പുതുനൂറ്റാണ്ടിന്റെ തുടക്കം, പുതുവര്‍ഷത്തിന്റേയും; ചിങ്ങത്തെ വരവേറ്റ് കേരളം

0
16

കേരളത്തിന്റെ പുതുവര്‍ഷത്തിന് തുടക്കമിട്ട് ഇന്ന് ചിങ്ങം ഒന്ന്. ഇത്തവണ മറ്റൊരു പ്രത്യേകതകൂടിയുണ്ട്. പുതിയനൂറ്റാണ്ടിന്റെ കൂടി തുടക്കമാകുകയാണ് ഇന്ന്. കൊല്ലവര്‍ഷം 1200ലേക്ക് കടക്കുകയാണ്. അതായത് പതിമൂന്നാം നൂറ്റാണ്ടിലേക്ക് കടക്കുകയാണ് കേരളത്തിന് കര്‍ഷക ദിനം കൂടിയാണ് ചിങ്ങം ഒന്ന്.

കാര്‍ഷിക സംസ്‌കാരത്തിന്റെയും ഓണക്കാലത്തിന്റേയും ഗൃഹാതുര സ്മരണകളാണ് ഓരോ മലയാളിയുടേയും മനസ്സില്‍ ചിങ്ങമാസം ഉണര്‍ത്തുന്നത്. തോരാമഴയുടേയും വറുതിയുടേയും മാസമായ കര്‍ക്കടകം കഴിഞ്ഞെത്തുന്ന ചിങ്ങപ്പുലരി കര്‍ക്കടത്തിലെ കഷ്ടതകള്‍ മറക്കാനുള്ള പ്രചോദനം കൂടിയാണ്. കാണം വിറ്റും ഓണം ഉണ്ണാന്‍ നാടും വീടും ഒരുങ്ങുന്ന ദിവസങ്ങള്‍ക്ക് തുടക്കമാകുകയാണ്. തുമ്പയും മുക്കൂറ്റിയും കണ്ണാന്തളിയും പൂവിടുന്ന തൊടിയും പറമ്പും. സ്വര്‍ണവര്‍ണമുള്ള നെല്‍ക്കതിരുകള്‍ പച്ചപ്പാടങ്ങള്‍ക്ക് ശോഭപകരുന്നു. മഴക്കോളുമാറി മാനം തെളിയുന്ന ദിവസങ്ങളാണ് ചിങ്ങത്തിലുണ്ടാകുക.

വര്‍ഷം മുഴുവനും മറ്റുള്ളവര്‍ക്കുവേണ്ടി അധ്വാനിക്കുന്ന കര്‍ഷകനായി കൊണ്ടാടപ്പെടുന്ന ദിനം കൂടിയാണിത്. ചിങ്ങം മതല്‍ കര്‍ക്കിടകം വരെ 28 മുതല്‍ 32 വരെ ദിവസങ്ങള്‍ ഉണ്ടാകാവുന്ന പന്ത്രണ്ട് മാസങ്ങളായാണ് കൊല്ലവര്‍ഷത്തെ തിരിച്ചിരിക്കുന്നത്. സൗരരാശിയുടെ അടിസ്ഥാനത്തിലാണ് മാസത്തിലെ ദിവസങ്ങളുടെ എണ്ണം. പ്രതീക്ഷയുടെ ചിങ്ങപ്പുലരിയില്‍ കൊല്ലവര്‍ഷത്തിലെ ഒരുപുതിയ നൂറ്റാണ്ടിന് കൂടി തുടക്കമാകുകയാണ്.

Leave a Reply