കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെ വ്യാപക അക്രമം. നാലുപേർ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരുക്കേറ്റതായും റിപ്പോർട്ട്. നോർത്ത് 24 പർഗാനസിൽ സിപിഎം പ്രവർത്തകരായ ദമ്പതികളെ തീ കൊളുത്തി കൊന്നു. സിപിഎം പ്രവർത്തകരായ ദിബു ദാസ്, ഭാര്യ ഉഷ ദാസ് എന്നിവരാണ് കൊല്ലപ്പെട്ടത്. തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ് ആക്രമണത്തിനു പിന്നലെന്ന് സിപിഎം ആരോപിച്ചു.
നാലു ജില്ലകളിലാണ് പ്രധാനമായും അക്രമം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. നോർത്ത് 24 പർഗനാസ്, ബുർദ്‌വാൻ, കൂച്ച് ബിഹാർ, സൗത്ത് 24 പർഗനാസ് എന്നീ ജില്ലകളിലാണ് സംഘർഷം ഉടലെടുത്തത്. അക്രമങ്ങളിൽ നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. ദുർഗാപൂരിൽ ബിജെപി-സിപിഎം പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി.
കൂച്ച് ബിഹാറിലെ പോളിങ് ബൂത്തിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ ആക്രമണത്തിൽ 20 പേർക്ക് പരുക്കേറ്റു. അംദാനാഗയിലെ സദൻപൂരിലുണ്ടായ ബോംബേറിൽ 20 പേർക്ക് പരുക്കേറ്റിട്ടുണ്ട്. സൗത്ത് 24 പർഗാനസിലെ കുൾട്ടാലിയിൽ തൃണമൂൽ പ്രവർത്തകനായ ആരിഫ് ഗാസി വെടിയേറ്റ് കൊല്ലപ്പെട്ടതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ചിലയിടങ്ങളിൽ സംഘർഷത്തെ തുടർന്ന് വോട്ടെടുപ്പ് നിർത്തിവച്ചു.
സംഘർഷബാധിതപ്രദേശങ്ങളിൽ കൂടുതൽ സൈന്യത്തെ വിന്യസിച്ചു. തിരഞ്ഞെടുപ്പ് നടക്കുന്ന വിവിധ ജില്ലകളിലായി 71,500 സൈനികരെയാണ് വിന്യസിച്ചിട്ടുളളത്. ഇവർക്കുപുറമേ അസം, ഒഡീഷ, സിക്കിം, ആന്ധ്രാ പ്രദേശ് എന്നിവിടങ്ങളിൽനിന്നും സായുധസേനയെ എത്തിച്ചിട്ടുണ്ട്.
പശ്ചിമ ബംഗാളിൽ 90 ശതമാനം പഞ്ചായത്തുകളിലും ഭരണം തൃണമൂൽ കോൺഗ്രസാണ്. 20 ജില്ലാ പഞ്ചായത്തുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. മെയ് 17 നാണ് വോട്ടെണ്ണൽ.