ബന്ധപ്പെടേണ്ടതാണെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

നിപ്പാ വൈറസ് ബാധിച്ച് വീണ്ടും മൂന്ന് പേര്‍ കൂടി മരിച്ചതോടെ ആരോഗ്യ വകുപ്പ് മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ ആകാത്തതും മരണനിരക്ക് കൂടുന്നതും ആരോഗ്യ വകുപ്പിനെ ആശങ്കയിലാക്കിയിട്ടുണ്ട്. മൂന്ന് ദിവസമായി ചികിത്സയിലായിരുന്ന കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശി റസിന്‍ (25) കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഇതോടെ നിപ്പ ബാധിച്ച് മരിച്ചവരുടെയെണ്ണം 17 ആയി ഉയര്‍ന്നു.

Leave a Reply