പ്രവാസികളേ, സമ്പത്ത് കാലത്ത് ഈ ചിട്ടിയിൽ ചേർന്നാൽ വാർദ്ധക്യകാലത്ത് പെൻഷൻ വാങ്ങാം

0
50

തിരുവനന്തപുരം: കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടിയിൽ അംഗങ്ങളാവുന്നവർക്ക് പെൻഷൻ ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി. അംശാദായം കെ.എസ്.എഫ്.ഇയാണ് അടയ്ക്കുക. കുറഞ്ഞത് 10,000 രൂപ പ്രതിമാസ അടവ് വരുന്ന ചിട്ടിയിൽ 60 മാസത്തവണകളെങ്കിലും അടയ്ക്കുന്നവർക്കാണ് പദ്ധതി ലഭ്യമാവുക. നവംബർ ഒന്നുമുതൽ പ്രവാസി ചിട്ടിയിൽ ചേരുന്നവർക്ക് ഈ ആനുകൂല്യം ലഭിക്കുമെന്ന് മന്ത്രി ഡോ.ടി.എം. തോമസ് ഐസക്ക് പത്രസമ്മേളനത്തിൽ പറഞ്ഞു.

കേരള പ്രവാസി ക്ഷേമബോർഡാണ് പ്രവാസി ക്ഷേമ പെൻഷൻ പദ്ധതി നടപ്പാക്കുന്നത്. ഇതിൽ അംഗമായവർക്കും ഇനി അംഗമാകുന്നവർക്കും പ്രവാസി ചിട്ടിയിൽ ചേരുമ്പോൾ അംഗത്വ നമ്പർ നൽകി പെൻഷൻ ആനുകൂല്യം തിരഞ്ഞെടുക്കാം. അംശാദായമായ 300 രൂപ കെ.എസ്.എഫ്.ഇ അടയ്ക്കും. 2,000 രൂപയാണ് പ്രതിമാസം ലഭിക്കുന്ന കുറഞ്ഞ പെൻഷൻ. അഞ്ച് വർഷത്തിനുമേൽ അംശാദായം അടയ്ക്കുന്നവർക്ക് ഓരോ അധികവർഷത്തിനും മൂന്ന് ശതമാനം നിരക്കിൽ മിനിമം പെൻഷൻ തുകയിൽ വർദ്ധനയുണ്ടാവും. ഇത്തരത്തിൽ പരമാവധി 4,000 രൂപവരെ പെൻഷനായി കിട്ടും. 60 വയസുമുതലാണ് പെൻഷൻ ലഭിച്ചുതുടങ്ങുക.

പെൻഷൻ പദ്ധതിയിൽ അംഗമായിരിക്കുമ്പോൾ വരിക്കാരൻ മരിച്ചാൽ, അദ്ദേഹം പ്രവാസിയാണെങ്കിൽ നോമിനിക്ക് 50,000 രൂപയും പ്രവാസി ജീവിതം മതിയാക്കി നാട്ടിലെത്തിയ ശേഷമാണ് മരണമെങ്കിൽ നോമിനിക്ക് 30,000 രൂപയും ലഭിക്കും. 50,000 രൂപയുടെ ആരോഗ്യാനുകൂല്യങ്ങളും അംഗത്വകാലയളവിൽ അംഗത്തിന് കിട്ടും. രണ്ട് കുട്ടികളുടെ വിദ്യാഭ്യാസാവശ്യങ്ങൾക്ക് 4,000 രൂപയും രണ്ട് പെൺമക്കളുടെ വിവാഹാവശ്യത്തിന് 10,000 രൂപ വരെയും ലഭിക്കും. വനിതാ അംഗങ്ങൾക്ക് 3,000 രൂപ പ്രസവാനുകൂല്യവുമുണ്ട്. ഒരു വരിക്കാരന് ഒരു ചിട്ടിയിൽ മാത്രമെ പെൻഷൻ സൗകര്യം ലഭിക്കൂ. ചിട്ടിത്തവണ മുടക്കാത്തവരുടെ അംശാദായമേ കെ.എസ്.എഫ് .ഇ അടയ്ക്കൂ. പ്രവാസികൾക്ക് പുറമെ കേരളത്തിന് പുറത്ത് താമസിക്കുന്നവർക്കും ഈ ചിട്ടിയിൽ അംഗങ്ങളാവാം. ഇതിനായി സോഫ്റ്റ്‌വെയറിൽ മാറ്റങ്ങൾ വരുത്തും.

പ്രവാസി ചിട്ടിയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് പരിഹാരം കാണാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ സഹായം ലഭ്യമാണെന്നും മന്ത്രി പറഞ്ഞു. കെ.എസ്.എഫ്.ഇ ചെയർമാൻ പീലിപ്പോസ് തോമസ്, മാനേജിംഗ് ഡയറക്ടർ എ. പുരുഷോത്തമൻ, ഡയറക്ടർ അഡ്വ.വി.കെ. പ്രസാദ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

പെൻഷൻ പദ്ധതി

പ്രവാസി ചിട്ടിയിൽ കുറഞ്ഞത് 60 മാസത്തവണകളെങ്കിലും അടയ്ക്കുന്നവർക്ക് പെൻഷൻ ആനുകൂല്യം

അംശാദായമായ 300 രൂപ കെ.എസ്.എഫ്.ഇ അടയ്ക്കും

Leave a Reply