കോഴിക്കോട്: പേരാമ്പ്രയില്‍ 17 പേരുടെ മരണത്തിന് ഇടയാക്കിയ നിപ വൈറസിന്റെ ഉറവിടം പഴംതീനി വവ്വാലുകളാണെന്ന് സ്ഥിരീകരണം. ഇക്കാര്യം കേന്ദ്രമന്ത്രി ജെ പി നദ്ദയാണ് അറിയിച്ചത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് സംഘമാണ് പഴംതീനി വവ്വാലുകളില്‍ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്.
ആദ്യഘട്ടത്തില്‍ പേരാമ്പ്ര ചങ്ങരോത്തെ കിണറ്റില്‍ നിന്ന് പരിശോധനയ്ക്കായി പിടികൂടിയ 21 വവ്വാലുകള്‍ പഴംതീനി വവ്വാലുകള്‍ ആയിരുന്നില്ല. പ്രാണികളെയും ചെറുജീവികളെയും ഭക്ഷിക്കുന്ന വവ്വാലുകളായതിനാല്‍ അവയില്‍ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്താനായിരുന്നില്ല. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ പ്രദേശത്ത് നിന്ന് പിടികൂടിയ 51 വവ്വാലുകളില്‍ പഴംതീനി വവ്വാലുകളും ഉള്‍പ്പെട്ടിരുന്നു. അവയില്‍ ചിലതില്‍ നിപ വൈറസ് സാന്നിദ്ധ്യമുണ്ടെന്നാണ് പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്.
അതേസമയം, പരിശോധന ഫലം സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വി. ജയശ്രീ അറിയിച്ചു.
കോഴിക്കോട് മലപ്പുറം ജില്ലകളിലായി 17 പേരാണ് നിപ വൈറസ് ബാധയെത്തുടര്‍ന്ന് മരിച്ചത്. സംസ്ഥാനആരോഗ്യവകുപ്പിന്റെയും ആരോഗ്യപ്രവര്‍ത്തകരുടെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെയായിരുന്നു വൈറസ് വ്യാപനം തടഞ്ഞത്.