തിരുവനന്തപുരം : പ്രവാസികൾക്കായി സുസ്ഥിര വരുമാനം ഉറപ്പാക്കുന്ന പ്രവാസി ലാഭ വിഹിത പദ്ധതി ഉടൻ ആരംഭിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. അഞ്ച് ലക്ഷം രൂപ നിക്ഷേപിച്ചാൽ ആജീവനാന്തം പ്രതിമാസം 5546 രൂപ വരെ ഈ പദ്ധതി പ്രകാരം ലഭിക്കും. നവംബർ പതിനാറിന് ഈ പദ്ധതി നിലവിൽ വരുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നിയമസഭയിൽ പ്രസ്താവിച്ചു. ഈ പദ്ധതി പ്രകാരം മൂന്ന് ലക്ഷം മുതൽ അമ്പത്തിയൊന്ന് ലക്ഷം രൂപവരെയുള്ള നിക്ഷേപം പ്രവാസികളിൽ നിന്നും സ്വീകരിക്കും. കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനുവേണ്ടിയാണ് ഈ പ്രവാസികൾ നിക്ഷേപിക്കുന്ന തുക സർക്കാർ വിനിയോഗിക്കുക. നിക്ഷേപം കിഫ്ബിക്കാണു കൈമാറുന്നത്.
പ്രവാസി ലാഭ വിഹിത പദ്ധതിയിൽ നിക്ഷേപിച്ചാൽ ആദ്യത്തെ മൂന്ന് വർഷത്തിന് ശേഷം മാത്രമേ പ്രതിമാസവിഹിതം ലഭിച്ചുതുടങ്ങുക. മൂന്ന് ലക്ഷമാണ് നിക്ഷേപിക്കുന്നതെങ്കിൽ തുകയുടെ ആദ്യവർഷ വിഹിതമായ മുപ്പതിനായിരം രൂപ കൂടിചേർത്ത് 3.3 ലക്ഷത്തിന്റെ വിഹിതമാണ് രണ്ടാം വർഷത്തേയ്ക്കായി കണക്കാക്കുന്നത്. നിക്ഷേപകന്റെ കാലശേഷം ജീവിതപങ്കാളിക്കു വിഹിതം തുടർന്നും ലഭിക്കും. ജീവിത പങ്കാളിയുടെ മരണശേഷം നിക്ഷേപത്തുകയും ആദ്യ മൂന്നുവർഷത്തെ ഡിവിഡന്റും നോമിനിക്ക് തിരികെ ലഭിക്കും.