പി.കെ.ശ്രീമതിയെ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. എകെജി സെൻറർ ആക്രമണത്തെക്കുറിച്ചുള്ള ശ്രീമതിയുടെ പരാമർശത്തെയാണ് വിമർശിച്ചത്. പ്രസ്താവനകളിൽ സ്ത്രീവിരുദ്ധതയുണ്ടെങ്കിൽ പിൻവലിക്കാൻ മടിയില്ലെന്നും അദ്ദേഹം പറഞ്ഞു. എകെജി സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട് പി.കെ.ശ്രീമതിക്കെതിരെ നടത്തിയ ‘കിടുങ്ങാക്ഷിയമ്മ’ പരാമർശം വിവാദമായ സാഹചര്യത്തിലാണ് സതീശന്റെ പ്രതികരണം. സിപിഐ നേതാവ് ആനി രാജ ഉൾപ്പെടെയുള്ളവർ വിമർശനവുമായി രംഗത്തെത്തിയിരുന്നു.’എകെജി സെന്ററിലേക്കുള്ള പടക്കമേറിനു തൊട്ടുപിന്നാലെ അത് കോൺഗ്രസുകാർ ചെയ്തതാണെന്ന് ഇ.പി.ജയരാജൻ പറഞ്ഞതും ഇടിവെട്ടിനേക്കാൾ വലിയ ശബ്ദമുണ്ടായെന്നും കിടുങ്ങിപ്പോയെന്നും പി.കെ.ശ്രീമതി പറഞ്ഞതുമാണ് മല്ലപ്പള്ളിയിലെ പ്രസംഗത്തിൽ പരാമർശിച്ചത്. ഇ.പി.ജയരാജന്റെയും പി.കെ.ശ്രീമതിയുടേയും വാക്കുകൾ കലാപത്തിനുള്ള ആഹ്വാനമായിരുന്നു. അത് തെറ്റായിപ്പോയെന്നാണ് പ്രസംഗത്തിൽ പറഞ്ഞത്.’ സതീശൻ പറഞ്ഞു.’അവരെ വേദനിപ്പിക്കുന്ന എന്തെങ്കിലും പരാമർശം നടത്തിയിട്ടുണ്ടെങ്കിൽ അത് ഞാൻ തീർച്ചയായും പിൻവലിക്കും. മാപ്പു പറയുകയും ചെയ്യും. അത് ഞങ്ങൾ കൈക്കൊണ്ടിരിക്കുന്ന തീരുമാനമാണ്. ഞങ്ങൾ ആരെങ്കിലും സംസാരിക്കുമ്പോൾ സ്ത്രീവിരുദ്ധമായ പരാമർശം നടത്തുകയോ വ്യക്തിപരമായി ആക്ഷേപിക്കുകയോ ചെയ്താൽ നിരുപാധികം പ്രസ്താവന പിൻവലിച്ച് മാപ്പു പറയുമെന്നാണ് തീരുമാനം. അതിലൊന്നും മാറ്റമില്ല’ വി.ഡി.സതീശൻ പറഞ്ഞു.