പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് പണം വാങ്ങിയവരില്‍ ജനപ്രതിനിധികളുമെന്ന് തെളിയിച്ച് പ്രതി അനന്തുകൃഷ്ണന്റെ ഐപാഡില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍. ചില എംഎല്‍എമാരുടെ ഓഫിസുകളിലും എംപിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്കും പ്രതി അനന്തുകൃഷ്ണന്‍ പണമെത്തിച്ചതിന്റെ തെളിവുകളാണ് പൊലീസിന് ലഭിച്ചത്. ഇടപാടുകളുടെ രേഖകള്‍ ഐപാഡില്‍ ശേഖരിച്ചതാണ് ജനപ്രതിനിധികള്‍ക്കും കുരുക്കായിരിക്കുന്നത്. അനന്തുവിനെ കൊച്ചിയിലെത്തിച്ച് തെളിവെടുപ്പ് നടത്തിവരികയാണ്.
വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ അമ്പതിലധികം നേതാക്കള്‍ക്ക് പണമെത്തിക്കുന്ന പൊളിറ്റിക്കല്‍ ഫണ്ടറായിരുന്നു അനന്തു കൃഷ്ണനെന്നാണ് പൊലീസ് സംശയിക്കുന്നത്. രണ്ട് എംപിമാര്‍ക്ക് സമ്മാനപ്പൊതിയെന്ന ഓമനപ്പേരില്‍ 45 ലക്ഷത്തോളം രൂപ അനന്തുകൈമാറിയെന്നാണ് പൊലീസ് അറിയിക്കുന്നത്. ഇതിന്റെ രേഖകളും അനന്തുവിന്റെ ഐപാഡിലും ഡയറിയിലുമുണ്ട്. ചില പാര്‍ട്ടികളുടെ സെക്രട്ടറിമാര്‍ക്ക് ഒറ്റത്തവണയായി അനന്തു 25 ലക്ഷം രൂപയിലേറെ നല്‍കിയെന്നും രേഖയുണ്ട്. അന്വേഷണം നടക്കുന്നതിനാല്‍ പൊലീസ് ജനപ്രതിനിധികളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
സ്‌കൂട്ടര്‍ വാഗ്ദാനം നല്‍കി അനന്തു പണം വാങ്ങിയത് 40000 പേരില്‍നിന്നെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ പതിനെണ്ണായിരം പേര്‍ക്ക് സ്‌കൂട്ടര്‍ വിതരണം ചെയ്തതായി കണ്ടെത്തി. തട്ടിപ്പ് പണം പിരിക്കാന്‍ നിന്ന് ജീവനക്കാര്‍ക്ക് താമസിക്കാന്‍ ഫ്‌ലാറ്റുകള്‍ ഉള്‍പ്പെടെ വാടകയ്ക്ക് എടുത്ത് നല്‍കി. ഇവരുടെ താമസം സൗജന്യമായിരുന്നു. ഗൃഹോപകരണങ്ങള്‍ പകുതി വിലയ്ക്ക് നല്‍കാമെന്ന് പറഞ്ഞ 95000 പേരില്‍ നിന്നും പണം വാങ്ങി. ഇടുക്കി ജില്ലയില്‍ അനന്തു ബിനാമി പേരുകളിലും സ്ഥലം വാങ്ങിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
അനന്തുവിനെതിരെ കണ്ണൂരിലെ പരാതികള്‍ മാത്രം 2500ന് മുകളിലാണ്. വയനാട്ടില്‍ വിവിധ പരാതികളിലായി 19 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കാസര്‍ഗോഡ് ഒരു വായനശാല കേന്ദ്രീകരിച്ചും ഇയാള്‍ പണം വാങ്ങിയതായി ട്വന്റിഫോറിന് വിവരം ലഭിച്ചിട്ടുണ്ട്. കാസര്‍ഗോട്ടെ കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും.