പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഇനി ഇടവേള: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തില്‍ നിന്ന് ഡല്‍ഹിക്ക് മടങ്ങി

0
23

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തില്‍ നിന്ന് മടങ്ങി. ഡല്‍ഹിയിലേക്കാണ് അദ്ദേഹത്തിന്റെ യാത്ര. തിരുവനന്തപുരത്ത് നിന്ന് ഇന്റിഗോ വിമാനത്തില്‍ ബെംഗളൂരുവിലേക്കും അവിടെ നിന്ന് ദില്ലിക്കും പോകുമെന്ന് രാജ്ഭവന്‍ അറിയിച്ചു. സംസ്ഥാനത്ത് എസ്എഫ്‌ഐ പ്രതിഷേധം ശക്തമായിരിക്കെ, തന്റെയും രാജ്ഭവന്റെയും സുരക്ഷയ്ക്ക് കേന്ദ്ര സേനയെ കൂടി എത്തിച്ച ശേഷമാണ് ഗവര്‍ണറുടെ മടങ്ങിപ്പോക്ക്.അതിനിടെ കൊല്ലം നിലമേലില്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ച 12 എസ്എഫ്‌ഐ പ്രവര്‍ത്തകരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. 14 ദിവസത്തേക്കാണ് എസ്എഫ്‌ഐ പ്രവര്‍ത്തകരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. കൊല്ലം കടയ്ക്കല്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. ജാമ്യമില്ലാ വകുപ്പ് പ്രകാരം ചടയമംഗലം പൊലീസ് കേസെടുത്തതോടെയാണ് പ്രവര്‍ത്തകരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.അതിനിടെ ഗവര്‍ണറെ രൂക്ഷമായ ഭാഷയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വൈകിട്ട് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ വിമര്‍ശിച്ചത്. ഗവര്‍ണര്‍ ചെയ്തത് സെക്യൂരിറ്റി നിലപാടിന് വിരുദ്ധമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി, ചെയ്യാന്‍ പാടില്ലാത്തതാണെന്നും കുറ്റപ്പെടുത്തി. പൊലീസിന്റെ പണി അവര് ചെയ്യും. എഫ്‌ഐആര്‍ തന്നെ കാണിക്കണമെന്ന് പറയുന്നത് ശരിയാണോ? എഫ്‌ഐആറിന് വേണ്ടി സമരം ഇരിക്കുന്നത് കണ്ടിട്ടുണ്ടോ. പൊലീസ് കൂടെ വരേണ്ടെന്ന് മുന്‍പ് ഏതെങ്കിലും ഗവര്‍ണര്‍ പറഞ്ഞിട്ടുണ്ടോ? ഏറ്റവും കൂടുതല്‍ സുരക്ഷ കിട്ടുന്ന സ്ഥാനത്താണ് ഗവര്‍ണര്‍ ഇരിക്കുന്നത്. ഇപ്പോള്‍ കേന്ദ്ര സുരക്ഷ കിട്ടുന്ന ആര്‍എസ്എസ് പ്രവര്‍ത്തകരുടെ നിരയിലേക്ക് ഗവര്‍ണറും എത്തി. ആ കൂട്ടില്‍ ഒതുങ്ങാനാണ് ഗവര്‍ണ്ണര്‍ ശ്രമിക്കുന്നത്. സിആര്‍പിഎഫിന് കേസെടുക്കാനാകുമോ ? അദ്ദേഹം ആഗ്രഹിക്കുന്ന രീതിയില്‍ സിആര്‍പിഎഫിന് പ്രവര്‍ത്തിക്കാനാകുമോയെന്നും ചോദിച്ച മുഖ്യമന്ത്രി ഗവര്‍ണര്‍ ജനാധിപത്യ മര്യാദ പക്വത വിവേകം എന്നിവ കാണിക്കണമെന്നും ആവശ്യപ്പെട്ടു. എന്തെങ്കിലും ആരോഗ്യപ്രശ്‌നമുണ്ടോ എന്നും സ്വയം പരിശോധിക്കണം. കേരളത്തോടുള്ള വെല്ലുവിളിയാണ് ഗവര്‍ണര്‍ നടത്തിയത്. ഭരണഘടനയോടുള്ള വെല്ലുവിളിയാണിതെന്നും പിണറായി കുറ്റപ്പെടുത്തി.

Leave a Reply