Sunday, October 6, 2024
HomeNewsKeralaപിണറായിലെ കൂട്ടക്കൊല, സൗമ്യയുടെ ഭര്‍ത്താവ് കിഷോര്‍ പിടിയില്‍: ഇളയമകള്‍ മരണപ്പെടുമ്പോള്‍ കിഷോര്‍ സൗമ്യയ്‌ക്കൊപ്പമുണ്ടായിരുന്നെന്ന് പോലീസ്,കൂടുതല്‍...

പിണറായിലെ കൂട്ടക്കൊല, സൗമ്യയുടെ ഭര്‍ത്താവ് കിഷോര്‍ പിടിയില്‍: ഇളയമകള്‍ മരണപ്പെടുമ്പോള്‍ കിഷോര്‍ സൗമ്യയ്‌ക്കൊപ്പമുണ്ടായിരുന്നെന്ന് പോലീസ്,കൂടുതല്‍ തെളിവുകള്‍ പുറത്ത്

കണ്ണൂര്‍: പിണറായിയില്‍ മാതാപിതാക്കളെയും മകളെയും കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ സൗമ്യയുടെ ഭര്‍ത്താവ് കിഷോറിനെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. സൗമ്യയെ ഉപേക്ഷിച്ച് 2012ല്‍ നാടുവിട്ട കൊല്ലം സ്വദേശി കിഷോറിനെ അന്വേഷണ സംഘം കൊടുങ്ങല്ലൂരില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്.

കസ്റ്റഡിയിലെടുത്ത കിഷോറിനെ തലശ്ശേരിയിലെത്തിച്ച് അന്വേഷണസംഘം ചോദ്യം ചെയ്യും. കൊടുങ്ങല്ലൂരില്‍ കിഷോര്‍ കൂലിവേല ചെയതുജീവിക്കുകയാണെന്നും പൊലീസ് പറഞ്ഞു. ഇവരുടെ ഇളയമകള്‍ ഒന്നര വയസുകാരി കീര്‍ത്തന മരണപ്പെടുമ്പോള്‍ കിഷോര്‍ സൗമ്യയോടൊപ്പം കഴിയുന്നുണ്ടായിരുന്നു. ഈ കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ടും സൗമ്യയുടെ പൂര്‍വകാല ജീവിതത്തെ കുറിച്ചും അറിയാനാണ് കിഷോറിനെ കസ്റ്റഡിയിലെടുത്തതെന്നാണ് സൂചന

പിതാവ് കുഞ്ഞിക്കണ്ണന്‍, മാതാവ് കമല, മൂത്തമകള്‍ ഐശ്വര്യ എന്നിവരെ എലിവിഷം നല്കി കൊലപ്പെടുത്തിയ കേസിലാണ് സൗമ്യയെ പൊലീസ് അറസ്റ്റുചെയ്തിരിക്കുന്നത്. കഴിഞ്ഞ നാലുമാസത്തിനിടയിലാണ് മൂന്നുപേരും മരിച്ചത്. മരണത്തില്‍ ദുരൂഹത തോന്നി നാട്ടുകാര്‍ രംഗത്തെത്തിയതോടെയാണ് പൊലീസ് അന്വേഷിച്ച് കൊലപാതകമാണെന്ന് കണ്ടെത്തിയത്. കുഞ്ഞിക്കണ്ണനും കമലയും ഐശ്വര്യയും മരിച്ചത് താന്‍ എലിവിഷം ഭക്ഷണത്തില്‍ കലര്‍ത്തി നല്കിയതിന് ശേഷമാണെന്ന് സൗമ്യ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇളയമകള്‍ കീര്‍ത്തനയുടെ മരണം സ്വാഭാവികമരണമാണെന്നുമായിരുന്നു ചോദ്യം ചെയ്യലിനിടെ സൗമ്യയുടെ മൊഴി. ഇക്കാര്യം പൊലീസ് വിശ്വസിച്ചിട്ടില്ല. ആറുവര്‍ഷം മുമ്പ് മരിച്ച കീര്‍ത്തനയുടെ മരണം ശാസ്ത്രീയമായി അന്വേഷിച്ച് വസ്തുത കണ്ടെത്തുക പ്രയാസമാണെന്നതിനാലാണ് കിഷോറിനെ ചോദ്യം ചെയ്യുന്നത്. മൂന്നുപേര്‍ മരിച്ച അതേ ലക്ഷണത്തോടെയായിരുന്നു കീര്‍ത്തനയുടെ മരണമെന്ന് ബന്ധുക്കളില്‍ നിന്ന് അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല, കിഷോര്‍ കീര്‍ത്തനയുടെ ജനനത്തില്‍ സൗമ്യയെ സംശയിച്ചിരുന്നതായി സൗമ്യയുടെ മൊഴികളിലുണ്ട്. ഇതേതുടര്‍ന്ന് ഇരുവരും വഴക്കിടുകയും സൗമ്യയെ കിഷോര്‍ എലിവിഷം നല്കി കൊലപ്പെടുത്താന്‍ ശ്രമിച്ചതായും പറയുന്നുണ്ട്. ഇതാണ് കീര്‍ത്തനയുടെ മരണവും കൊലപാതകമാണോ എന്ന സംശയത്തിലേക്ക് പൊലീസിനെ എത്തിച്ചത്.

കൂട്ട കൊലപാതകത്തില്‍ തന്റെ കാമുകന്മാര്‍ ഉള്‍പ്പെടെ മറ്റാര്‍ക്കും പങ്കില്ലെന്നാണ് ചോദ്യം ചെയ്യലില്‍ സൗമ്യ ആവര്‍ത്തിച്ച് വ്യക്തമാക്കിയത്. ഇത് പൊലീസിനെയും കുഴക്കുന്നുണ്ട്. ഇത്രയും ക്രൂരമായ സംഭവം നടന്നിട്ടും മൂന്ന് കാമുകന്മാരോടും പറയുകയോ അവര്‍ അറിയുകയോ ചെയ്തില്ലെന്നത് വിശ്വസിക്കാന്‍ അന്വേഷണ സംഘം തയ്യാറായിട്ടില്ല. കൊലയുമായി ബന്ധപ്പെട്ട് പൊലീസ് ഇതേവരെ അമ്പതോളം പേരെ ചോദ്യം ചെയ്ത് കഴിഞ്ഞു. കൊലപാതകങ്ങള്‍ക്ക് മുമ്പും ശേഷവും സൗമ്യ ഒരു കാമുകനുമായി മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും വിവരമുണ്ട്. എന്നാല്‍ കാമുകന്മാരെ ചോദ്യംചെയ്തതില്‍ നിന്ന് കാര്യമായ ഒരു വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. ക്രൈംബ്രാഞ്ചിന് കേസ് ഇതേവരെ കൈമാറിയിട്ടില്ലെങ്കിലും ക്രൈംബ്രാഞ്ച് സംഘം ഇന്ന് വൈകുന്നേരം സൗമ്യയെ ചോദ്യം ചെയ്യുന്നുണ്ട്. ഇരിട്ടി സ്വദേശിയായ സ്ത്രീയാണ് തന്നെ അനാശാസ്യ രംഗത്തേക്ക് ഇറക്കിയതെന്ന് സൗമ്യ വെളിപ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ പേര്‍ സൗമ്യയ്ക്ക് അരികിലെത്തിയെന്നും പറയുന്നു. ഇവര്‍ക്കൊന്നും കൊലപാതകത്തെ കുറിച്ച് ഒരു വിവരവും ഉണ്ടായില്ലെന്ന് വരുമ്പോള്‍ ഇതുസംബന്ധിച്ച വിശദമായ അന്വേഷണം ആവശ്യമാണെന്നതിനാലാണ് കൈംബ്രാഞ്ച് ഇടപെടുന്നത്. നാലുദിവസത്തേക്കാണ് സൗമ്യയെ കോടതി ചൊവ്വാഴ്ച പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments