ഭോപ്പാൽ: മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ ഇന്നു നിയമസഭാ തെരഞ്ഞെടുപ്പ്. മധ്യപ്രദേശിൽ വോട്ടെടുപ്പ് ആരംഭിച്ചു. 230 മണ്ഡലങ്ങളിലേക്ക് ഒറ്റ ഘട്ടത്തിൽ തന്നെയാണ് പോളിങ്. ഛത്തീസ്ഗഡിൽ ഇന്ന് രണ്ടാം ഘട്ട വോട്ടെടുപ്പാണ്.
മധ്യപ്രദേശിൽ 252 വനിതകളടക്കം 2533 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. രാവിലെ ഏഴ് മണി മുതൽ വോട്ടെടുപ്പ് ആരംഭിച്ചു. വൈകീട്ട് അഞ്ച് വരെയാണ് വോട്ട് ചെയ്യാൻ സമയം. ചില മണ്ഡലങ്ങളിൽ ഏഴിനു തുടങ്ങുന്ന വോട്ടെടുപ്പ് വൈകീട്ട് മൂന്ന് വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. ഛത്തീസ്ഗഡിൽ രണ്ടാം ഘട്ടത്തിൽ 70 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് വരെയാണ് വോട്ടു ചെയ്യാൻ അവസരം. മാവോയിസ്റ്റ് ഭീഷണിയുള്ള ഒൻപത് ബൂത്തുകളിൽ രാവിലെ ഏഴിനു വോട്ടെടുപ്പ് ആരംഭിച്ചു. ഇവിടെ വൈകീട്ട് മൂന്ന് വരെയാണ് പോളിങ്. 958 സ്ഥാനാർഥികളാണ് സംസ്ഥാനത്ത് ആകെ മത്സര രംഗത്തുള്ളത്.