തൃശ്ശൂർ: കയ്പമംഗലത്തെ പെട്രോൾ പമ്പ് ഉടമയായ മനോഹരനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കയ്പമംഗലം സ്വദേശികളായ സ്റ്റിയോ(20),അൻസാർ(21),അനസ്(20) എന്നിവരാണ് കേസിൽ അറസ്റ്റിലായത്. മനോഹരന്റെ കൈയിൽനിന്ന് പണം തട്ടിയെടുക്കലായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നും പണം കിട്ടാതായപ്പോൾ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും ഡി.ഐ.ജി. എസ്. സുരേന്ദ്രൻ പറഞ്ഞു
മനോഹരൻ പെട്രോൾ പമ്പിൽനിന്ന് മടങ്ങുമ്പോൾ പമ്പിലെ കളക്ഷൻ തുക കൈവശമുണ്ടായിരിക്കുമെന്നായിരുന്നു പ്രതികളുടെ കണക്കുക്കൂട്ടൽ. ഈ പണം തട്ടിയെടുക്കാൻ നേരത്തെ തന്നെ പദ്ധതി തയ്യാറാക്കായിരുന്നു. രണ്ടുദിവസം മുൻപ് മൂവരും ചേർന്ന് തട്ടിക്കൊണ്ടുപോകൽ പദ്ധതി കൃത്യമായി ആസൂത്രണം ചെയ്തു. വായിലൊട്ടിക്കുന്നതിന് ടേപ്പുകളും ഭീഷണിപ്പെടുത്താൻ കളിത്തോക്കും സംഘടിപ്പിച്ചു.
തിങ്കളാഴ്ച രാത്രി മനോഹരൻ സഞ്ചരിച്ച കാറിനെ സ്കൂട്ടറിൽ പിന്തുടർന്ന പ്രതികൾ കാറിന് പിറകിൽ മനപ്പൂർവ്വം ഇടിപ്പിച്ചു. ഈ സമയം വാഹനം നിർത്തി പുറത്തേക്കിറങ്ങിയ മനോഹരനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി മൂവരും ചേർന്ന് പിടിച്ചുകെട്ടി കാറിന്റെ പിൻവശത്തേക്ക് തള്ളിയിട്ടു. ബഹളമുണ്ടാക്കാതിരിക്കാൻ വായിൽ ടേപ്പ് ഒട്ടിച്ചു. എന്നാൽ തന്റെ കൈവശം പണമില്ലെന്ന് മനോഹരൻ ആവർത്തിച്ച് പറഞ്ഞെങ്കിലും പ്രതികൾ വിശ്വസിച്ചല്ല. നിരന്തരം മനോഹരനെ ചോദ്യംചെയ്യുകയും രണ്ടുമണിക്കൂറോളം കാറിൽ സഞ്ചരിക്കുകയും ചെയ്തു. ഇതിനിടെയാണ് ശ്വാസംമുട്ടി മരണം സംഭവിച്ചത്. തുടർന്ന് മൃതദേഹം ഗുരുവായൂരിലെ റോഡരികിൽ ഉപേക്ഷിച്ചു. ശേഷം അങ്ങാടിപ്പുറത്ത് എത്തിയ മൂവർ സംഘം കാർ അവിടെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു.
പെട്രോൾ പമ്പ് ഉടമയായ മനോഹരനെ തിങ്കളാഴ്ച അർധരാത്രിയോടെയാണ് കാണാതായത്. തുടർന്ന് ചൊവ്വാഴ്ച രാവിലെ ഗുരൂവായൂർ മമ്മിയൂരിലെ റോഡരികിൽനിന്ന് മൃതദേഹം കണ്ടെത്തി. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പോലീസ് പ്രതികളെ പിടികൂടിയത്. പ്രതികളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ച പോലീസ് ചൊവ്വാഴ്ച വൈകീട്ടുതന്നെ ഇവരെ കസ്റ്റഡിയിലെടുത്തിരുന്നു