സംസ്ഥാന കോൺഗ്രസിലെ തർക്കത്തിൽ അതിവേഗം ഇടപെട്ട് ഹൈക്കമാൻഡ്. പ്രതിപക്ഷ നേതാവും കെ.പി.സി.സി അധ്യക്ഷനും തമ്മിലുള്ള തർക്കം നീണ്ടു പോയാൽ വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിനെ ബാധിക്കും എന്ന വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് ഹൈക്കമാന്റിന്റെ വേഗത്തിലുള്ള ഇടപെടൽ. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഇരു നേതാക്കളുമായും സംസാരിക്കും.
കെ.പി.സി.സി യോഗങ്ങളിലെ തീരുമാനങ്ങൾ മാധ്യമങ്ങളെ അറിയിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആവശ്യം. ഇക്കാര്യം പരിഗണിക്കാമെന്ന് ഹൈക്കമാൻഡ് ഉറപ്പ് നൽകിയിട്ടുണ്ട്. വയനാട്ടിലെ ചിന്തൻ ശിബിരന് ശേഷം ഇനിയും ക്യാമ്പ് നടത്താൻ ഉള്ള ജില്ലകളിൽ പ്രതിപക്ഷ നേതാവ് പങ്കെടുക്കും. സംസ്ഥാനത്തെ മുതിർന്ന എല്ലാ നേതാക്കളെയും നേരിൽകണ്ട് പരാതികൾ ഉണ്ടെങ്കിൽ ശേഖരിക്കാനും ഹൈക്കമാൻഡ് തീരുമാനിച്ചിട്ടുണ്ട്.
എന്നാൽ കോൺഗ്രസ് പാർട്ടിയിൽ തർക്കമെന്ന വാർത്തകൾക്ക് അടിസ്ഥാനമില്ലെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രതികരണം. ഇത് ചിലരുടെ രോഗമാണ്. ഉള്ളതും ഇല്ലാത്തതുമായ കാര്യങ്ങൾ മാധ്യമങ്ങൾക്ക് നൽകുന്ന പാർട്ടി പ്രവർത്തകർ ബന്ധുക്കളല്ല, ശത്രുക്കളാണെന്നും വിഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. ദൈവം പോലും വിമർശിക്കപ്പെടുന്ന കാലമാണെന്നും സതീശൻ പറഞ്ഞു.വിമർശനം നല്ലതാണ്. വിമർശനം ശരിയാണെങ്കിൽ തിരുത്തും. അല്ലെങ്കിൽ വിമർശിക്കുന്നവരെ പറഞ്ഞു മനസ്സിലാക്കുമെന്നും ഇന്നലെ വി ഡി സതീശൻ പ്രതികരിച്ചിരുന്നു.