Saturday, October 5, 2024
HomeLatest Newsബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ വ്യാപക അക്രമം; 9 മരണം

ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ വ്യാപക അക്രമം; 9 മരണം

കൊല്‍ക്കത്ത: ബംഗാള്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞടുപ്പിനിടെ വ്യാപക സംഘര്‍ഷം. സംഘര്‍ഷത്തില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ അഞ്ച് തൃണമല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബിജെപി, കോണ്‍ഗ്രസ്, സിപിഎം പാര്‍ട്ടികളിലെ ഓരോ പ്രവര്‍ത്തകരും ഒരു സ്വതന്ത്രനും ഉള്‍പ്പെടുന്നു.

വ്യാപകമായ ആക്രമണത്തില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് പോളിങ് ബൂത്തുകളില്‍ ബാലറ്റ് പെട്ടികള്‍ നശിപ്പിച്ചു. രാവിലെ ഒന്‍പതുമണിവരെ 10.26 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയതായാണ് കണക്കുകള്‍. ഗവര്‍ണര്‍ സിവി ആനന്ദ ബോസ് നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. അക്രമത്തില്‍ പരിക്കേറ്റവരെ കാണുകയും വോട്ടര്‍മാരുമായി സംസാരിക്കുകയും ചെയ്തു.

രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് അഞ്ച് മണിക്ക് അവസാനിക്കും. വോട്ടെടുപ്പ് തുടങ്ങുന്നതിന് മുന്‍പ് തന്നെ പലയിടത്തും അക്രമം ആരംഭിച്ചു.  ബസുദേവ്പുരില്‍ സിപിഎം പ്രവര്‍ത്തകര്‍ ഗവര്‍ണറെ തടഞ്ഞു. മുര്‍ഷിദാബാദിലെ കോണ്‍ഗ്രസ്- തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വന്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയെങ്കിലും വ്യാപക അക്രമം അരങ്ങേറുകയാണ്. 

22 ജില്ലാ പരിഷത്തുകളിലെ 928 സീറ്റിലും പഞ്ചായത്ത് സമിതികളിലെ 9730 സീറ്റുകളിലും ഗ്രാമപഞ്ചായത്തുകളിലെ 63,229 സീറ്റുകളിലാണ് ഇന്ന് വോട്ടെടുപ്പ്. 5.67 കോടി വോട്ടര്‍മാരാണ് പോളിങ് ബൂത്തുകളിലെത്തുക. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നത് മുതല്‍ ഇന്നലെ വരെ 18 പേരാണ് സംസ്ഥാനത്ത് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച മാത്രം 3 പേര്‍ കൊല്ലപ്പെട്ടു.

കഴിഞ്ഞ തവണ 90% സീറ്റുകളിലും വിജയം തൃണമൂലിനായിരുന്നു. ജില്ലാ പരിഷത്തില്‍ തൃണമൂല്‍ 793 സീറ്റില്‍ ജയിച്ചപ്പോള്‍ ബിജെപിക്ക് കിട്ടിയത് 22 സീറ്റ് മാത്രമാണ്. കോണ്‍ഗ്രസ് 6 സീറ്റിലും ഇടത് സഖ്യം ഒരു സീറ്റിലും ജയിച്ചു. ഗ്രാമപഞ്ചായത്തില്‍ തൃണമൂല്‍ 38,118 സീറ്റുകളിലും ബിജെപി 5,779, ഇടത് സഖ്യം 1,713 കോണ്‍ഗ്രസ് 1,066 ഇടത്തും വിജയിച്ചിരുന്നു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments