ന്യൂഡൽഹി: അപകീർത്തി പരാമർശത്തിൽ രാഹുൽഗാന്ധിയുടെ അപ്പീൽ തള്ളിയ സൂറത്ത് സെഷൻസ് കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. കേസിൽ നിയമപോരാട്ടം തുടരും. നിയമവശങ്ങൾ ആലോചിച്ച് മുന്നോട്ടുപോകാനാണ് തീരുമാനമെന്നും കെ സി വേണുഗോപാൽ പ്രതികരിച്ചു.
വർത്തമാന കാല സാഹചര്യം എല്ലാവർക്കും അറിയാവുന്നതാണ്. ഗുജറാത്തിലെ കോടതിയിൽ നിന്നും നീതി പ്രതീക്ഷിച്ച് കോൺഗ്രസ് മുന്നോട്ടുപോയതാണ്. ഈ കേസിന്റെ മെറിറ്റ് എന്താണെന്ന് എല്ലാവർക്കും അറിയാം. കോൺഗ്രസിന്റെ വാദങ്ങളും പൊതു സമൂഹത്തിന് മുന്നിലുണ്ട്.
എന്തായാലും നീതിപീഠത്തിന്മേലുള്ള വിശ്വാസം പൂർണമായും അവസാനിപ്പിച്ചിട്ടില്ല. അർഹമായ നീതി കിട്ടിയിട്ടില്ല എന്നതാണ് സെഷൻസ് കോടതി വിധി വ്യക്തമാക്കുന്നതെന്നും കെസി വേണുഗോപാൽ പറഞ്ഞു. ഇതുകൊണ്ടൊന്നും ഭയപ്പെടുന്ന ആളല്ല രാഹുൽഗാന്ധി. ശിക്ഷിച്ചാലും ജയിലിൽ അടച്ചാലും പറയാനുള്ള കാര്യം പറയുമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കിയിട്ടുള്ളതാണെന്നും കെ സി വേണുഗോപാൽ പ്രതികരിച്ചു.
അപകീർത്തി പരാമർശത്തിൽ കുറ്റക്കാരനെന്നു കണ്ടെത്തി ശിക്ഷിച്ച സൂറത്ത് സിജെഎം കോടതി വിധിക്കെതിരെ രാഹുൽ ഗാന്ധി നൽകിയ അപ്പീലാണ് സൂറത്ത് സെഷൻസ് കോടതി തള്ളിയത്. രാഹുൽ കുറ്റക്കാരനാണെന്ന വിധി സെഷൻസ് കോടതി സ്റ്റേ ചെയ്തില്ല. വിധി സ്റ്റേ ചെയ്യാത്ത സാഹചര്യത്തിൽ എംപി സ്ഥാനത്തിന് രാഹുലിനുള്ള അയോഗ്യത തുടരും.