നിപ്പ വൈറസ്: പനി ബാധിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ രണ്ട് നഴ്‌സുമാര്‍ കൂടി വിദഗ്ധ ചികിത്സ തേടി

0
33

 

കോഴിക്കോട്: പനി ബാധിച്ച രണ്ട് നഴ്‌സുമാര്‍ കൂടി വിദഗ്ധ ചികിത്സ തേടി. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സുമാരാണ് ചികിത്സ തേടിയത്. പനി കുറയാത്ത സാഹചര്യത്തിലാണ് വിദഗ്ധ ചികിത്സ തേടിയത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നിപ്പ വൈറസ് ബാധിച്ചവരെ ചികിത്സിച്ച സംഘത്തില്‍ ഇവര്‍ ഉണ്ടായിരുന്നു.

നിപ്പ വൈറസ് ബാധയുടെ ലക്ഷണങ്ങളോടെ, രോഗബാധിതരെ മുമ്പ് പരിചരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സുകൂടി മരിച്ചതോടെ നിപ്പ ബാധയുടെ ലക്ഷണങ്ങളോടെ മരിച്ചവരുടെ എണ്ണം പത്തായിരുന്നു. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ചെമ്പനോട സ്വദേശി ലിനിയാണ് മരിച്ചത്. രോഗം ബാധിച്ച് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ ചങ്ങരോത്ത് സ്വദേശികളെ പരിചരിച്ചത് വഴി വൈറസ് ബാധയുണ്ടായെന്നാണ് നിഗമനം.

മുന്‍കരുതലിന്റെ ഭാഗമായി ലിനിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാതെ ബന്ധുക്കളുടെ സമ്മതത്തോടെ കോഴിക്കോട്ടെ വൈദ്യുതശ്മശാനത്തില്‍ സംസ്‌കരിച്ചു. ഇതോടെ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ മരിച്ചവരുടെ എണ്ണം പത്തായി. നിപ്പ വൈറസ് സ്ഥിരീകരിച്ച മൂന്ന് പേരില്‍ കണ്ട സമാന ലക്ഷണങ്ങളാണ് മരിച്ച മറ്റുള്ളവരിലും പ്രകടമായത്.

മരിച്ച രണ്ട് പേരുടെ രക്തപരിശോധനാ ഫലം ഇന്ന് വൈകുന്നേരത്തോടെ കിട്ടും. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലുമായി കഴിയുന്ന ആറ് പേരുടെ നില അതീവ ഗുരുതരമാണ്. നിപ്പ വൈറസ് ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ കോഴിക്കോട് അവലോകന യോഗം ചേര്‍ന്നു. മരിച്ച ചങ്ങരോത്ത് സ്വദേശികളുടെ വീട്ടിലെ കിണറ്റില്‍ വവ്വാലുകളുടെ സാന്നിധ്യം കണ്ടെത്തിയെന്നും, വൈറസ് പടര്‍ന്നത് ഈ കിണറ്റിലെ വെള്ളത്തിലൂടെയാകാമെന്നുമാണ് ആരോഗ്യവകുപ്പിന്റെ നിഗമനം.

കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കാന്‍ യോഗത്തില്‍ തീരുമാനമായി. മെഡിക്കല്‍ കോളേജാശുപത്രിയിലെ തിരക്ക് നിയന്ത്രിക്കാന്‍ ബീച്ചാശുപത്രി കൊയിലാണ്ടി, പേരാമ്പ്ര, താമരശേരി താലൂക്ക് ആശുപത്രികളില്‍ പ്രത്യേക വാര്‍ഡുകള്‍ തുറന്നതായും മന്ത്രി അറിയിച്ചു.

Leave a Reply