Wednesday, July 3, 2024
HomeAUTOപകൽക്കൊള്ള വീണ്ടും : ഇന്ധനവില നാലാമതും കൂട്ടി

പകൽക്കൊള്ള വീണ്ടും : ഇന്ധനവില നാലാമതും കൂട്ടി

തുടർച്ചയായി നാലാമത്തെ ദിവസവും പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 40 പൈസയും ഡീസൽ 45 പൈസയുമാണ് കൂട്ടിയത്.

ഇതോടെ പെട്രോൾ വില ഡൽഹിയിൽ 73.40 രൂപയായി. ഡീസലിനാകട്ടെ 71.62 രൂപയും. നാലുദിവസംകൊണ്ട് പെട്രോളിന് 2.14 രൂപയും ഡീസലിന് 2.23രൂപയുമാണ് വർധിച്ചത്.
ലിറ്ററിന് 18 രൂപ അടിസ്ഥാന വിലയുള്ള പെട്രോൾ കൊച്ചിയിൽ വാഹനത്തിൽ നിറയ്ക്കുമ്പോൾ ബുധനാഴ്ച നൽകേണ്ടിവരുന്നത് 73.56 രൂപയാണ്. പതിനെട്ടര രൂപയുള്ള ഡീസലിനാകട്ടെ 67.84 രൂപയും.
82 ദിവസത്തെ ഇടവേളയ്ക്കുശേഷം കഴിഞ്ഞ ഞായറാഴ്ചയാണ് വിലകൂട്ടാൻ തുടങ്ങിയത്. ഏപ്രിലിൽ അസംസ്കൃത എണ്ണവില ബാരലിന് 16 ഡോളറിലെത്തിയിട്ടും ഇവിടെ വില മാറിയില്ല. മേയ് ആറിന് റോഡ് സെസും എക്സൈസ് തീരുവയുമായി പെട്രോളിന് പത്തുരൂപയും ഡീസലിന് 13 രൂപയും കേന്ദ്രം വർധിപ്പിച്ചു.

ഇപ്പോൾ അന്താരാഷ്ട്ര വില ഏപ്രിലിലെ 16 ഡോളറിൽനിന്ന് 41 ഡോളറിലെത്തിയെന്നപേരിൽ പൊതുമേഖലാ എണ്ണക്കമ്പനികൾ നാലുദിവസമായി ഇന്ധന വില കൂട്ടുകയാണ്. കോവിഡ് ലോക്ഡൗൺ പിൻവലിച്ച് വാഹനങ്ങൾ നിരത്തുകളിൽ കൂടിയതോടെയാണ് നിർത്തിവെച്ചിരുന്ന പ്രതിദിന ഇന്ധന വിലനിർണയം പുനഃസ്ഥാപിച്ചത്.

സർക്കാർ ഏർപ്പെടുത്തിയ നികുതിവർധന എണ്ണക്കമ്പനികളുടെ ലാഭത്തെ ബാധിച്ചെന്നാണ് ഇതിനു കാരണമായി പറയുന്നത്.
ഇതുമൂലമുണ്ടാകുന്ന വരുമാനനഷ്ടം പരിഹരിക്കാൻ ദൈനംദിന വിലനിർണയം പുനരാരംഭിച്ച് ഏതാനും ദിവസത്തേക്ക് തുടർച്ചയായി വില വർധിപ്പിക്കുമെന്ന് കമ്പനികൾ നേരത്തേ സൂചിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ വരുംദിവസങ്ങളിൽ വീണ്ടും വില ഉയരാനാണ് സാധ്യത.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments