Wednesday, July 3, 2024
HomeHEALTHപനി ബാധിതരുടെ എണ്ണം ഉയരുന്നു; എച് 3 എൻ 2 വൈറസ് സാന്നിധ്യവും; നിരീക്ഷണം ശക്തമാക്കി...

പനി ബാധിതരുടെ എണ്ണം ഉയരുന്നു; എച് 3 എൻ 2 വൈറസ് സാന്നിധ്യവും; നിരീക്ഷണം ശക്തമാക്കി ആരോ​ഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം കൂടുന്നു. എച് 3 എൻ 2 വൈറസ് സാന്നിധ്യവും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ എല്ലാ ജില്ലകളിലും ആരോ​ഗ്യ വകുപ്പ് നിരീക്ഷണം ശക്തമാക്കാൻ നിർദ്ദേശം നൽകി. പനിക്കൊപ്പം ഒരാഴ്ച വരെ നീണ്ടുനിൽക്കുന്ന ചുമ, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങളോടെ ചികിത്സ തേടുന്നവരുടെ എണ്ണവും കൂടി വരുന്നു.

കഴിഞ്ഞ ആറ് ദിവസത്തിനിടെ 34,137 പേരാണ് ചികിത്സ തേടിയത്. 35 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. എലിപ്പനി ബാധിച്ച് ഒരാളും ചെള്ള് പനി ബാധിച്ച് മറ്റൊരാളും സംസ്ഥാനത്ത് മരിച്ചു. ആറ് പേരാണ് നിലവിൽ ചെള്ള് പനിക്ക് ചികിത്സയിലുള്ളത്. 344 പേർക്ക് ചിക്കൻ പോക്സ് സ്ഥിരീകരിച്ചിട്ടുണ്ട്. 164 ഡെങ്കിപ്പനി ബാധിതരുണ്ട്. നാല് പേർക്ക് എച് 1 എൻ 1 ബാധിച്ചു. 

മെഡിക്കൽ ഗവേഷണ കൗൺസിൽ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ച ഇൻഫ്ളുവൻസ എഎച്ച് 3 എൻ 2 വൈറസ് സാന്നിധ്യം ഏതാനും ജില്ലകളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും വൈറസ് സാന്നിധ്യം വ്യാപകമല്ലെന്നാണ് അധികൃതർ പറയുന്നത്. ഏതൊക്കെ ജില്ലകളിലാണ് വൈറസ് ബാധയെന്ന് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.

എച്ച് 1 എൻ 1 പോലെയുള്ള രോഗലക്ഷണങ്ങളുമായി എത്തുന്നവർക്ക് ഒസൾട്ടാമിവിർ പോലെയുള്ള മരുന്ന് നൽകാൻ നിർദേശിച്ചിട്ടുണ്ട്. കോവിഡ് ലക്ഷണങ്ങളോടെ ചികിത്സ തേടുന്നവരിൽ നിന്നുള്ള സാമ്പിൾ ജനിതക ശ്രേണീകരണത്തിന് ആരോഗ്യ വകുപ്പ് ശേഖരിക്കുന്നുണ്ട്. സാമ്പിളുകളിൽ നടത്തിയ തുടർ പരിശോധനയിലാണ് എച്ച് 3 എൻ 2 സാന്നിധ്യം കണ്ടെത്തിയിട്ടുള്ളത്. എല്ലാ ജില്ലയിലും പനി ബാധിതരുടെ എണ്ണം കൂടുന്നതായി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു.

പനി ബാധിതർ ജാഗ്രത പാലിക്കണമെന്നും സ്വയം ചികിത്സ നടത്തരുതെന്നും ആരോഗ്യ വകുപ്പ് നിർദേശിച്ചു. ഹോസ്റ്റലുകൾ, ആളുകൾ കൂട്ടമായി താമസിക്കുന്ന ഇടങ്ങൾ എന്നിവിടങ്ങളിലാണ് പെട്ടെന്ന് രോഗം പകരുന്നത്. കുടിവെള്ളം കൃത്യമായി മൂടിവെക്കണം. മുറിക്കുള്ളിൽ സൂക്ഷിച്ചിട്ടുള്ള ചെടിപ്പാത്രങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നില്ലെന്ന്‌ ഉറപ്പാക്കണം.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments