പൂരങ്ങളുടെ പൂരത്തിന് ഇന്ന് തുടക്കം, ആവേശക്കൊടുമുടിയില്‍ തൃശൂര്‍

0
21

തൃശൂര്‍ പൂരത്തിന്റെ ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും. നെയ്തലക്കാവിലമ്മ തെക്കേഗോപുരനട തുറക്കുന്നതോടെയാണ് ചടങ്ങുകള്‍ തുടങ്ങുക. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ് ഇത്തവണയും നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റുക.

പൂരം വരവ് ശംഖ് വിളിച്ച് വിളംബരം ചെയ്ത് നെയ്തലക്കാവിലമ്മ തെക്കേഗോപുര നടതുറക്കാന്‍ ഇന്നെത്തും. 11.30ഓടെ തെക്കേ ഗോപുരനട തുറക്കുന്നതോടെ 36 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന പൂരത്തിന് തുടക്കമാകും. ചെറുപൂരങ്ങള്‍ക്ക് വടക്കുന്നാഥക്ഷേത്രത്തില്‍ പ്രവേശിക്കാനുള്ള അനുവാദം വാങ്ങാനാണ് നെയ്തിലക്കാവമ്മ എഴുന്നള്ളുന്നതെന്നാണ് സങ്കല്‍പം.

നാളെ രാവിലെ കണിമംഗലം ശാസ്താവ് തെക്കെ ഗോപുരനട വഴി ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതോടെയാണ് പൂരദിവസ ചടങ്ങുകള്‍ തുടങ്ങുക. ഉച്ചയ്ക്ക് ഒരുമണിക്ക് മുമ്പായി മറ്റ് ഏഴ് ചെറുപൂരങ്ങളും ക്ഷേത്രത്തിനകത്ത് പ്രവേശിക്കും. ഉച്ചക്ക് ശേഷമാണ് തൃശൂര്‍ പൂരത്തിന് പകിട്ടേകുന്ന ആഘോഷങ്ങള്‍. തിരുവമ്പാടിയുടെ മഠത്തില്‍ വരവിനുള്ള പഞ്ചവാദ്യവും പാറമേക്കാവിന്റെ ഇലഞ്ഞിത്തറമേളവും തെക്കോട്ടിറക്കവും പിന്നെ കുടമാറ്റവും. ഒടുവില്‍ ആവേശമായി വെടിക്കെട്ടും.

Leave a Reply