Monday, October 7, 2024
HomeNewsKeralaപിണറായിയെയും ജയരാജനെയും വധിക്കാന്‍ സുധാകരന്‍ ഗൂഢാലോചന നടത്തി; പൊലീസ് ഹൈക്കോടതിയില്‍

പിണറായിയെയും ജയരാജനെയും വധിക്കാന്‍ സുധാകരന്‍ ഗൂഢാലോചന നടത്തി; പൊലീസ് ഹൈക്കോടതിയില്‍

കൊച്ചി: സിപിഎം നേതാക്കളായ പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, ഇപി ജയരാജന്‍ എന്നിവരെ വധിക്കാന്‍ 1995ല്‍ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ ഗൂഢാലോചന നടത്തിയെന്ന് പൊലീസ് ഹൈക്കോടതിയില്‍. ഇപി ജയരാജനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുധാകരന്‍ നല്‍കിയ ഹര്‍ജിയിലാണ് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത്. 2016 മുതല്‍ ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഹര്‍ജി ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ച് അന്തിമ വാദത്തിനായി ഈ മാസം 27ലേക്കു മാറ്റിയെന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സുധാകരന്റെ ഹര്‍ജിയില്‍ 2016 ഓഗസ്റ്റ് 10നാണ് പൊലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ മൂന്നു സിപിഎം നേതാക്കള്‍ക്കും എതിരെ സുധാകരന്‍ മറ്റുള്ളവരുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ജയരാജന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തമ്പാനൂര്‍ പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിണറായിയെയും കോടിയേരിയെയും സാക്ഷികളായാണ് ഉള്‍പ്പെടുത്തിയത്. 

ഇന്നലെ ഹര്‍ജി പരിഗണനയ്ക്കു വന്നപ്പോള്‍ കുറ്റപത്രത്തിലെ വിശദാംശങ്ങള്‍ ഗവ. പ്ലീഡര്‍ എസ് യു നാസര്‍ കോടതിയില്‍ വിവരിച്ചു. ഡിസിസി പ്രസിഡന്റും കണ്ണൂര്‍ എംഎല്‍എയും ആയിരുന്ന സുധാകരനും തലശ്ശേരിയിലെ രാജീവനും രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ മൂന്നു സിപിഎം നേതാക്കളെയും ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. തൈക്കാട് ഗസ്റ്റ് ഹൗസ്, തമ്പാനൂരിലെ ലോഡ്ജുകള്‍, ഡല്‍ഹി കേരള ഹൗസ് എന്നിവിടങ്ങളില്‍ വച്ചായിരുന്നു ഗൂഢാലോചന. പഞ്ചാബിലെ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് ജയരാജന്‍ മടങ്ങുമ്പോള്‍ കേരളത്തിനു പുറത്തുവച്ച് കൃത്യം നടപ്പാക്കാനായിരുന്നു പദ്ധതി. ഇതിനായി നാലാം പ്രതി ശശിയും അഞ്ചാം പ്രതി പികെ ദിനേശനും ഡല്‍ഹിയില്‍നിന്ന് രാജധാനി എക്‌സ്പ്രസില്‍ കയറി. ആന്ധ്രപ്രദേശിലെ ചിരാല സ്റ്റേഷന് അടുത്ത് എത്തിയപ്പോള്‍ അഞ്ചാം പ്രതി ജയരാജനു നേരെ രണ്ടു തവണ നിറയൊഴിച്ചു. കഴുത്തില്‍ വെടികൊണ്ട ജയരാജനു ഗുരുതരമായി പരിക്കേറ്റു. 

നാലാം പ്രതി ശശി കുറ്റപത്രം സമര്‍പ്പിച്ചതിനു പിന്നാലെ മരിച്ചു. രണ്ടാം പ്രതിയായിരുന്ന സിഎംപി നേതാവ് എംവി രാഘവന്‍ അന്വേഷണം നടക്കുന്നതിനിടെയും അന്തരിച്ചു. ജയരാജന് എതിരായ ആക്രമണത്തില്‍ റെയില്‍വേ പൊലീസും കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു. ആന്ധ്രയിലെ ഓങ്കോള്‍ സെഷന്‍സ് കോടതി ദിനേശനെ ക്രിമിനല്‍ ഗൂഢാലോചന, കൊലപാതക ശ്രമ കേസുകളില്‍നിന്ന് ഒഴിവാക്കിയിരുന്നു. അതിനാല്‍ തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ സുധാകരനും മൂന്നാം പ്രതി രാജീവനും എതിരെയുള്ള വിചാരണയാണ് നടക്കാനുള്ളത്. ഇതിനിടെയാണ് സുധാകരന്‍ കേസ് റദ്ദാക്കാനായി ഹൈക്കോടതിയെ സമീപിച്ചത്. 

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments