കൊച്ചി: ‘സംഗീതം, വിദ്യാഭ്യാസം എന്നിവയുടെ ശോഭനഭാവിയിലേക്കുള്ള ചരിത്രപരമായ ചുവടുവയ്പ്’. താന്‍ രൂപകല്പന ചെയ്ത കിന്റര്‍ മ്യൂസിക് ലാന്റ് (കെ.എം.എല്‍) എന്ന സംരംഭത്തെക്കുറിച്ചു പ്രമുഖ സംഗീത സംവിധായകനും പിന്നണിഗായകനും വിദ്യാഭ്യാസ വിചക്ഷണനുമായ അല്‍ഫോന്‍സ് ജോസഫിന്റെ വാക്കുകളാണിത്. പ്രീസ്‌കൂള്‍ കുട്ടികളില്‍ സംഗീതത്തിന്റെ അടിസ്ഥാന ആശയങ്ങള്‍ പകര്‍ന്നു കൊടുക്കാനും സംഗീത കഴിവുകള്‍ വികസിപ്പിക്കാനും രൂപകല്‍പ്പന ചെയ്ത് ഏഷ്യയില്‍ ആദ്യമായി അവതരിപ്പിക്കുന്ന ഈ സംഗീത പാഠ്യപദ്ധതി, കുട്ടികളുടെ സമഗ്രവികസനമാണു ലക്ഷ്യമിടുന്നത്. 2019ലെ ലോക സംഗീത ദിനാചരണത്തിനു മുന്നോടിയായി കൊച്ചിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍, ഈ നുതന പഠനപരിപാടിയുടെ ‘പ്രീലോഞ്ച് വേള്‍ഡ് പ്രസ് പ്രീമിയര്‍’ നടത്തി. പ്രമുഖ വിദ്യാഭ്യാസ വിദഗ്ധരും സാമൂഹിക നേതാക്കളും പങ്കെടുത്തു. ഗര്‍ഭം ധരിക്കപ്പെടുന്ന കാലം മുതല്‍ സംഗീതം കുഞ്ഞിനെ ശക്തമായി സ്വാധീനിക്കുന്നുവെന്ന ശാസ്ത്രീയ നിരീക്ഷണത്തിന്റെ പശ്ചാത്തലത്തിലാണു കിന്റര്‍ മ്യൂസിക് ലാന്റ് എന്ന ആശയത്തിനു ആവിഷ്‌കാരമേകിയതെന്ന് അല്‍ഫോന്‍സ് പറയുന്നു. നിര്‍ഭാഗ്യവശാല്‍, നമ്മുടെ മിക്ക സംഗീത വിദ്യാഭ്യാസ പരിപാടികളും കുട്ടികളുടെ പ്രധാന രൂപീകരണ വര്‍ഷങ്ങളെ (നാല് മുതല്‍ എട്ടു വയസു വരെ) കാര്യമായി പരിഗണിക്കാത്ത അവസ്ഥ ഇന്നുണ്ട്. ഈ വിടവ് നികത്തി, സംഗീതത്തില്‍ അഭിരുചിയുള്ള കുട്ടികളെ ക്രിയാത്മക നൈപുണ്യ വികസന വഴികളിലൂടെ വിദ്യാഭ്യാസ സംവിധാനത്തിലേക്ക് എത്തിക്കാനാണു കിന്റര്‍ മ്യൂസിക് ലാന്റ് ലക്ഷ്യമിടുന്നത്. ലണ്ടന്‍ ട്രിനിറ്റി കോളജ് ഓഫ് മ്യൂസിക്കില്‍നിന്ന് വിദ്യാഭ്യാസം നേടിയ സംഗീതജ്ഞനും ക്രോസ്‌റോഡ്‌സ് സ്‌കൂള്‍ ഓഫ് മ്യൂസിക്കിന്റെ (സിആര്‍എസ്എം) സ്ഥാപകനുമായ അല്‍ഫോന്‍സ്, സംഗീത വിദ്യാഭ്യാസത്തിന്റെയും ചികിത്സാ, സാമൂഹികപരിവര്‍ത്തനം ലക്ഷ്യമിട്ടുള്ള സംഗീത പരീക്ഷണങ്ങളിലും മുന്‍പന്തിയിലുണ്ട്. ഷാര്‍ജയിലെ മെഡി മ്യൂസിക്ടെക്കില്‍നിന്നുള്ള ഡോ. എം.എഫ്. ഡേവിസിനും ആന്ധ്രാപ്രദേശിലെ നാരായണ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നുള്ള ഒരു സംഘം ഡോക്ടര്‍മാര്‍ക്കുമൊപ്പം, കുട്ടികള്‍ക്ക് അനുയോജ്യമായ മൂന്നു രാഗങ്ങളില്‍ അല്‍ഫോന്‍സ് ജോസഫ് മ്യൂസിക് ട്രാക്കുകള്‍ കംപോസ് ചെയ്തു. ഇത് അമ്മമാരിലൂടെ ഗര്‍ഭാവസ്ഥയിലുള്ള 90 ഭ്രൂണങ്ങളെ കേള്‍പ്പിച്ചു. വൈവിധ്യമാര്‍ന്ന സാമൂഹിക സാംസ്‌കാരിക സാമ്പത്തിക പശ്ചാത്തലങ്ങളില്‍ നിന്നുള്ളവരായിരുന്നു ഈ അമ്മമാര്‍. പ്രീനേറ്റല്‍ സോണോഗ്രാഫക് ഉപകരണങ്ങളാണ് ഇതിന് ഉപയോഗിച്ചത്. സംഗീതം ശ്രവിക്കാത്ത ഭ്രൂണങ്ങളുമായി താരതമ്യപ്പെടുത്തുേമ്പാള്‍, സംഗീതം ശ്രവിച്ചവയുടെ പ്രതികരണം വളരെ ശ്രദ്ധേയമായാണു രേഖപ്പെടുത്തിയത്. ക്രോസ്‌റോഡ്‌സ് മ്യൂസിക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴില്‍ 2013 ല്‍ സ്ഥാപിതമായ സിആര്‍എസ്എമ്മിന്റെ പത്തടിപ്പാലത്തെ പ്രധാന കാമ്പസില്‍ 400ഓളം വിദ്യാര്‍ഥികള്‍ പരിശീലിക്കുന്നു. പഠിതാക്കളുടെ എണ്ണം കൂടുന്നതു പരിഗണിച്ച് കഴിഞ്ഞ വര്‍ഷം പനമ്പിള്ളി നഗറില്‍ പുതിയ സെന്റര്‍ കൂടി ആരംഭിച്ചു. ലണ്ടന്‍ ട്രിനിറ്റി കോളജ് പാഠ്യപദ്ധതിയെ അടിസ്ഥാനമാക്കിയുള്ള വിവിധ പെര്‍ഫോമന്‍സ് ആര്‍ട്‌സ് കോഴ്‌സുകള്‍ക്കു പുറമേ, ഗ്ലോബല്‍ മ്യൂസിക് പ്രൊഡക്ഷനില്‍ പ്രത്യേക ഹ്രസ്വകാല ഡിപ്ലോമയും കുട്ടികള്‍ക്കായി പതിവ് സമ്മര്‍ ക്യാമ്പുകളും നല്‍കുന്നുണ്ടെന്ന് ക്രോസ്‌റോഡ് സ്‌കൂള്‍ ഓഫ് മ്യൂസിക്കിന്റെ ഡയറക്ടര്‍ രജനി അല്‍ഫോന്‍സ് പറഞ്ഞു. കിന്റര്‍ മ്യൂസിക് ലാന്റ് കുട്ടികളുടെ വിദ്യാഭ്യാസരംഗത്തുള്ള പ്രാദേശിക, അന്താരാഷ്ട്ര വിദഗ്ധരുടെ സഹായത്തോടെ വികസിപ്പിച്ചെടുത്ത കിന്റര്‍ മ്യൂസിക് ലാന്റ് (കെഎംഎല്‍) അല്‍ഫോന്‍സിനെ സംബന്ധിച്ചു വര്‍ഷങ്ങളുടെ നിസ്വാര്‍ഥ പരിശ്രമവും സഹകരണ പ്രവര്‍ത്തനവുമാണ്. ‘നൂതനമായ സംഗീത പാഠ്യപദ്ധതികള്‍ വികസിപ്പിക്കുന്നതിന് സമയം കണ്ടെത്തുന്നതിനായി കഴിഞ്ഞ നാലു വര്‍ഷത്തെ സിനിമാ മേഖലയിലെ പ്രവര്‍ത്തനങ്ങളെ പരിമിതപ്പെടുത്തേണ്ടതായി വന്നു. അതിനാല്‍ കെഎംഎല്‍ പാഠ്യപദ്ധതി വികസിപ്പിക്കുന്നതിന് എനിക്ക് സമയം ചെലവഴിക്കാന്‍ കഴിഞ്ഞു’. 17 വര്‍ഷക്കാലം ദക്ഷിണേന്ത്യന്‍ ചലച്ചിത്രമേഖലയില്‍ മെലഡി സൃഷ്ടിച്ച, സംഗീത മാന്ത്രികന്‍ എ.ആര്‍. റഹ്മാന്റെ വേള്‍ഡ് ടൂര്‍ ഉള്‍പ്പെടെ പ്രാദേശികമായും അന്തര്‍ദ്ദേശീയമായും 500 ലധികം കണ്‍സേര്‍ട്ടുകളില്‍ പെര്‍ഫോം ചെയ്ത, പ്രഗത്ഭ സംഗീതജ്ഞന്‍ പറയുന്നു. പിന്നണി ഗായകനെന്ന നിലയിലും, എ.ആര്‍. റഹ്മാനൊപ്പം ചെയ്ത ‘ആരോമലേ’ എന്ന ഗാനത്തിലൂടെയും അല്‍ഫോന്‍സ് പ്രസിദ്ധനാണ്. സംഗീതം പല തരത്തിലുള്ള അനുഭവങ്ങളിലൂടെ പകര്‍ന്നു കൊടുക്കുന്ന സമീപനവും പ്രീസ്‌കൂള്‍ പഠനത്തിലെ ഏറ്റവും മികച്ച സങ്കേതങ്ങള്‍ കണ്ടെത്തി അത് സംഗീത പഠനത്തോടു ചേര്‍ക്കുന്നതും കൊണ്ടുതന്നെ, കെഎംഎല്‍ അടിസ്ഥാനപരമായി ഒരു വിപ്ലവകരമായ മുന്നേറ്റമാണെന്ന് കിന്റര്‍ മ്യൂസിക് ലാന്റ് അക്കാദമിക്‌സ് ആന്‍ഡ് ഇന്നൊവേഷന്‍ ഹെഡ് അനു പിനീറോ പറഞ്ഞു. ഈ പാഠ്യപദ്ധതിപ്രകാരം സംഗീതത്തിന്റെ അടിസ്ഥാന ആശയങ്ങള്‍ ശാസ്ത്രീയവും ശിശുസൗഹൃദ രീതികളിലൂടെ കുട്ടികളെ പഠിപ്പിക്കുന്നു. പ്രായത്തിന് അനുയോജ്യമായ കളികള്‍, ചിത്രരചന, ഗാനങ്ങള്‍, കഥകള്‍ എന്നിവ ഈ രീതിയില്‍ ഉള്‍പ്പെടുന്നു. ക്രോസ്‌റോഡ്‌സ് സ്‌കൂള്‍ ഓഫ് മ്യൂസിക്, രാജഗിരി കിന്റര്‍ഗാര്‍ട്ടന്‍, കളമശേരി എന്നിവിടങ്ങളിലാണ് പ്രൗഢമായ കെഎംഎല്‍ ശൈലി ആദ്യമായി നടപ്പാക്കുന്നത്. കുട്ടികള്‍ സംവേദനാത്മകവും രസകരവുമായ രീതിയില്‍ സംഗീതം പഠിക്കുന്നു. കിന്റര്‍ മ്യൂസിക് ലാന്റിലെ പഠനം അവരെ മികച്ച സ്റ്റേജ് പെര്‍ഫോര്‍മര്‍മാരാക്കിയിരിക്കുന്നു കെഎംഎല്‍ സിലബസ് റെഗുലര്‍ പ്രീസ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള രാജഗിരി കിന്റര്‍ഗാര്‍ട്ടന്‍ ഹെഡ്മിസ്ട്രസ് ഷൈനി സിറിയക് പറയുന്നു. കെഎംഎല്‍ പാഠ്യപദ്ധതി ഓരോ സ്‌കൂളിന്റെയും ആവശ്യത്തിന് അനുസരിച്ച് മാറ്റംവരുത്താവുന്നതായതുകൊണ്ടുതന്നെ രാജഗിരി ക്രിസ്തുജയന്തി പബ്ലിക് സ്‌കൂള്‍, അസീസി വിദ്യാനികേതന്‍ എന്നിവിടങ്ങളില്‍ ഈ അധ്യയന വര്‍ഷം മുതല്‍ കിന്റര്‍ മ്യൂസിക് ലാന്റ് നടപ്പാക്കുന്നു. പുരോഗമനം, ബൗദ്ധികം, സാമൂഹ്യ, വൈകാരികം, ചലനം, ഭാഷ, സാക്ഷരത എന്നിവയുള്‍പ്പെടെ കുട്ടികളുടെ വളര്‍ച്ചയുടെ എല്ലാ മേഖലകളിലും ചെറുപ്പം മുതലുള്ള സംഗീത പഠനം സ്വാധീനം ചെലുത്തുന്നതായി ന്യൂറോ സയന്‍സ് പറയുന്നുവെന്ന് ന്യൂയോര്‍ക്കിലെ ബ്രോക്ക്‌പോര്‍ട്ട് കോളജില്‍ മ്യൂസിക് അസോസിയേറ്റ് പ്രൊഫസറും കെഎംഎല്‍ രൂപീകരണത്തില്‍ ഓണററി റിസര്‍ച്ച് കണ്‍സള്‍ട്ടന്റായി സേവനമനുഷ്ഠിക്കുകയും ചെയ്ത ഡോ. സരാസിന്‍ പറയുന്നു. മേരിലാന്റ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് എത്‌നോമ്യൂസിക്കോളജിയില്‍ പിഎച്ച്ഡി നേടിയ സരാസിന്‍, ന്യൂഡല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വെസ്റ്റേണ്‍ മ്യൂസിക്ക് എജ്യുക്കേഷന്‍ അസോസിയേഷന്‍ (ഡബ്ല്യുഎംഇഎ) എന്ന എന്‍ജിഒയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കൂടിയാണ്. സംഗീത അധ്യാപകര്‍ക്ക് നിലവാരമുള്ള പ്രൊഫഷണല്‍ വികസനവും മാര്‍ഗനിര്‍ദ്ദേശവും നല്‍കിക്കൊണ്ട് ഇന്ത്യയിലുടനീളം സംഗീത വിദ്യാഭ്യാസം പ്രാത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ഡബ്ല്യുഎംഇഎയുടെ ബോര്‍ഡ് മെംബറാണ് അല്‍ഫോന്‍സ്. കെഎംഎല്‍ ബ്രാന്‍ഡ് ലോഗോ അനാവരണം ചെയ്തു പ്രശസ്ത സംഗീത സംവിധായകനും ചൈല്‍ഡ് മ്യൂസിക് മെന്ററുമായ എം. ജയചന്ദ്രന്‍ അല്‍ഫോന്‍സ് ജോസഫിനൊപ്പം കിന്റര്‍ മ്യൂസിക് ലാന്റ് ബ്രാന്‍ഡ് ലോഗോ അനാവരണം ചെയ്തു. വിശിഷ്ടാതിഥികളുടെയും പാനലിസ്റ്റുകളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. എം. ജയചന്ദ്രന്‍ മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം ഏഴു തവണ നേടിയിട്ടുണ്ട്. 2015ല്‍ പുറത്തിറങ്ങിയ ജനപ്രിയചിത്രം ,’എന്നു നിന്റെ മൊയ്തീന്‍’ എന്ന സിനിമയിലെ സംഗീത സംവിധാനത്തിന് ദേശീയ പുരസ്‌കാരവും ലഭിച്ചു. അവാര്‍ഡ് വിന്നിംഗ് ക്രിയേറ്റീവ് ഡയറക്ടറായ ടെനാ കോണിലിന്റെ നേതൃത്വത്തിലുള്ള പ്രോ10 സംഘമാണ് കെഎംഎല്‍ ബ്രാന്‍ഡ് ഐഡന്റിറ്റിയും മാസ്‌കോട്ടും വികസിപ്പിച്ചത്. ഭാവി പദ്ധതികളും സഹകരണവും സംഗീതത്തിലൂടെ കുട്ടികളുടെ ശാക്തീകരണം ലക്ഷ്യമിടുന്ന കിന്റര്‍ മ്യൂസിക് ലാന്റ്, പ്രീസ്‌കൂള്‍ വിദ്യാഭ്യാസ രംഗത്ത്, പ്രത്യേകിച്ച് സമഗ്ര സംഗീത പഠനത്തില്‍, ഇന്ത്യയിലെ ഒരു മുന്‍നിര ശബ്ദമായി മാറുമെന്നാണു പ്രതീക്ഷയെന്നു തേവര സേക്രഡ് ഹാര്‍ട്ട് കോളേജിലെ വിസിറ്റിംഗ് പ്രഫസറും, ക്രൈസ്റ്റ് കോളജ് സാമ്പത്തിക ശാസ്ത്ര വിഭാഗം മുന്‍ മേധാവിയുമായിരുന്ന ഡോ. കെ. എ. സ്റ്റീഫന്‍സണ്‍ പറയുന്നു. കിന്റര്‍ മ്യൂസിക് കരിക്കുലം ടീമിലെ ഓണററി, സീനിയര്‍ റിസര്‍ച്ച് കണ്‍സള്‍ട്ടന്റ് പദവിയും അദ്ദേഹം വഹിക്കുന്നു. അംഗന്‍വാടികളിലെ കുട്ടികള്‍ക്കായി കിന്റര്‍ മ്യൂസിക് ലാന്റ് എന്ന ആശയം നടപ്പാക്കുന്നതിന് കേരള സര്‍ക്കാരുമായും യുഎല്‍ എജ്യുക്കേഷന്‍ ഫൗണ്ടേഷനുമായും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. കോഴിക്കോട് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ സംരംഭമാണ് യുഎല്‍ എഡ്യുക്കേഷന്‍