ദില്ലി: രാജ്യസഭയിലേക്ക് കേരളത്തില്‍ നിന്ന് ഒഴിവ് വരുന്നവയില്‍ യുഡിഎഫിന് ജയിക്കാന്‍ കഴിയുന്ന ഏക സീറ്റിനായി അവകാശവാദമുന്നയിച്ച് കേരള കോണ്‍ഗ്രസ് മാണി വിഭാഗവും രംഗത്ത്. സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ കലാപം ആരംഭിച്ചതിന് പിന്നാലെയാണ് മാണി വിഭാഗം അവകാശവാദമുന്നയിച്ച് രംഗത്തുവന്നത്.
യുഡിഎഫ് വിട്ട മാണി വിഭാഗം ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. യുഡിഎഫിലേക്ക് തിരികെയെത്തിയതായി കേരള കോണ്‍ഗ്രസ് എം ഔദ്യോഗിക പ്രഖ്യാപനം വന്നില്ലെങ്കിലും അതിന് മുന്‍പ് തന്നെ രാജ്യസഭാ സീറ്റിനായി അവര്‍ അവകാശം ഉന്നയിച്ച് അവര്‍ എത്തിയത് ശ്രദ്ധേയമാണ്.
മൂന്ന് സീറ്റുകളാണ് കേരളത്തില്‍ നിന്ന് രാജ്യസഭയിലേക്ക് ഒഴിവ് വന്നത്. കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ്, സിപിഐഎം സീറ്റുകളാണ് ഒഴിവ് വന്നത്. എന്നാല്‍ ഇപ്പോഴത്തെ നിയമസഭയിലെ കക്ഷി നില അനുസരിച്ച് ഒരു സീറ്റില്‍ മാത്രമേ യുഡിഎഫിന് വിജയസാധ്യതയുള്ളൂ. ഈ സാഹചര്യത്തിലാണ് ഏക സീറ്റ് തങ്ങള്‍ക്ക് വേണമെന്ന് കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്.
കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ ജോസ് കെ മാണി ഈ ആവശ്യവുമായി നാളെ ദില്ലിയിലെത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കാണുന്നുണ്ട്. നാളെ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ രാഹുലിനെ സന്ദര്‍ശിക്കാനിരിക്കെയാണ് ജോസ് കെ മാണിയും രാഹുലിനെ കാണുന്നത്. പുതിയ കെപിസിസി അധ്യക്ഷന്‍, യുഡിഎഫ് കണ്‍വീനര്‍, രാജ്യസഭാ സീറ്റിലെ സ്ഥാനാര്‍ത്ഥി തുടങ്ങിയ വിഷയങ്ങളാണ് കോണ്‍ഗ്രസ് നേതാക്കളും രാഹുലും തമ്മിലുള്ള കൂടിക്കാഴ്ചയിലെ വിഷയങ്ങളെന്നായിരുന്നു നേരത്തെയുള്ള വാര്‍ത്തകള്‍. എന്നാല്‍ ഇതിനൊപ്പം മാണി വിഭാഗത്തിന്റെ യുഡിഎഫിലേക്കുള്ള മടക്കവും രാഹുല്‍ ഗാന്ധിയുമായുള്ള ചര്‍ച്ചയില്‍ വരുമെന്നാണ് വിവരം. ഇതിന്റെ ഭാഗമായാണ് ജോസ് കെ മാണിയും രാഹുലിനെ കാണുന്നത്.
യുഡിഎഫില്‍ മടങ്ങിവരുന്നതിന്റെ ഉപാധിയായി രാജ്യസഭാ സീറ്റ് വേണമെന്ന നിലപാട് കേരള കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കുകയാണെന്നാണ് സൂചന. അതേസമയം, കേരള കോണ്‍ഗ്രസിന്റെ നീക്കത്തിന് മുസ്‌ലീം ലീഗ് നേതാവും എംപിയുമായ പികെ കുഞ്ഞാലിക്കുട്ടിയുടെ പിന്തുണയുമുണ്ട്. കുഞ്ഞാലിക്കുട്ടിയും രാഹുലിനെ കാണുന്നുണ്ട്. മാണി വിഭാഗത്തിന് രാജ്യസഭാ സീറ്റ് നല്‍കണമെന്ന നിലപാട് കുഞ്ഞാലിക്കുട്ടി രാഹുലിനെ അറിയിക്കുമെന്നാണ് സൂചന. കുഞ്ഞാലിക്കുട്ടി മുന്‍കൈയെടുത്താണ് മാണിയെ യുഡിഎഫിലേക്ക് തിരികെകൊണ്ടുവരാനുള്ള നീക്കങ്ങള്‍ സജീവമാക്കിയത്.
കേരള കോണ്‍ഗ്രസിന്റെ യുഡിഎഫിലേക്കുള്ള മടങ്ങിവരവ് വിഷയത്തില്‍ രാഹുലുമായി ചര്‍ച്ച നടത്താനാണ് താന്‍ അദ്ദേഹത്തെ കാണുന്നതെന്ന് ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകകരോട് കുഞ്ഞാലിക്കുട്ടി പറഞ്ഞു. അവരുടെ സീറ്റ് കൂടിയാണ് ഒഴിവ് വരുന്നത്. രാജ്യസഭാ സീറ്റിന് കേരള കോണ്‍ഗ്രസിന് അവകാശവാദമുന്നയിക്കാനുള്ള അര്‍ഹതയുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.