Monday, January 20, 2025
HomeNewsKeralaപ്രിയാ വര്‍ഗീസിന്റെ നിയമനം; നിയമോപദേശം തേടി കണ്ണൂര്‍ സര്‍വകലാശാല 

പ്രിയാ വര്‍ഗീസിന്റെ നിയമനം; നിയമോപദേശം തേടി കണ്ണൂര്‍ സര്‍വകലാശാല 

കണ്ണൂര്‍: നിയമനക്കേസില്‍  ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഡോ. പ്രിയാ വര്‍ഗീസിന് അനുകൂലമായി ഉത്തരവിട്ടതോടെ, അസോസിയേറ്റ് പ്രൊഫസര്‍ ആയി പ്രിയാ വര്‍ഗീസിന്റെ നിയമനം സ്റ്റേ ചെയ്ത ഗവര്‍ണറുടെ ഉത്തരവിന്റെ സാധുതയെപ്പറ്റി കണ്ണൂര്‍ സര്‍വകലാശാല നിയമോപദേശം തേടി. സ്റ്റാന്‍ഡിങ് കൗണ്‍സല്‍ അഡ്വ. ഐ വി പ്രമോദിന്റെ നിയമോപദേശമാണ് കണ്ണൂര്‍ സര്‍വകലാശാല തേടിയത്.  

സ്വജനപക്ഷപാതം ആരോപിച്ച് 2022 ഓഗസ്റ്റ് 17നാണ് മലയാളം പഠനവകുപ്പില്‍ അസോസിയേറ്റ് പ്രൊഫസര്‍ ആയി പ്രിയാ വര്‍ഗീസിന്റെ നിയമനം ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മരവിപ്പിച്ചത്. കണ്ണൂര്‍ വിസി, ഇന്റര്‍വ്യൂ ബോര്‍ഡിലെയും സിന്‍ഡിക്കറ്റിലെയും അംഗങ്ങള്‍ എന്നിവര്‍ക്കു കാരണംകാണിക്കല്‍ നോട്ടിസ് അയയ്ക്കാനും ഗവര്‍ണര്‍ ഉത്തരവിട്ടിരുന്നു. ഉത്തരവ് ഇതുവരെ ഗവര്‍ണര്‍ റദ്ദാക്കിയിട്ടില്ല. 

നിയമനത്തിനെതിരെ റാങ്ക് ലിസ്റ്റിലെ രണ്ടാം സ്ഥാനക്കാരനായ ഡോ. ജോസഫ് സ്‌കറിയ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത് ഗവര്‍ണറുടെ ഉത്തരവിനു ശേഷമാണ്. പ്രിയയ്ക്കു നിശ്ചിത യോഗ്യതയില്ലെന്നും നിയമനം പുനഃപരിശോധിക്കണമെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിച്ചു. ഡിവിഷന്‍ ബെഞ്ച് വിധി സ്റ്റേ ചെയ്തതോടെ പ്രിയയ്ക്കു പെട്ടെന്നുതന്നെ നിയമന ഉത്തരവു നല്‍കാനാണു സര്‍വകലാശാലയുടെ തീരുമാനം. 

നിയമന ഉത്തരവു നല്‍കേണ്ട നടപടിക്രമം മാത്രമാണു ബാക്കി. പ്രിയയുടെ സര്‍ട്ടിഫിക്കറ്റുകളുടെയും പ്രബന്ധങ്ങളുടെയും പരിശോധന ഇതിനകം പൂര്‍ത്തിയായി കഴിഞ്ഞൂ. എന്നാല്‍ ഗവര്‍ണറുടെ സ്റ്റേ ഉത്തരവു നിലനില്‍ക്കുന്നു എന്ന സാങ്കേതിക തടസ്സം മറികടക്കാനാണു നിയമോപദേശം തേടിയത്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments