പൊലീസ് ഡ്രൈവറെ മര്‍ദിച്ച കേസ്: രാജ്യത്തെ ഏത് പൗരനെയും പോലെയാണ് എഡിജിപിയുടെ മകളും; അറസ്റ്റ് തടയാനാകില്ലെന്ന് ഹൈക്കോടതി

0
33

കൊച്ചി: പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദിച്ച കേസില്‍ എഡിജിപിയുടെ മകളുടെ അറസ്റ്റ് തടയാനാകില്ലെന്ന് ഹൈക്കോടതി. എഡിജിപിയുടെ മകള്‍ എന്തിനാണ് അറസ്റ്റിനെ ഭയപ്പെടുന്നതെന്ന് കോടതി ചോദിച്ചു. കോടതിയുടെ ഭാഗത്ത് നിന്ന് സംരക്ഷണം വേണ്ടയാളല്ല എഡിജിപിയുടെ മകളെന്നും കോടതി പറഞ്ഞു.എല്ലാ പൗരനുമുള്ള അവകാശം മാത്രമേ എഡിജിപിയുടെ മകള്‍ക്കും ഉള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം, കേസില്‍ എഡിജിപിയുടെ മകളുടെ അറസ്റ്റ് തടയണമെന്ന ആവശ്യത്തെ സര്‍ക്കാര്‍ എതിര്‍ത്തിരുന്നു.കൂടാതെ, ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് വേണമെന്ന ആവശ്യവും കോടതി തള്ളി. ഹര്‍ജി അടുത്ത വ്യാഴാഴ്ചത്തേയ്ക്ക് മാറ്റിവെച്ചു.

കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ സ്‌നിഗ്ധ കുമാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.താന്‍ നിരപരാധിയാണെന്നും ഇരയായ തന്നെ പ്രതി ചേര്‍ത്തിരിക്കുകയാണെന്നുമാണ് ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നത്. ഡ്രൈവര്‍ ഗവാസ്‌കര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളും ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നു.

ഔദ്യോഗികവാഹനം ഓടിക്കുന്നതില്‍നിന്ന് പിന്മാറണമെന്ന് ഗവാസ്‌കറോട് ജൂണ്‍ 13ന് സുധേഷ് കുമാര്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ 14ാം തിയതി വീണ്ടും ഗവാസ്‌കര്‍ വാഹനവുമായി എത്തുകയായിരുന്നു. ഇക്കര്യങ്ങളെല്ലാം തര്‍ക്കത്തിന് ഇടയാക്കിയതായി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സംഭവ ദിവസം മ്യൂസിയം ഭാഗത്ത് തങ്ങളെ ഇറക്കിയ ശേഷം സുധേഷ് കുമാറിന്റെ ഓഫീസിലേക്ക് പൊയ്‌ക്കോളാന്‍ ഗവാസ്‌കറിനോട് പറഞ്ഞിരുന്നു.

എന്നാല്‍ വ്യായാമം കഴിഞ്ഞ് മടങ്ങിവന്നപ്പോഴും ഗവാസ്‌കര്‍ അവിടെ തന്നെയുണ്ടായിരുന്നു. എന്തുകൊണ്ട് മടങ്ങിപ്പോയില്ലെന്ന് ചോദിച്ചപ്പോള്‍ ഗവാസ്‌കര്‍ ക്ഷോഭിച്ച് സംസാരിച്ചെന്നും എഡിജിപിയുടെ മകള്‍ ഹര്‍ജിയില്‍ പറയുന്നു. ഗവാസ്‌കറിന്റെ ഭാഗത്തുനിന്നാണ് മോശം പെരുമാറ്റമുണ്ടായത്. ജാതിപ്പേര് വിളിച്ച് തന്നെ ഗവാസ്‌കര്‍ ആക്ഷേപിച്ചെന്നും ഹര്‍ജിക്കാരി ആരോപിച്ചു. ഹര്‍ജി ഇന്നുതന്നെ അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യത്തോടെയാണ് സമര്‍പ്പിച്ചത്.

Leave a Reply