Monday, January 20, 2025
HomeNewsKeralaപൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു; മരണത്തില്‍ ഉത്തരവാദി സിപിഐഎം നഗരസഭാംഗം സജികുമാറെന്ന് മരിച്ച ദമ്പതികളുടെ ആത്മഹത്യാ കുറിപ്പ്;...

പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു; മരണത്തില്‍ ഉത്തരവാദി സിപിഐഎം നഗരസഭാംഗം സജികുമാറെന്ന് മരിച്ച ദമ്പതികളുടെ ആത്മഹത്യാ കുറിപ്പ്; ചങ്ങനാശേരി താലൂക്കില്‍ ഇന്ന് ഹര്‍ത്താല്‍

ചങ്ങനാശേരി: മരണത്തില്‍ ഉത്തരവാദി സജികുമാറെന്ന് ചങ്ങനാശേരിയില്‍ മരിച്ച ദമ്പതികളുടെ ആത്മഹത്യാ കുറിപ്പ്. സ്വര്‍ണ്ണപ്പണിക്കാരായ ചങ്ങനാശേരി പുഴവാത് ഇടവളഞ്ഞിയില്‍ സുനില്‍ കുമാര്‍, ഭാര്യ രേഷ്മ എന്നിവരാണ് ആത്മഹത്യ ചെയ്തത്. ചങ്ങനാശ്ശേരി നഗരസഭാംഗവും സിപിഐഎം ലോക്കല്‍കമ്മിറ്റി അംഗവുമായ സജി കുമാറിന്റെ പരാതിയിലാണ് മോഷണക്കുറ്റത്തിന് ഇവരെ പൊലീസ് ചോദ്യംചെയ്തത്. സ്വര്‍ണ്ണത്തില്‍ തൂക്കക്കുറവുണ്ടായെന്ന പരാതിയിലാണ് പൊലീസ് ഇവരെ വിളിച്ചുവരുത്തിയത്. ഇതിന് ശേഷം ഇവര്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.

തങ്ങളുടെ മരണത്തിന് കാരണം സജികുമാറെന്നാണ് ഇവരുടെ ആത്മഹത്യാ കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്.  600 ഗ്രാം സ്വര്‍ണം നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് പരാതി. ഇതില്‍ 100 ഗ്രാം എടുത്തിട്ടുണ്ട്. ബാക്കി സ്വര്‍ണം സജികുമാര്‍ വീടുപണിക്കായി വിറ്റതാണ്. മുഴുവന്‍ ഉത്തരവാദിത്വവും ഞങ്ങളുടെ തലയില്‍ കെട്ടിവെച്ചു. പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു. എട്ട് ലക്ഷം നല്‍കണമെന്ന് എഴുതിവാങ്ങി. അത് നല്‍കാന്‍ മാര്‍ഗമില്ലാത്തതിനാല്‍ മരിക്കുന്നുവെന്ന് കത്തില്‍ പറയുന്നു. സുനില്‍കുമാറിന്റെ ഭാര്യ രേഷ്മയുടേതാണ് ആത്മഹത്യാ കുറിപ്പ്.

അതേസമയം ദമ്പതികള്‍ മരിച്ച സംഭവത്തില്‍ ചങ്ങനാശ്ശേരി എസ്‌ഐ ഷമീര്‍ഖാനെ സ്ഥലംമാറ്റി. ജില്ലാ പൊലീസ് ആസ്ഥാനത്തേക്കാണ് സ്ഥലംമാറ്റം.

സജി കുമാറിന്റെ വീട്ടില്‍ സ്വര്‍ണപ്പണിക്കാരനായിരുന്നു സുനില്‍ കുമാര്‍. സജികുമാര്‍ നിര്‍മ്മിച്ച് നല്‍കാന്‍ ഏല്‍പ്പിച്ച 600 ഗ്രാമോളം വരുന്ന 44 വളകള്‍ നഷ്ടമായെന്നായിരുന്നു പരാതി. ഇരുവരേയും സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി എസ് ഐ പി എ ഷമീര്‍ ഖാന്‍ ചോദ്യം ചെയ്തു. സ്വര്‍ണം തിരിച്ച് കൊടുക്കാമെന്ന ഉറപ്പിലാണ് ഇരുവരേയും വിട്ടയച്ചതെന്നും മര്‍ദ്ദിച്ചിട്ടില്ലെന്നും എസ് ഐ വിശദീകരിച്ചു. എന്നാല്‍ മര്‍ദ്ദനമേറ്റെന്നാണ് ബന്ധുക്കളുടെ പരാതി.

വാകത്താനത്തെ വാടക വീട്ടില്‍ തൊട്ടടുത്ത് താമസിക്കുന്ന സഹോദരനെ ഫോണില്‍ വിളിച്ച ശേഷമായിരുന്നു ആത്മഹത്യ. പൊലീസ് മര്‍ദിച്ചുവെന്നാരോപിച്ച് കോണ്‍ഗ്രസും ബിജെപിയും ചങ്ങനാശേരി പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. പൊലീസ് വിശദമായ അന്വേഷണം തുടങ്ങി. അതേസമയം, പൊലീസ് മര്‍ദനത്തിലെ മനോവിഷമം മൂലമാണു ആത്മഹത്യ ചെയ്തതെന്നു ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ചു ഇന്ന് ചങ്ങനാശേരി താലൂക്കില്‍ ഹര്‍ത്താലിന് യുഡിഎഫ് ആഹ്വാനം ചെയ്തു. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments