ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് കറുപ്പണിഞ്ഞ് പ്രതിപക്ഷം. പാര്‍ലമെന്റില്‍ കറുത്ത വസ്ത്രവും കറുത്ത മാസ്‌കും അണിഞ്ഞെത്തിയായിരുന്നു പ്രതിഷേധം. കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി കറുത്ത് സ്‌കാര്‍ഫ് ധരിച്ചെത്തിയപ്പോള്‍ മറ്റ് ചില അംഗങ്ങള് കറുത്ത ഷര്‍ട്ട് ധരിച്ചാണ് എത്തിയത്. നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറുഖ് അബ്ദുള്ള കറുത്ത കുര്‍ത്ത ധരിച്ചാണ് എത്തിയത്. കറുത്ത വസ്ത്രം ധരിച്ച് വരാന്‍ പാര്‍ട്ടി എംപിമാര്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം നിര്‍ദേശം നല്‍കിയിരുന്നു.
പ്രതിപക്ഷ തന്ത്രം ചര്‍ച്ച ചെയ്യാന്‍ രാജ്യസഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അധ്യക്ഷതയില്‍ രാവിലെ ചേര്‍ന്ന പ്രതിപക്ഷ നേതാക്കളുടെ യോഗത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളും പങ്കെടുത്തു. തൃണമൂലിനെ പ്രതിനിധീകരിച്ച് പ്രസൂണ്‍ ബാനര്‍ജിയും ജവഹര്‍ സിര്‍ക്കറുമാണ് പങ്കെടുത്തത്. 17 പ്രതിപക്ഷ പാര്‍ട്ടികളാണ് യോഗത്തില്‍ പങ്കെടുത്തത്.
രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കാന്‍ മുന്നോട്ടുവരുന്ന ആരെയും കോണ്‍ഗ്രസ് സ്വാഗതം ചെയ്യുമെന്ന് പ്രസിഡന്റ് ഖാര്‍ഗെ പറഞ്ഞു. രാഹുലിനെ അയോഗ്യമാക്കിയ നടപടിയില്‍ പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നന്ദി. ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനും ജനങ്ങളെ സംരക്ഷിക്കാനും മുന്നിട്ടിറങ്ങുന്ന എല്ലാവരെയും സ്വാഗതം ചെയ്യുന്നുവെന്നും ഖാര്‍ഗെ പറഞ്ഞു.
കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി, ആര്‍എസ്പി നേതാവ് എന്‍ കെ പ്രേമചന്ദ്രന്‍, സിപിഐ നേതാവ് ബിനോയ് വിശ്വം എന്നിവര്‍ക്കുപുറമേ തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരും കറുത്ത വസ്ത്രമണിഞ്ഞെത്തി. തെലങ്കാന മുഖ്യമന്ത്രി കെചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള ഭാരത് രാഷ്ട്ര സമിതി, ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം) എന്നിവരും ‘കറുപ്പ്’ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു.
പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ലോക്‌സഭ നാലുമണിവരെയും രാജ്യസഭ രണ്ടുമണിവരെയും നിര്‍ത്തിവച്ചു. സഭാ നടപടികള്‍ മാന്യമായി മുന്നോട്ടു കൊണ്ടുപോകാനാണ് ആഗ്രഹിക്കുന്നതെന്ന് സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞു.