തൃശ്ശൂർ:പെട്രോൾപമ്പ് ഉടമ മനോഹരനെ കൊലപ്പെടുത്തിയ സംഘം ഒരുക്കിയത് അപകടനാടകമെന്ന് പോലീസ്. മനോഹരൻ സ്ഥിരമായി പോകുന്ന വഴി നിരീക്ഷിച്ചാണ് പ്രതികൾ മനോഹരനെ പിടികൂടിയത്. പെട്രോൾ പമ്പിൽനിന്ന് വീട്ടിലേക്കുള്ള വഴിയിൽ ഇടുങ്ങിയ സ്ഥലത്ത് മൂന്നു പ്രതികളും ഒരു ബൈക്കുമായി ഒളിച്ചുനിന്നു.
മനോഹരൻ കാറുമായി എത്തിയപ്പോൾ ബൈക്കിൽ വേഗത്തിൽ എത്തിയ സംഘം കാറിന്റെ പിന്നിൽ ഇടിച്ചു. ശബ്ദംകേട്ട് മനോഹരൻ പുറത്തിറങ്ങിയപ്പോൾ അപകടംപറ്റിയ രീതിയിൽ ഒന്നാം പ്രതി അനസ് നിലത്തുകിടന്നു. എന്തുപറ്റിയെന്ന് ചോദിച്ച് സഹായിക്കാനെത്തിയ മനോഹരനെ സ്റ്റിയോ,അൻസാർ എന്നിവർ ചേർന്ന് കീഴ്പ്പെടുത്തി കാറിന്റെ പിൻസീറ്റിലേക്ക് ഇട്ടു. രണ്ട് പ്രതികൾ കാറിൽ കയറി. മറ്റെയാൾ ബൈക്കിൽ മുന്നിൽപോയി. ശബ്ദമുണ്ടാക്കാതിരിക്കാൻ മനോഹരന്റെ വായ് സെലോടേപ്പുകൊണ്ട് കെട്ടി. കൈകൾ പിന്നിൽ ചേർത്തും കെട്ടി.
ബൈക്ക് ഒരിടത്ത് സുരക്ഷിതമായി വെച്ച് മൂന്നാമനും കാറിൽ കയറി. കാറിൽ പറവൂർ വഴി കൊച്ചി ഭാഗത്തേക്കാണ് പോയത്. പണം എവിടെയെന്ന് ചോദിച്ച് മർദിച്ചു. പണം ഇല്ലെന്ന് പറഞ്ഞത് നുണയാണെന്ന് കരുതി രണ്ടുമണിക്കൂറോളം മർദനം തുടർന്നു. ഇതോടെ മനോഹരൻ അവശനായി. സംഘത്തിലൊരാൾ കൈയിലുണ്ടായിരുന്ന കൈത്തോക്കുകൊണ്ട് വെടിവെച്ചു. വെടിയൊച്ച കേട്ട് മനോഹരൻ ബോധരഹിതനായി. വായും മൂക്കും ചേർത്ത് സെലോടേപ്പുകൊണ്ട് മുറുക്കിക്കെട്ടിയതോടെയാണ് മനോഹരൻ മരിച്ചത്. ഇതിനിടെ കൃത്രിമശ്വാസോശ്വാസം നൽകാനും സംഘം ശ്രമിച്ചു. എവിടേയ്ക്ക് പോകണമെന്നറിയാതെ പരിഭ്രാന്തരായി. മനോഹരന്റെ മൃതദേഹം കായലിലോ കടലിലോ ഉപേക്ഷിക്കാനായിരുന്നു പദ്ധതിയെങ്കിലും കഴിഞ്ഞില്ല. തുടർന്ന് ചാലക്കുടി വഴി ടോൾപ്ലാസയിലെത്താതെ കുറുക്കുവഴിയിലൂടെ തൃശ്ശൂർ എത്തി ഗുരുവായൂരിലേക്ക് പുറപ്പെട്ടു. പുലർച്ചയോടെ ഗുരുവായൂരിലെത്തിയ സംഘം ആളൊഴിഞ്ഞയിടത്ത് റോഡിൽ മൃതദേഹം ഉപേക്ഷിച്ച് പെരിന്തൽമണ്ണയിലേക്ക് പുറപ്പെട്ടു. പോകുംവഴിയാണ് വളാഞ്ചേരിക്കപ്പുറത്ത് കാറിന്റെ നമ്പർ പ്ലേറ്റ് ഊരി മാറ്റിയത്. പ്രതിദിന കളക്ഷൻ അഞ്ചുലക്ഷം രൂപയോളം കൈയിലുണ്ടാകുമെന്ന് കരുതിയാണ് പ്രതികൾ മനോഹരനെ തട്ടികൊണ്ടുപോകാൻ പദ്ധതി ഇട്ടത്. എന്നാൽ, മനോഹരന്റെ കൈയിലോ കാറിലോ പണമൊന്നും ഉണ്ടായിരുന്നില്ല.
നിർണായകമായത് കാറ്ററിങ് സ്ഥാപന ഉടമയുടെ മൊഴി
തൃശ്ശൂർ: മനോഹരൻ വധക്കേസിൽ നിർണായകമായത് കാറ്ററിങ് സ്ഥാപന ഉടമയുടെ മൊഴി. മനോഹരന്റെ വീടിന് അല്പം അകലെ താമസിക്കുന്ന കാറ്ററിങ് സ്ഥാപന ഉടമ രാത്രി ജോലി കഴിഞ്ഞ് എത്തിയപ്പോൾ മനോഹരന്റെ കാർ അതിവേഗത്തിൽ പോകുന്നത് കണ്ടു. തൊട്ടുമുന്നിൽ ഒരു ബൈക്കും ചീറിപ്പായുന്നുണ്ടായിരുന്നു. സാധാരണ മനോഹരന്റെ കാർ വേഗത്തിൽ പോകാറില്ല. മനോഹരന്റെ വീടിന് അടുത്തുള്ള തൊഴിലാളിയെ അവിടെ ഇറക്കിയശേഷമാണ് കാറ്ററിങ് ഉടമ സ്വന്തം വീട്ടിലെത്തിയത്. രാത്രി ഒരുമണിയോടെയായിരുന്നു അത്. അപ്പോഴാണ് സ്ഥിരമായി അതുവഴി പോകാറുള്ള മനോഹരന്റെ കാർ കണ്ടത്. മനോഹരനെ കാണാതായ വിവരം പിറ്റേന്ന് രാവിലെ കാറ്ററിങ് തൊഴിലാളി പറഞ്ഞാണ് കാറ്ററിങ് ഉടമ അറിയുന്നത്. കാർ വേഗത്തിൽ പോയ കാര്യം ഉടനെ പോലീസിനെ അറിയിച്ചു.