കണ്ണൂര്‍ : പിണറായിയില്‍ മാതാപിതാക്കളെയും കുട്ടിയെയും വിഷം നല്‍കി കൊലപ്പെടുത്തിയ കേസിലെ പ്രതി പടന്നക്കര വണ്ണത്താംവീട്ടില്‍ സൗമ്യയുടെ മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചു. കൊലപാതകത്തില്‍ ഇവരുടെ പങ്ക് അന്തിമമായി പരിശോധിക്കുന്നതിന് വേണ്ടിയാണിത്. മകള്‍ ഐശ്വര്യയ്ക്ക് നല്‍കിയ എലിവിഷം വാങ്ങിയ ഡപ്പി മുറിയിലിരുന്നു പരിശോധിക്കുമ്പോള്‍ കാമുകന്‍ കണ്ടെന്ന് സൗമ്യ പൊലീസിനോട് വെളിപ്പെടുത്തി.
അവശേഷിക്കുന്ന എലിവിഷത്തോടൊപ്പം ഈ ഡപ്പി ബലംപ്രയോഗിച്ചു വാങ്ങി കാമുകന്‍ വീടിന്റെ മൂലയില്‍ കളയുകയായിരുന്നു. സൗമ്യയുടെ വീട്ടില്‍ നടത്തിയ തെളിവെടുപ്പില്‍ വിഷം വാങ്ങിയ കുപ്പി കാമുകന്റെ സാന്നിധ്യത്തില്‍ വീട്ടു പരിസരത്തു നിന്നു കണ്ടെത്തിയതായി പൊലീസ് കോടതിയെ അറിയിച്ചു. അതേസമയം കൊലപാതകത്തില്‍ പങ്കില്ലെന്ന സൂചനകളെത്തുടര്‍ന്ന്, സൗമ്യയുടെ മുന്‍ ഭര്‍ത്താവിനെയും നാലു കാമുകന്‍മാരെയും പൊലീസ് വിട്ടയച്ചു.
തലശ്ശേരി ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ടിന്റെ ചേംബറില്‍ എത്തിച്ച സൗമ്യയെ കോടതി മേയ് എട്ടു വരെ റിമാന്‍ഡ് ചെയ്ത് കണ്ണൂര്‍ വനിതാ സബ് ജയിലിലേക്ക് അയച്ചു. ാതാപിതാക്കളായ കമലയെയും കുഞ്ഞിക്കണ്ണനെയും ഭക്ഷണത്തില്‍ വിഷം നല്‍കി കൊലപ്പെടുത്തിയ കേസിലാണ് റിമാന്‍ഡ് ചെയ്തത്. മൂത്ത മകള്‍ ഐശ്വര്യയെ കൊലപ്പെടുത്തിയ സംഭവത്തില്‍ സൗമ്യയുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. അറസ്റ്റ് രേഖപ്പെടുത്താന്‍ തിങ്കളാഴ്ച കോടതിയില്‍ അപേക്ഷ നല്‍കും. കോടതി അനുമതിയോടെ വനിതാ ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്താനാണ് പൊലീസ് തീരുമാനം.
പിണറായി പടന്നക്കര വണ്ണത്താംവീട്ടില്‍ കമല(65), കുഞ്ഞിക്കണ്ണന്‍(80), ഐശ്വര്യ(ഒന്‍പത്) എന്നിവര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവം കൊലപാതകമാണെന്നു തെളിഞ്ഞതിനെ തുടര്‍ന്നാണ് കഴിഞ്ഞ മാസം 24 ന് സൗമ്യയെ തലശ്ശേരി സിഐ കെ.ഇ.പ്രേമചന്ദ്രന്‍ അറസ്റ്റ് ചെയ്തത്.