നെടുങ്കണ്ടം കസ്റ്റഡി മരണം; പി.ടി തോമസ് പൊലീസ് കംപ്ലെയിന്റ് അതോറിറ്റിക്ക് പരാതി നല്‍കി

0
31

തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ ഇടുക്കി എസ്.പി വേണുഗോപാലിനെതിരെ നടപടി ആവശ്യപ്പെട്ട് പി.ടി തോമസ് എംഎല്‍എ പൊലീസ് കംപ്ലെയിന്റ് അതോറിറ്റി ചെയര്‍മാന് കത്ത് നല്‍കി. സംഭവവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന അന്വേഷണം തൃപ്തികരമല്ലെന്നും കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥരെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നതെന്നും സംസ്ഥാന പൊലീസ് കംപ്ലെയിന്റ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് വി.കെ മോഹനന് നല്‍കിയ പരാതിയില്‍ പി.ടി തോമസ് ചൂണ്ടിക്കാട്ടി. കത്തിന്റെ പൂര്‍ണരൂപം: ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ രാജ്കുമാര്‍ എന്നയാള്‍ കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റു മരണമടഞ്ഞ സംഭവത്തില്‍ ഇപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടക്കുന്ന അന്വേഷണം ഒട്ടും തൃപ്തികരമല്ലെന്നാണ് മാധ്യമ വാര്‍ത്തകളില്‍ നിന്നും മനസിലാകുന്നത്. കുറ്റവാളികളായ പൊലീസ് ഉദ്യോഗസ്ഥരെ രക്ഷിക്കുവാനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നത് എന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ആയതിനാല്‍ കസ്റ്റഡി മരണത്തില്‍ ഇടുക്കി എസ്പി. വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള എല്ലാ പൊലീസ് ഉദ്യോഗസ്ഥരുടെയും പങ്കിനെപ്പറ്റി സമഗ്രമായി അന്വേഷണം നടത്തി ഉചിതമായ ശിക്ഷണ നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. കൂടാതെ വേണുഗോപാല്‍ ഇടുക്കി എസ്.പിയായി ചുമതലയേറ്റ ശേഷം അദ്ദേഹം നടത്തിയ എല്ലാ നിയമവിരുദ്ധ ഇടപാടുകളെ സംബന്ധിച്ചും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും നിരവധി മാധ്യമ വാര്‍ത്തകള്‍ വന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ മകന്റെ വിവാഹത്തോട് അനുബന്ധിച്ച് പൊലീസ് വാഹനങ്ങള്‍ ദുരുപയോഗം ചെയ്തത് സംബന്ധിച്ചും വനിതാ പൊലീസ് ഉള്‍പ്പെടെയുള്ളവരെ ഡ്യൂട്ടിക്ക് നിയോഗിച്ചത് സംബന്ധിച്ചും അന്വേഷണം വേണം. ഇതിന് പുറമേ ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാറില്‍ ഒരു എസ്റ്റേറ്റിന്റെ തര്‍ക്കവുമായി ബന്ധപ്പെട്ട് എസ്.പി നടത്തിയ ഇടപെടലിനെക്കുറിച്ചും മാധ്യമ വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം നടത്തി ന്യായമായ നടപടി സ്വീകരിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

Leave a Reply