തിരുവല്ല: പ്രസവിച്ചുകിടന്ന യുവതിയെ നഴ്‌സിന്റെ വേഷം ധരിച്ച് കുത്തിവച്ചു കൊലപ്പെടുത്താനെത്തിയ യുവതി പൊലീസ് കസ്റ്റഡിയില്‍. പരുമലയിലെ പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിലിയാണ് സംഭവം. കായംകുളം സ്വദേശി അനുഷ (25) ആണ് പുളിക്കീഴ് പൊലീസിന്റെ പിടിയിലായത്. പുല്ലുകുളങ്ങര സ്വദേശി സ്‌നേഹയെ (25) ആണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സ്‌നേഹയുടെ ഭര്‍ത്താവ് അരുണിന്റെ സുഹൃത്താണ് ഈ യുവതിയെന്ന് പൊലീസ് പറഞ്ഞു.
സ്‌നേഹയെ ഒരാഴ്ച മുന്‍പാണ് ആശുപത്രിയില്‍ പ്രസവത്തിനായി പ്രവേശിച്ചത്. പ്രസവശേഷം വെള്ളിയാഴ്ച രാവിലെ സ്‌നേഹയെ ഡിസ്ചാര്‍ജ് ചെയ്തു. നിറം മാറ്റം ഉള്ളതു കാരണം കുഞ്ഞിനെ ഡിസ്ചാര്‍ജ് ചെയ്തില്ല. ഇതോടെ സ്‌നേഹയും മാതാവും മുറിയില്‍ കാത്തിരിക്കുകയായിരുന്നു.
വൈകിട്ട് അഞ്ചരയോടെ നഴ്‌സിന്റെ ഓവര്‍ക്കോട്ട് ധരിച്ച യുവതി ഇവരുടെ മുറിയിലെത്തി കുത്തിവയ്‌പ്പെടുക്കുവാന്‍ വന്നതാണെന്ന് പറഞ്ഞു. ഡിസ്ചാര്‍ജ് ചെയ്തതല്ലേ ഇനി എന്തിനാണ് കുത്തിവയ്‌പെന്ന് മാതാവ് ചോദിച്ചു. ഒരു കുത്തിവയ്പ്പു കൂടി ഉണ്ടെന്നു പറഞ്ഞ് സ്‌നേഹയുടെ കയ്യില്‍ പിടിച്ച് സിറിഞ്ച് കൊണ്ടു കുത്താന്‍ ശ്രമിച്ചു. സിറിഞ്ചില്‍ മരുന്ന് ഉണ്ടായിരുന്നില്ല.
ഈ സമയം മാതാവ് ബഹളം വച്ചതോടെ ആശുപത്രി ജീവനക്കാര്‍ ഓടിയെത്തി യുവതിയെ പിടിച്ചുമാറ്റി തടഞ്ഞുവച്ചു. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിച്ചു. അവരെത്തി കസ്റ്റഡിയിലെടുത്തു.
പരുമലയില്‍ നഴ്‌സ് വേഷത്തില്‍ ആശുപത്രിയില്‍ കടന്നുകയറി യുവതിയെ കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ വന്‍ ആസൂത്രണം നടന്നെന്ന് പോലീസ്. യുവതിയെ കൊലപ്പെടുത്തി അവരുടെ ഭര്‍ത്താവിനെ സ്വന്തമാക്കുകയായിരുന്നു പ്രതി അനുഷയുടെ ലക്ഷ്യം. എയര്‍ എംപോളിസം എന്ന മാര്‍ഗ്ഗമാണ് പ്രതി സ്വീകരിച്ചത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും
രക്തധമനികളുടെ അമിത വികാസത്തിലൂടെ ഉണ്ടാകുന്നതാണ് എയര്‍ എംബോളിസം. രക്തചംക്രമണത്തിലേക്ക് വായു പ്രവേശിക്കുന്നതോടെ മരണം വരെ സംഭവിക്കാവുന്നതാണ് ഇത്. ശ്വാസകോശം അമിതമായി വികാസിക്കുകയും ഹൃദയാഘാതം സംഭവിക്കാനും സാധ്യത കൂടുതലാണ്. സിരയുടെയോ ധമനിയുടെയോ വായുകടത്തിവിടുമ്പോഴുണ്ടാകുന്ന അപൂര്‍വ സങ്കീര്‍ണതയാണ് വെനസ് എയര്‍ എംബോളിസം. കാര്യമായ എംബോളിസം സംഭവിക്കുകയാണെങ്കില്‍, ഹൃദയ , ശ്വാസകോശം അല്ലെങ്കില്‍ കേന്ദ്ര നാഡീവ്യൂഹം എന്നിവയെ ബാധിച്ചേക്കാം.
ആശുപത്രി ജീവനക്കാര്‍ക്ക് തുടക്കത്തില്‍ തന്നെ സംശയം തോന്നി ചോദ്യം ചെയ്തതോടെയാണ് നീക്കം പൊളിഞ്ഞത്. സ്‌നേഹയുടെ ഭര്‍ത്താവായ അരുണിനെ സ്വന്തമാക്കാനാണ് അനുഷ കാലപാതകം ആസൂത്രണം ചെയ്തത്. അരുണും അനുഷയും കോളേജ് കാലഘട്ടം മുതല്‍ അടുപ്പത്തിലായിരുന്നെന്നും വിവരമുണ്ട്.
ഫാര്‍മസിസ്റ്റായിരുന്ന അനുഷ സമര്‍ത്ഥമായി എയര്‍ എംബോളിസം മാര്‍ഗം അവലംബിച്ച് കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു. തിരുവല്ല പുളിക്കീഴ് പൊലീസ് അനുഷയുടെ അറസ്റ്റ് രേഖപ്പെടുത്തി. 120 മില്ലി ലിറ്ററിന്റെ സിറിഞ്ച് പ്രതിയില്‍ നിന്ന് കസ്റ്റഡിയിലെടുത്തു