തിരുവനന്തപുരം: സ്ത്രീസുരക്ഷയെപ്പറ്റിയും നവോത്ഥാനത്തെപ്പറ്റിയും പറയുന്ന സി.പി.എമ്മിന് ബിനോയ് കോടിയേരിക്കെതിരായ ആരോപണത്തെ കുറിച്ച് അന്വേഷിക്കാന്‍ ധാര്‍മ്മിക ഉത്തരവാദിത്വമുണ്ടെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ജന്മദിനാഘോഷങ്ങള്‍ക്ക് ശേഷം തിരുവനന്തപുരം ഡി സി സിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം. സദാചാരത്തെ കുറിച്ച് നിരന്തരം പറയുന്ന സി.പി.എം നേതാക്കള്‍ ഈ സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറാകണം. കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ മക്കള്‍ക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അന്നതെല്ലാം പരവതാനിക്കുള്ളില്‍ മറയ്ക്കപ്പെട്ടുവെന്നും മുല്ലപ്പള്ളി പരിഹസിച്ചു. ബിനോയ് കോടിയേരിക്കെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണത്തെ സംബന്ധിച്ച് സമഗ്രവും സത്യസന്ധവുമായ അന്വേഷണം നടത്തണം. ഇത് ഒരു സ്വകാര്യപ്രശ്‌നം മാത്രമല്ല. സ്ത്രീ പീഡിപ്പിക്കപ്പെടേണ്ടവളല്ല. കുറ്റക്കാരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ കര്‍ശന നടപടി സ്വീകരിക്കണം. കേരള കോണ്‍ഗ്രസ് വിഷയത്തില്‍ സമവായ സാധ്യതകള്‍ അടഞ്ഞില്ലെന്നും പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്നും മുല്ലപ്പള്ളി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കി. കേരള കോണ്‍ഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ട് പോകേണ്ടത് യു.ഡി.എഫിന്റെ ആവശ്യമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.