തിരുവനന്തപുരം: നേതാക്കള്‍ക്കെതിരെ സ്ത്രീ പീഡനപരാതികള്‍
ഉണ്ടാകുമ്പോള്‍ അത്പാര്‍ട്ടിക്കുള്ളില്‍ ഒതുക്കി തീര്‍ക്കുകയാണ് സിപിഎം ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇത് ക്രിമിനല്‍ കുറ്റമാണ്. ഇത്തരം പരാതികള്‍ പൊലീസിന് കൈമാറാനുള്ള ആര്‍ജവം സിപിഎം നേതാക്കള്‍ കാണിക്കണം. തൃശൂരില്‍ ഡിവൈഎഫ്‌ഐ നേതാവിനെതിരെയും ആലപ്പുഴയില്‍ നേതാക്കള്‍ക്കെതിരെയുമുള്ള പരാതിയില്‍ പാര്‍ട്ടി തന്നെ പൊലീസ് സ്റ്റേഷനാക്കി കേസ് ഒതുക്കിതീര്‍ക്കുകയാണ് നേതൃത്വം ചെയ്തതെന്ന് സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
‘പാര്‍ട്ടിയല്ല പൊലീസ് സ്റ്റേഷനും കോടതിയും. സ്ത്രീകളെ അതിക്രമിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്ന പരാതികള്‍ നേതാക്കള്‍ക്ക് കിട്ടിയാല്‍ പൊലീസിന് കൈമാറണമെന്നതാണ് നിയമവ്യവസ്ഥ. പൊലീസിന് കൈമാറാതെ ഗുരുതരരമായ കുറ്റകൃത്യങ്ങള്‍ നടത്തിയവരെ പാര്‍ട്ടിയുടെ സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തുക. തരംതാഴ്ത്തുക പിന്നെ നിയമസംവിധാനങ്ങള്‍ക്ക് എന്തുവിലയാണ് ഉള്ളത്. ആലപ്പുഴ ജില്ലയില്‍ സിപിഎം നേതാക്കള്‍ സ്ത്രീകളെ അതിക്രമിക്കുകയെന്നത് നിരന്തര സംഭവമാണ്. തൃശുരിലും നേതാവിനെതിരായ പരാതിയില്‍ അതുതന്നെയാണ് സംഭവിച്ചത്. ഇത്തരം പരാതികള്‍ പൊലീസിന് കൈമാറാനുള്ള ആര്‍ജവം പാര്‍ട്ടി നേതാക്കള്‍ കാണിക്കണം’- സതീശന്‍ പറഞ്ഞു.
ഡിവൈഎഫ്‌ഐ തൃശൂര്‍ ജില്ലാ സെക്രട്ടറിയും സിപിഎം ജില്ലാ കമ്മറ്റിയംഗവുമായ എന്‍വി വൈശാഖന് സിപിഎം നിര്‍ബന്ധിത അവധി നല്‍കിയിരുന്നു. യുവനേതാവിനെതിരെ ഒരു വനിതാപ്രവര്‍ത്തക നല്‍കിയ പരാതിയിലാണ് നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗമാണ് വൈശാഖനെതിരെ നടപടിയെടുത്തത്.
സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ഡിവൈഎഫ്‌ഐ ജില്ലാ തലത്തില്‍ നടത്തുന്ന സെക്കുലര്‍ റാലിയില്‍ മേഖല ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും വൈശാഖനെ മാറ്റിയിരുന്നു. പകരംം ജില്ലാ ജോയിന്റ് സെക്രട്ടറി വിപി ശരത് പ്രസാദാണ് പുതിയ റാലി കാപ്റ്റന്‍. എന്നാല്‍ വൈശാഖനെതിരായ നടപടി പാര്‍ട്ടി ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല. അതേസമയം സിപിഎമ്മിലെ വിഭാഗീയതയാണ് വൈശാഖനെതിരായ പരാതിക്ക് കാരണമെന്നാണ് മറു വിഭാഗം പറയുന്നത്.