പാമ്പ് പിടുത്തത്തിൽ പുതിയ താരോദയമായി പ്രജീഷ് ചക്കുളം. ലോക്ക് ഡൗണിന് ശേഷം അടഞ്ഞു കിടന്ന സ്കൂളിൽ നിന്ന് പാമ്പിനെ പിടിച്ചതോടുകൂടിയാണ് പ്രജീഷ് നാട്ടുകാരുടെ പ്രിയങ്കരനായത്. ഇപ്പോൾ അപൂർവ ഗണത്തിൽ പെടുന്ന നാഗത്താൻ പാമ്പിനെ പിടിച്ചതോടുകൂടിയാണ് പ്രജീഷ് വാർത്തകളിൽ നിറയുന്നത്.
നാഗത്താൻപാമ്പ്( Ornate flying snake)
പറക്കും പാമ്പ് എന്നും അറിയപ്പെടുന്നു. പൊന്നിന്റെ നിറവും ചുവപ്പും കറുപ്പും വരകളും കുറികളുമൊക്കെ ശരീരത്തുലുള്ള ഒരു പാമ്പാണിത്. മരംകയറി പാമ്പുകളായ ഇവ മുകളിൽനിന്ന് താഴേയ്ക്ക് തെന്നി പറന്നിറങ്ങാറുണ്ട്. പ്രധാനമായും സഹ്യപർവ്വതനിരകളിലെ കാടുകളിലാണ് ഇവയെ കാണപ്പെടുന്നത്. പല്ലികളും ഓന്തുകളുമാണ് പ്രധാന ഭക്ഷണം. ശരാശരി ഒന്നര മീറ്ററോളം നീളമുള്ള ഇവയ്ക്ക് അലങ്കാരപ്പാമ്പ് എന്നൊരു പേര് കൂടിയുണ്ട്. പറക്കാൻ കഴിവുണ്ട് എന്നതുകൊണ്ട് ഈ പാമ്പിന് ചിലർ ദിവ്യത്വം കല്പ്പിക്കാറുണ്ട്.
നാഗത്താൻ പാമ്പുകളുടെ ഇളം പച്ചനിറമുള്ള ഉപരിഭാഗത്ത് വിലങ്ങനെ കൃത്യമായി ഇടവിട്ടുള്ള കറുപ്പുവരകളുണ്ട്. വരകളുടെ സ്ഥാനത്തുള്ള ചെതുമ്പലുകളുടെ അരികുകൾ കറുത്തിരിക്കും. അടുത്തടുത്തുള്ള ചെതുമ്പലുകളുടെ കറുത്ത അരികുകൾ തുടർച്ചയായ ഒരു വരപോലെ തോന്നിക്കുന്നു. ചില പാമ്പുകൾക്ക് മുതുകിലെ നടുവരിയിലുള്ള ചെതുമ്പലുകളിൽ മഞ്ഞനിറത്തിലുള്ള പുള്ളികൾ കാണപ്പെടാറുണ്ട്. മരം കയറാൻ ഉപകരിക്കത്തക്കവിധം വയറിന്റെ അരികു മടങ്ങിയാണിരിക്കുന്നത്. പാർശ്വഭാഗങ്ങളിലുള്ള ചെതുമ്പലുകൾക്ക് ഓരോ കറുത്ത പുള്ളിയും ചെറിയ വരമ്പും ഉണ്ട്. കറുപ്പുനിറമുള്ള തലയിൽ വിലങ്ങനെ മഞ്ഞയോ പച്ചയോ വരകളും അങ്ങിങ്ങായി പുള്ളികളുമുണ്ട്. വാലിന്റെ അടിയിലെ ചെതുമ്പലുകൾക്ക് കറുത്ത മധ്യരേഖയോ പുള്ളികളോ ഉണ്ടായിരിക്കും. വായിൽ 20-22 പല്ലുകളുണ്ട്. വിഷമുണ്ടെങ്കിലും പൊതുവേ മനുഷ്യർക്ക് ഹാനികരമല്ല.
നാഗത്താൻ പാമ്പുകൾക്ക് അതിവേഗത്തിൽ സഞ്ചരിക്കുവാൻ കഴിയും. വളരെ ഉയരമുള്ള മരക്കൊമ്പിൽനിന്നുപോലും ഇവ എടുത്തു ചാടും. വേഗത്തിലുള്ള ഈ ചാട്ടം കണ്ടാൽ പാമ്പ് പറക്കുകയാണെന്നു തോന്നും. ചാടുമ്പോൾ ഇവ വാരിയെല്ലുകൾ വികസിപ്പിച്ചശേഷം അടിഭാഗം ഉള്ളിലേക്കു വലിച്ച് ശരീരം ഒരു ചെറിയ ഗ്ളൈഡർ പോലെ ആക്കി മാറ്റുന്നു. ഇങ്ങനെ നേരിട്ട് താഴേക്ക് വീഴാതെ രക്ഷപെടുകയും ചെയ്യുന്നു. അതിനാൽ ഇത് ‘പറക്കും പാമ്പ്’ (Flying Snake) എന്നും അറിയപ്പെടുന്നു.
തവളകൾ, പല്ലികൾ, ഓന്തുകൾ, ചെറുപക്ഷികൾ, അവയുടെ മുട്ടകൾ, പ്രാണികൾ തുടങ്ങിയവയാണ് നാഗത്താൻ പാമ്പുകളുടെ ഭക്ഷണം. ഇരയെ ജീവനോടെ വിഴുങ്ങുകയാണ് ഇവയുടെ പതിവ്. ഫെബ്രുവരി-മാർച്ച് മാസങ്ങളാണ് പ്രജനനകാലം. പെൺപാമ്പ് 6 മുതൽ 12 വരെ മുട്ടകൾ ഇടുന്നു.
നേരിയ അളവിൽ വിഷമമുണ്ട്
പക്ഷേ മനുഷ്യ ശരീരത്തിൽ യാതൊരു പ്രശ്നവും ഉണ്ടാക്കാനുള്ള ശേഷിയില്ല വിഷത്തിന്.
ഉയരമുള്ള മരങ്ങളിൽ നിന്നും താഴോട്ട് ചാടി ശരീരം പരത്തിപ്പിടിച്ച് പുളയുമ്പോൾ വായുവിന്റെ ഗതിക്കനുസരിച്ച് കുറച്ചു ദൂരം തെന്നി നീങ്ങാനുള്ള കഴിവുണ്ട്. അതിനാലാണ് പറക്കും പാമ്പ് എന്ന പേര് കിട്ടിയത്.
പാമ്പിനെ റാന്നി ഫോറസ്റ്റ് ഓഫീസർമാർക്ക് കൈമാറുമെന്ന് പ്രജീഷ് അറിയിച്ചു