കൊച്ചി: പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ നടന്‍ ഉണ്ണി മുകുന്ദനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപിയില്‍ ആലോചന. ശബരിമല അയ്യപ്പനെ പ്രമേയമാക്കിയ മാളികപ്പുറം സിനിമയില്‍ മുഖ്യവേഷം ചെയ്ത ഉണ്ണി മുകുന്ദനെ സ്ഥാനാര്‍ഥിയാക്കുന്നത് ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നതെന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ തവണ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് പത്തനംതിട്ടയില്‍ മത്സരിച്ചത്. ഇത്തവണ മത്സര രംഗത്തുനിന്നു മാറിനില്‍ക്കാനാണ് സുരേന്ദ്രന്റെ തീരുമാനം. മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരനെയും ഉണ്ണി മുകുന്ദനെയുമാണ് പകരം പരിഗണിക്കുന്നത്. കുമ്മനത്തിന്റെ പേരിനു മുന്‍തൂക്കമുണ്ടെങ്കിലും ഉണ്ണി മുകുന്ദന്‍ സ്ഥാനാര്‍ഥിയാവുന്നതോടെ ചിത്രം മാറുമെന്നാണ് ഒരു വിഭാഗം നേതാക്കള്‍ കരുതുതുന്നത്. കഴിഞ്ഞ തവണ മികച്ച മുന്നേറ്റമുണ്ടാക്കാനായ മണ്ഡലത്തില്‍ 50,000 വോട്ടുകള്‍ അധികമായി നേടിയാല്‍ ജയിക്കാന്‍ കഴിയുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.
കഴിഞ്ഞ തവണ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തിയപ്പോള്‍ ഉണ്ണി മുകുന്ദന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. സ്ഥാനാര്‍ഥിത്വം ഉള്‍പ്പെടെ പ്രധാനമന്ത്രി നിര്‍ദേശിക്കുന്നതിന് അനുസരിച്ചു പ്രവര്‍ത്തിക്കാം എന്ന ഉറപ്പ് നടന്‍ നല്‍കിയതായാണ് സൂചന.
തിരുവനന്തപുരത്ത് മത്സരിക്കാന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആറ്റിങ്ങലില്‍ കേന്ദ്രമന്ത്രി വി മുരളീധരനും തൃശൂരില്‍ നടന്‍ സുരേഷ് ഗോപിയും സ്ഥാനാര്‍ഥികള്‍ ആയേക്കും.