Friday, November 22, 2024
HomeBUSINESSഫ്ലിപ്കാര്‍ട്ടിനെ ഏറ്റെടുത്ത് വാള്‍മാര്‍ട്ട്, സ്വന്തമാക്കിയത് 20 ബില്യണ്‍ ഡോളറിന്

ഫ്ലിപ്കാര്‍ട്ടിനെ ഏറ്റെടുത്ത് വാള്‍മാര്‍ട്ട്, സ്വന്തമാക്കിയത് 20 ബില്യണ്‍ ഡോളറിന്

കൊച്ചി:ഇന്ത്യയില്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റില്‍ മാറ്റങ്ങള്‍ സൃഷ്ടിച്ച ഫ്ലിപ്കാര്‍ട്ടിന്റെ മുഖ്യ ഓഹരികള്‍ അമേരിക്ക കേന്ദ്രമായ ബഹുരാഷ്ട്ര സൂപ്പര്‍ മാര്‍ക്കറ്റ് കമ്പനി വാള്‍മാര്‍ട്ട് ഏറ്റെടുത്തു. ഫല്‍പ്കാര്‍ട്ടിന്റെ 75 ശതമാനം ഓഹരികള്‍ വാള്‍മാര്‍ട്ട് വാങ്ങാനുള്ള കരാറില്‍ ഒപ്പിട്ടതായി ബിസിനസ് സ്റ്റാന്‍ഡാര്‍ഡ് ആണ് റിപ്പോര്‍ട്ട് ചെയ്തത്. 20 ബില്യണ്‍ ഡോളറിനാണ്(ഏകദേശം 101017 കോടി രൂപ) ഏറ്റെടുക്കല്‍ എന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ റീട്ടൈല്‍ മാര്‍ക്കറ്റായ ഫ്ലിപ്കാര്‍ട്ടിന്റെ 70 ശതമാനം ഓഹരിയും വാങ്ങുന്ന വിവരം നേരത്തെ വാള്‍മാര്‍ട്ട് അറിയിച്ചിരുന്നെങ്കിലും ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതിനായി വാള്‍മാര്‍ട്ട് ചീഫ് എക്സിക്യൂട്ടീവ് ഡഗ് മക്മില്ലര്‍ ഇന്ത്യയിലെത്തിയിരുന്നു. വാള്‍മാര്‍ട്ട് ഫ്ലിപ്കാര്‍ട്ടിനെ സ്വന്തമാക്കിയതോടെ സ്ഥാപകനും ചെയര്‍മാനുമായ സച്ചിന്‍ ബന്‍സാല്‍ സ്ഥാനം രാജിവയ്ക്കും.

നിലവില്‍ സോഫ്റ്റ് ബാങ്കിനായിരുന്നു ഫല്‍പ്കാര്‍ട്ടില്‍ ഏറ്റവും കൂടുതല്‍ ഓഹരികളുണ്ടായിരുന്നത്. ബാംഗ്ലൂര്‍ അടിസ്ഥാനമായുള്ള കമ്പനിയില്‍ 23 ശതമാനം ഓഹരി പങ്കാളിത്തമായിരുന്നു സോഫ്റ്റ് ബാങ്കിനുണ്ടായിരുന്നത്. സോഫ്റ്റ് ബാങ്കിന് പുറമെ ടൈഗര്‍ ഗ്ലോബല്‍ മാനേജ്മെന്റും അവരുടെ ഓഹരികള്‍ വിറ്റൊഴിയും. ഗൂഗിളിന്റെ മാതൃ കമ്പനിയായ ആല്‍ഫബെറ്റും ഈ ഇ കൊമേഴ്സ് സംരംഭത്തില്‍ ഓഹരിയെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

വാള്‍മാര്‍ട്ടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഏറ്റെടുക്കലായാണ് ബിസിനസ് ലോകം ഇതിനെ വിശേഷിപ്പിക്കുന്നത്. ഇ കൊമേഴ്സ് രംഗത്തെ ഏറ്റവും വലിയ ഏറ്റെടുക്കലും ഇത് തന്നെയാണ്. ഇനി ഇന്ത്യന്‍ ഇ കൊമേഴ്സ് രംഗം കാണാന്‍ പോകുന്നത് വാള്‍മാര്‍ട്ടും ആമസോണും തമ്മിലുള്ള കടുത്ത മത്സരമായിരിക്കും.

2007 ല്‍ ബെംഗളൂരുവിലെ രണ്ടുമുറി കെട്ടിടത്തില്‍ സുഹൃത്തായ ബിന്നി ബന്‍സാലിനൊപ്പം തുടങ്ങിയ സംരംഭമാണ് കോടികളുടെ വ്യാപാരം നടക്കുന്ന ഭീമന്‍ ഓണ്‍ലൈന്‍ ശൃംഖലയായി വളര്‍ന്നത്. സച്ചിന് ശേഷം ഫ്ലിപ്കാര്‍ട്ടിന്റെ ഗ്രൂപ്പ് സിഇഒ ആയ ബിന്നി ബന്‍സാലായിരിക്കും ചെയര്‍മാന്റെ കസേരയിലിരിക്കുക.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments