Saturday, November 23, 2024
HomeSportsFootballഫ്രാന്‍സിനോട് 4-3ന് പരാജയപ്പെട്ട് അര്‍ജന്റീന ലോകകപ്പില്‍ നിന്ന് പുറത്തായി

ഫ്രാന്‍സിനോട് 4-3ന് പരാജയപ്പെട്ട് അര്‍ജന്റീന ലോകകപ്പില്‍ നിന്ന് പുറത്തായി

മോസ്‌ക്കോ: പ്രീ ക്വാര്‍ട്ടറിലെ നിര്‍ണായക പോരാട്ടത്തില്‍ ഫ്രാന്‍സിനോട് 4-3ന് പരാജയപ്പെട്ട് അര്‍ജന്റീന ലോകകപ്പില്‍ നിന്ന് പുറത്തായി. ജയത്തോടെ ഫ്രാന്‍സ് ക്വാര്‍ട്ടറിലേക്ക് മുന്നേറി. കിരീട നേട്ടത്തോടെ മടങ്ങാമെന്ന ഇതിഹാസ താരം ലയണല്‍ മെസിയുടെ ആഗ്രഹം ഇത്തവണ പ്രീ ക്വാര്‍ട്ടറില്‍ തന്നെ അവസാനിച്ചു. ആവേശകരമായ പോരാട്ടത്തില്‍ ഒരു ഗോളിന് പിന്നില്‍  നിന്ന ശേഷം രണ്ട് ഗോളുകള്‍ തിരിച്ചടിച്ച് പ്രതീക്ഷ നല്‍കാന്‍ അര്‍ജന്റീനയ്ക്ക് സാധിച്ചെങ്കിലും കെയ്‌ലിയന്‍ എംബാപ്പെയെന്ന യുവ താരത്തിന്റെ വേഗതയും ഭാവനയും ലാറ്റിനമേരിക്കന്‍ കരുത്തരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകളഞ്ഞു. അര്‍ജന്റീനയുടെ പ്രതിരോധപ്പിഴവ് മുതലെടുത്താണ് ഫ്രാന്‍സ് മത്സരത്തിന്റെ രണ്ടാം പകുതിയില്‍ പൊരുതിക്കയറിയത്. ഫ്രാന്‍സിനായി എംബാപ്പെ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ശേഷിച്ച ഗോളുകള്‍ അന്റോയിന്‍ ഗ്രിസ്മാന്‍, ബെഞ്ചമിന്‍ പവര്‍ഡ് എന്നിവര്‍ വലയിലാക്കി. അര്‍ജന്റീനയ്ക്കായി എയ്ഞ്ചല്‍ ഡി മരിയ, ഗബ്രിയേല്‍ മെര്‍ക്കാഡോ, സെര്‍ജിയോ അഗ്യെറോ എന്നിവരും ഗോളുകള്‍ നേടി.

കളി തുടങ്ങി 13ാം മിനുട്ടില്‍ തന്നെ ഫ്രാന്‍സ് മുന്നിലെത്തി. സ്വന്തം ബോക്‌സില്‍ നിന്ന് പന്തുമായി കുതിച്ച  കെയ്‌ലിയന്‍ എംബാപ്പെയെ ബോക്‌സില്‍ വച്ച് മാര്‍ക്കസ് റോജ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി വലയിലാക്കിയാണ് ഫ്രാന്‍സ് മുന്നിലെത്തിയത്. കിക്കെടുത്ത അന്റോയിന്‍ ഗ്രിസ്മാന്‍ ഒരു പഴുതും അനുവദിക്കാതെ പന്ത് വലയിലാക്കി ഫ്രഞ്ച് പടയെ മുന്നിലെത്തിക്കുകയായിരുന്നു. എന്നാല്‍ ആദ്യ പകുതിക്ക്  പിരിയും മുന്‍പ് തന്നെ അര്‍ജന്റീന ഗോള്‍ മടക്കി. 41ാം മിനുട്ടില്‍ എയ്ഞ്ചല്‍ ഡി മരിയ നേടിയ സുന്ദരന്‍ ലോങ് റെയ്ഞ്ച് ഷോട്ടാണ് അര്‍ജന്റീനയ്ക്ക് സമനിലയൊരുക്കിയത്. എവര്‍ ബനേഗ കൈമാറിയ പന്താണ് മികച്ച ഷോട്ടിലൂടെ മരിയ വലയിലാക്കിയത്.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ അര്‍ജന്റീന ലീഡെടുത്തു. 48ാം മിനുട്ടില്‍ ലയണല്‍ മെസിയുടെ ശ്രമമാണ് ഗോളില്‍  കലാശിച്ചത്. പാകത്തില്‍ കിട്ടിയ പന്ത് വല ലക്ഷ്യമാക്കി മെസ്സി തൊടുത്തു. തൊട്ടുമുന്നിലുണ്ടായിരുന്ന ഗബ്രിയേല്‍ മെര്‍ക്കാഡോ പന്ത് സുരക്ഷിതമായി വലയിലാക്കി.
57ാം മിനുട്ടില്‍ ബെഞ്ചമിന്‍ പവര്‍ഡ് ഫ്രാന്‍സിനെ ഒപ്പമെത്തിച്ചു. പിന്നീടാണ് നാല് മിനുട്ടിനിടെ രണ്ട് സുന്ദരന്‍ ഗോളുകള്‍ വലയിലാക്കിയുള്ള എംബാപ്പെയുടെ മാന്ത്രികത. കളിയുടെ 64, 68 മിനുട്ടുകളിലാണ് ഫ്രഞ്ച്  യുവ താരത്തിന്റെ മിന്നല്‍ ഗോളുകളുടെ പിറവി. അവസാന ഘട്ടത്തില്‍ സെര്‍ജിയോ അഗ്യെറോയിലൂടെ മൂന്നാം ഗോള്‍ നേടാന്‍  അര്‍ജന്റീനയ്ക്ക് സാധിച്ചെങ്കിലും അത് നേരിയ ആശ്വാസം മാത്രമായിരുന്നു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments