പാർട്ടി സജിക്കൊപ്പം; ഒരിക്കൽ രാജിവെച്ചു, ഇനി വേണ്ടെന്ന് സിപിഎം; അപ്പീലിന് സജി ചെറിയാൻ നീക്കം തുടങ്ങി

0
23

തിരുവനന്തപുരം : ഭരണഘടനയെ വിമർശിച്ചുളള പ്രസംഗത്തിൽ ഹൈക്കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും പാർട്ടി സജി ചെറിയാനൊപ്പം. ഒരിക്കൽ രാജിവെച്ച സാഹചര്യത്തിൽ ഇനി രാജിവേണ്ടെന്ന നിലപാടിലാണ് സിപിഎം. ഭരണഘടനയെ വിമർശിച്ചുളള പ്രസംഗത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നിർദ്ദേശിച്ച ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ നൽക്കാൻ മന്ത്രി സജി ചെറിയാൻ നീക്കം തുടങ്ങിയിട്ടുണ്ട്. തേർഡ് പാർട്ടി അപ്പീൽ നൽകാമെന്ന ഉപദേശമാണ് ഡയറക്ടർ ജനറൽ ഓഫ് പ്രൊസിക്യൂഷൻ നൽകിയത്. തന്റെ ഭാഗം കേൾക്കാതെയാണ് വിധിയെന്നാണ് സജി പറയുന്നത്. രാജി വെക്കില്ലെന്നാണ് സജി ചെറിയാന്റെ നിലപാട്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കാനാണ് യുഡിഎഫ് തീരുമാനം. മല്ലപ്പളളി പ്രസംഗത്തിൽ മന്ത്രി സജി ചെറിയാന് വലിയ തിരിച്ചടിയാണ് ഹൈക്കോടതിയിൽ നിന്നുണ്ടായത്. ഭരണഘടനയെ ആക്ഷേപിച്ച് പ്രസംഗിച്ചെന്ന കേസിൽ സജി ചെറിയാനെ കുറ്റവിമുക്തനാക്കിയ പൊലീസ് റിപ്പോർട്ട് റദ്ദാക്കിയ സിംഗിൾബെഞ്ച്, തുട‍രന്വേഷണത്തിന് ഉത്തരവിട്ടു. സംസ്ഥാന ക്രൈംബ്രാഞ്ചിലെ മിടുമിടുക്കനായ ഉദ്യോഗസ്ഥനെക്കൊണ്ട് ഡിജിപിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്നാണ് നിർദേശം.സംസ്ഥാന പൊലീസ് അന്വേഷണം അപൂർണമാണ്. അത് ശരിയായ വിധത്തിലുളളതായിരുന്നില്ല. വസ്തുതകളുടെ കൃത്യവും ശാസ്ത്രീയവുമായ പരിശോധന നടന്നില്ല. കേസ് അവസാനിപ്പിച്ചത് വേഗത്തിൽ ആയിപ്പോയി. പ്രസംഗത്തിന്‍റെ ഫൊറൻസിക് റിപ്പോ‍ർട്ട് വരും മുമ്പേ അന്വേഷണ ഉദ്യോഗസ്ഥൻ കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകിയത് ഒട്ടും ശരിയായില്ല. പ്രസംഗത്തിന്‍റെ ദൃശ്യവും ശബ്ദ സാന്പിളുകളുടെ ശരിയായ പരിശോധനയും റിപ്പോ‍ർട്ടിന്‍റെ ഭാഗമായില്ല. സാക്ഷി മൊഴികൾ പോലും കൃത്യമായി രേഖപ്പെടുത്തിയില്ല. പ്രസംഗം കേട്ട മാധ്യമ പ്രവർത്തകരുടെ മൊഴി രേഖപ്പെടുത്താൻ പോലും പൊലീസ് തയാറായില്ല. വസ്തുതകൾ പരിശോധിക്കാതെയുളള തികച്ചും അപക്വമായ അന്വേഷണമാണ് നടന്നത്. ഈ റിപ്പോ‍ർട്ട് അതേപടി സ്വീകരിച്ച തിരുവല്ല മജിസ്ട്രേറ്റ് കോടതിയുടെ നടപടിയും ഉചിതമായില്ലെന്നും കോടതി നിരീക്ഷിച്ചു. റിപ്പോർട്ട് അംഗീകരിച്ച മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് കൂടി റദ്ദാക്കിക്കൊണ്ടൈാണ് സംസ്ഥാന ക്രൈംബ്രാഞ്ചിനോട് അന്വേഷിക്കാൻ നിർദേശിച്ചത്.

Leave a Reply