ന്യൂഡല്‍ഹി: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന് എതിരെ ദേശീയനേതൃത്വത്തിന് പരാതി. പാര്‍ട്ടി നേതാക്കളെ അവഹേളിക്കുന്നു എന്നാരോപിച്ച് ഔദ്യോഗിക വിഭാഗമാണ് പരാതി നല്‍കിയത്. കേന്ദ്രമന്ത്രി വി മുരളീധരനും സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും എതിരെ ശോഭാ സുരേന്ദ്രന്‍ പരോക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെയാണ് ഔദ്യോഗികപക്ഷം കേനന്ദ്രനേൃത്വത്തെ സമീപിച്ചിരിക്കുന്നത്.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി സുധീറിനെ അറിയില്ലെന്ന് മാധ്യമങ്ങളോട് പറഞ്ഞു. കെ സുരേന്ദ്രനും വി മുരളീധരനും എതിരെ പരോക്ഷമായി വിമര്‍ശനം ഉന്നയിക്കുന്നു എന്നും പരാതിയില്‍ പറയുന്നു.
‘പാര്‍ട്ടിയില്‍ തന്നെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ ആ വെള്ളം വാങ്ങിവെച്ചേക്കണം’ എന്ന് കഴിഞ്ഞദിവസം ശോഭാ സുരേന്ദ്രന്‍ കോഴിക്കോടുവെച്ച് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ‘ഇത് എന്റെ കൂടി പാര്‍ട്ടിയാണ്. അല്ലെന്ന് വരുത്താന്‍ ആരെങ്കിലും ശ്രമിച്ചാല്‍ ആ വെള്ളം വാങ്ങിവെച്ചേക്കണം. ബിജെപി ഉയര്‍ത്തിപ്പിടിക്കുന്ന ആശയത്തോടാണ് എനിക്ക് പ്രതിബദ്ധത. അതുമായാണ് മുന്നോട്ട് പോകുന്നത്. ആ വഴിയില്‍ ആരെങ്കിലും തടസം സൃഷ്ടിച്ചാല്‍ അത് എടുത്തുമാറ്റി മുന്നോട്ടുപോകാന്‍ അറിയാം’, ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
‘ദേശീയ രാഷ്ട്രീയത്തിന്റെ അലയൊലികള്‍ കേരളത്തില്‍ എത്തിക്കാനുള്ള ഭഗീരഥ പ്രയത്നത്തിലാണ് ഞാന്‍. അത് തുടരുകയും ചെയ്യും. ഇനി ഞാന്‍ റോഡിലാണ്, ബൂത്തുതല പ്രവര്‍ത്തകരോടൊപ്പമാണ്, നമുക്ക് കാണാമല്ലോ’, ശോഭ പറഞ്ഞു.
നേതൃത്വത്തെ പരസ്യമായി അപമാനിക്കുന്ന ശോഭയെ കോഴിക്കോട്ട് നടക്കുന്ന പാര്‍ട്ടി പരിപാടിയില്‍ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ‘ബിജെപി കോഴിക്കോട് ഡിസ്ട്രിക്ട്’ എന്ന എന്ന വാട്സാപ്പ് ഗ്രൂപ്പില്‍ ചര്‍ച്ച നടന്നിരുന്നു. ‘സംഘടനയുടെ അച്ചടക്കം പാലിച്ച് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ നേതാവിന്റെ അഭിപ്രായത്തോട് യോജിക്കാന്‍ സാധിക്കുമോ? എതിരാളികള്‍ക്ക് അടിക്കാനുള്ള വടികൊടുക്കുകയും പ്രവര്‍ത്തകരുടെ ആത്മവീര്യം തകര്‍ക്കുകയും ചെയ്യുന്ന നേതാക്കളെ നാം എന്തിന് കൊണ്ടുനടക്കണം’ എന്നിങ്ങനെയാണ് ശോഭ പങ്കെടുക്കുന്ന പരിപാടിയുടെ സന്ദേശത്തോടുള്ള പ്രതികരണമായി ഗ്രൂപ്പില്‍ വന്ന വിമര്‍ശനങ്ങള്‍. ഇതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായണ് ശോഭാ സുരേന്ദ്രന്‍ സംസ്ഥാന നേതൃത്വത്തിന് എതിരെ പരോക്ഷ വിമര്‍ശനം ഉന്നയിച്ചത്.