പൂരങ്ങളുടെ പൂരത്തിന് പൂരപ്രേമികള്‍ തൃശൂരിലേക്ക് ഒഴുകുന്നു, ആഘോഷപൂരം തുടങ്ങി

0
33

തൃശൂര്‍: ഇന്ന് കണ്ണും കാതും തൃശൂരിലേക്ക്. ആഘോഷപ്പൂരത്തിന്റെ ലഹരി ആസ്വദിക്കാന്‍ പൂരപ്രേമികള്‍ തൃശൂരിലേക്ക് ഒഴുകിത്തുടങ്ങി. രാവിലെ ഏഴുമണിയോടെ കണിമംഗലം ശാസ്താവ് പൂരപ്പറമ്പിലെഴുന്നള്ളിയതോടെയാണ് പൂരത്തിന് വിളിച്ചുണര്‍ത്തായത്. ഇതോടെ ഘടകപൂരങ്ങളുടെ വരവ് തുടങ്ങി.

11നു പഴയ നടക്കാവില്‍ മഠത്തില്‍ വരവ് പഞ്ചവാദ്യത്തിനു കോങ്ങാട് മധുവാണ് പ്രമാണി. 12.30നു പാറമേക്കാവ് അമ്പലത്തിനു മുന്നില്‍ ഭഗവതിയെ പുറത്തേക്കെഴുന്നള്ളിക്കുന്ന ചടങ്ങിനൊപ്പം പെരുവനം കുട്ടന്‍മാരാരുടെ ചെമ്പടമേളം.

തുടര്‍ന്നു രണ്ടുമണിയോടെ വടക്കുന്നാഥ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലെ ഇലഞ്ഞിത്തറയില്‍ ലോകപ്രശസ്തമായ ഇലഞ്ഞിത്തറമേളം. 2.45നു ശ്രീമൂലസ്ഥാനത്തു കിഴക്കൂട്ട് അനിയന്‍മാരാരുടെ പ്രമാണത്തില്‍ തിരുവമ്പാടിയുടെ പാണ്ടിമേളം അരങ്ങേറും. വൈകിട്ട് 5.30 നു തെക്കേഗോപുരനടയില്‍ വിശ്വപ്രസിദ്ധമായ കുടമാറ്റം.

പരസ്പരം അഭിമുഖമായി നില്‍ക്കുന്ന ഇരുവിഭാഗത്തിന്റെയും 15 വീതം ഗജവീരന്മാരുടെ മുകളില്‍ വര്‍ണക്കുടകളും സ്‌പെഷല്‍ കുടകളും വിരിയും.രാത്രി 11 നു പാറമേക്കാവ് വിഭാഗത്തിന്റെ പഞ്ചവാദ്യത്തിനു പരയ്ക്കാട് തങ്കപ്പന്‍ മാരാര്‍ പ്രമാണിയാകും. തുടര്‍ന്നു പുലര്‍ച്ചെ മൂന്നിനു പൂരവെടിക്കെട്ട്. നാളെ രാവിലെ ഒന്‍പതിനു ശ്രീമൂല സ്ഥാനത്ത് പൂരം വിടചൊല്ലിപ്പിരിയും.

Leave a Reply