Saturday, September 28, 2024
HomeNewsപ്രവാസി മലയാളികളുടെ പ്രിയ സുഹൃത്തിന് കണ്ണീരോടെ വിട

പ്രവാസി മലയാളികളുടെ പ്രിയ സുഹൃത്തിന് കണ്ണീരോടെ വിട

കാഞ്ഞിരത്താനത്തിന്റെ നന്മമരം പ്രിയ സാബു പോൾ വിടവാങ്ങി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിയുന്ന സാബു പോളിന്റെ പ്രിയ കൂട്ടുകാർ അദ്ദേഹത്തിന്റെ ആകസ്മിക വേർപാടിന് മുൻപിൽ കണ്ണീർ പ്രണാമങ്ങൾ. പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വ്യത്യാസമില്ലാതെ എല്ലാവരെയും കരുതുകയും സ്നേഹിക്കുകയും ചെയ്ത സാബു പോളിന്റെ വേർപാട് കാഞ്ഞിരത്താനത്തിന് നികത്തുവാൻ കഴിയാത്ത നഷ്ടം ആണ്.

കുറവിലങ്ങാട് മുതൽ കുറുപ്പന്തറ വരെയുള്ള എല്ലാ സാമൂഹ്യ സാംസ്ക്കാരിക സന്നദ്ധ പ്രവർത്തനങ്ങൾക്കും സജീവ സാന്നിധ്യമായിരുന്നു സാബു പോൾ. ജാതി മത രാഷ്ട്രീയ ഭേദമന്യേ എല്ലാവർക്കും വേണ്ടി എല്ലാ കാര്യങ്ങളും ചെയ്തിരുന്ന അപൂർവങ്ങളിൽ അപൂർവമായ വ്യക്തിത്വത്തെയാണ് സാബു പോളിന്റെ വേർപാടിലൂടെ കാഞ്ഞിരത്താനത്തിന് നഷ്ടമായത്. സാബു പോളിന്റെ ജീവിതം പ്രകാശം നൽകിയ നിരവധി ജീവിതങ്ങൾ കാഞ്ഞിരത്താനത്തുണ്ട്. നാടിന്റെ വളർച്ചയ്ക്കായി സമസ്‌ത മേഖലയിലെയും പരിപാടികൾക്ക് നേതൃത്വം നൽകാൻ സാബുവിന് കഴിഞ്ഞു. മികച്ച സംഘാടകൻ, മനുഷ്യ സ്നേഹി, ജീവകാരുണ്യ പ്രവർത്തകൻ എന്ന നിലയിലൊക്കെ ഏതൊരാൾക്കും മാതൃക ആകുവാൻ കഴിഞ്ഞ സാബു പോൾ അദ്ദേഹത്തിന്റെ സ്നേഹസമ്പന്നമായ ഇടപെടലിലൂടെ കാഞ്ഞിരത്താനത്തിന്റെ മനസ്സിൽ ജീവിക്കും.

കടുത്തുരുത്തി മണ്ഡലത്തിൽ മോൻസ് ജോസഫ് എം എൽ എ ആദ്യമായി മത്സരിച്ചപ്പോൾ സ്വന്തം നാട്ടുകാരൻ എന്ന നിലയിലും പുതിയ രാഷ്ട്രീയ- വികസന ദിശാബോധം നാടിന് നൽകുവാനും മാഞ്ഞൂർ മേഖലയിൽ മോൻസ് ജോസഫിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത് സാബു ആയിരുന്നു. സ്വന്തം ജോലിയിൽ നിന്ന് അവധി എടുത്തുകൊണ്ടാണ് അദ്ദേഹം തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ചെയ്തിരുന്നത്. കാഞ്ഞിരത്താനം പള്ളി തിരുനാളിന് ഗാനഗന്ധർവൻ കെ ജെ യേശുദാസിനെയും പത്നിയെയും ജാനസാന്ദ്രമായ മൈതാനത്ത് നിന്ന് വേദിയിൽ എത്തിയ്ക്കുവാനുള്ള ശ്രമകരമായ ദൗത്യം ഏറ്റെടുത്തത് സാബു ആയിരുന്നു. തിങ്ങി നിറഞ്ഞ ആളുകളുടെ ഇടയിൽ നിന്നും ഗാനഗന്ധർവന്റെ വേദിയിൽ എത്തിച്ച സാബുവിന്റെ പ്രവർത്തനങ്ങളെ ഇന്നും ഞങ്ങൾ ഓർക്കുന്നു.

കാഞ്ഞിരത്താനം മേഖലയിൽ ചിക്കുൻ ഗുനിയ വ്യാപിച്ചപ്പോൾ ലൈബ്രറി കേന്ദ്രീകരിച്ചുകൊണ്ട് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും കാഞ്ഞിരത്താനത്തിന് മെഡിക്കൽ ക്യാമ്പ് സജ്ജീകരിച്ചു നൽകുകയും ചെയ്തതിൽ സാബു ഏറ്റെടുത്ത സമർപ്പണ ബോധം ഏവരെയും അത്ഭുതപ്പെടുത്തി.

കാഞ്ഞിരത്താനത്ത് നടന്ന് വന്നിരുന്ന ദേശിയ വടംവലി ചാമ്പ്യൻഷിപ്പ്, നാടൻ പന്തുകളി, ഫുട്ബോൾ, കബഡി എന്നിവയിൽ താരം അല്ലെങ്കിൽ പോലും മേളകൾ സംഘടിപ്പിക്കുവാൻ മുൻപന്തിയിൽ അദ്ദേഹം നിന്നു. വോളിബാൾ പ്രാക്ടീസ് നടന്ന കാലത്താണ് സാബു പോളിന് സ്പോർട്സ്നോടുള്ള കമ്പം ഞങ്ങൾ കൂടുതൽ മനസിലാക്കുന്നതും അടുക്കുന്നതും.

എണ്ണമറ്റാത്ത സുഹൃദ് വലയമാണ് സാബു പോളിന്റെ വലിയ പ്രത്യേകത. കാലത്തിന്റെ കുത്തൊഴുക്കിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി സുഹൃത്തുക്കൾ ചിതറി പോയെങ്കിലും കെടാവിളക്ക് പോലെ ആ സുഹൃത്ത് ബന്ധം കാത്തുസൂക്ഷിയ്ക്കുവാൻ സാബു പോളിന് മാത്രമാണ് കഴിഞ്ഞത്. സ്വന്തം കുടുംബത്തേക്കാളുപരി സുഹൃത്ത് ബന്ധങ്ങൾക്ക് വില നൽകിയ ആളാണ് സാബു. സാബുവിന്റെ ഈ വേർപാട് പ്രവാസ ലോകത്തിന് വലിയ ദുഃഖം ആണ് ഉണ്ടാക്കിയിരിക്കുന്നത്. സാബുവിലൂടെ നന്മയുടെ പ്രകാശം പകർന്നു നൽകിയ അനേകം പ്രവാസികളുടെ പ്രാർത്ഥന സാബുവിന്റെ കുടുംബത്തിന് ഉണ്ടാകും എന്നത് നിശ്ചയമാണ്. പ്രിയ സാബുവിന്റെ വേർപാടിൽ കണ്ണീർ പ്രണാമങ്ങൾ അർപ്പിക്കുന്നതിനോടൊപ്പം പ്രത്യാശാപൂർണ്ണമായ പ്രാർത്ഥനകളും നേരുന്നു

RELATED ARTICLES

1 COMMENT

Leave a Reply

- Advertisment -

Most Popular

Recent Comments