നിപ്പ വൈറസ്: യുഎഇ യാത്രാ നിയന്ത്രണം പിന്‍വലിച്ചു

0
42

ദുബൈ : നിപ്പ വൈറസ് ബാധയെത്തുടര്‍ന്ന് യുഎഇ പൗരന്മാര്‍ക്ക് കേരളം സന്ദര്‍ശിക്കുന്നതില്‍ ഏര്‍പ്പെടുത്തിയ യാത്രാ നിയന്ത്രണം പിന്‍വലിച്ചു. യുഎഇ ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഒപ്പം കേരളത്തില്‍ നിന്ന് പഴം,പച്ചക്കറി മുതലായവയുടെ ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണവും താമസിയാതെ പിന്‍വലിക്കുമെന്നാണ് സൂചന.

കഴിഞ്ഞമാസം 24 നാണ് യുഎഇ ആരോഗ്യമന്ത്രാലയം നിപ്പ വൈറസ് നിയന്ത്രണവിധേയമാകുന്നത് വരെ കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന നിര്‍ദേശം പുറപ്പെടുവിച്ചത്. കേരളത്തില്‍ നിന്ന് യുഎഇയിലെത്തുന്ന യാത്രക്കാര്‍ക്ക് രോഗലക്ഷണങ്ങളുണ്ടെങ്കില്‍ നിരീക്ഷിക്കാനും തീരുമാനിച്ചിരുന്നു.

കേരളത്തില്‍ നിപ്പ വൈറസിന്റെ വ്യാപനം ഫലപ്രദമായി പ്രതിരോധിച്ചു എന്ന ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിലേക്ക് ഏര്‍പ്പെടുത്തിയിരുന്ന യാത്രാനിയന്ത്രണം പിന്‍വലിക്കുന്നതെന്ന് യുഎഇ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കേരളത്തിലേക്ക് പോകാന്‍ യാതൊരു നിയന്ത്രണവും ഇപ്പോള്‍ നിലവിലില്ലെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ അറിയിപ്പ്.

പക്ഷേ ഇപ്പോഴും നിപ്പയുടെ പേരില്‍ കേരളത്തില്‍ നിന്നുള്ള പഴം, പച്ചക്കറി ഉല്‍പന്നങ്ങള്‍ക്ക് യുഎഇ പരിസ്ഥിതി മന്ത്രാലയം ഏര്‍പ്പെടുത്തിയ ഇറക്കുമതി വിലക്ക് പിന്‍വലിച്ചിട്ടില്ല. യാത്രാ വിലക്ക് പിന്‍വലിച്ച പശ്ചാത്തലത്തില്‍ താമസിയാതെ ഈ വിലക്കും പിന്‍വലിച്ചേക്കുമെന്നാണ് സൂചന. യുഎഇയിലേക്ക് മാത്രം കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിന്ന് ദിവസം 50 ടണ്ണിലേറെ പഴം, പച്ചക്കറി ഉല്‍പന്നങ്ങളാണ് കയറ്റി അയച്ചുകൊണ്ടിരുന്നത്.

Leave a Reply