Sunday, November 24, 2024
HomeNewsKeralaബഫർസോൺ: ജനവാസ മേഖല, കൃഷിയിടങ്ങൾ ഒഴിവാക്കും; സർക്കാർ പുതിയ ഉത്തരവ് പുറത്തിറക്കി

ബഫർസോൺ: ജനവാസ മേഖല, കൃഷിയിടങ്ങൾ ഒഴിവാക്കും; സർക്കാർ പുതിയ ഉത്തരവ് പുറത്തിറക്കി

ജനവാസ, കൃഷിയിടങ്ങളെ പരിസ്ഥിതിലോല മേഖലയിൽനിന്ന് പൂർണ്ണമായി ഒഴിവാക്കി സർക്കാർ ഉത്തരവിറക്കി. സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്ഥലവും ബഫർ സോൺ പരിധിയിൽനിന്ന് ഒഴിവാക്കും. സംരക്ഷിത വനത്തിന്റെ ഒരു കിലോമീറ്റർ പരിധിയിലുള്ള പ്രദേശങ്ങൾ പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ച 2019-ലെ ഉത്തരവ് റദ്ദാക്കാനും സർക്കാർ തീരുമാനിച്ചു. ജൂലൈ 27-ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കാൻ തീരുമാനിച്ചിരുന്നു.വന്യജീവി സങ്കേതത്തോട് ചേർന്ന് ജനവാസകേന്ദ്രങ്ങൾ അടക്കം ഒരു കിലോമീറ്റർ ബഫർ സോണായ നിശ്ചയിച്ച സുപ്രീം കോടതി വിധിയ്ക്ക് എതിരെ പുനഃപരിശോധനാ ഹർജി നൽകുന്നതിന് മുന്നോടിയായാണ് പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.സംരക്ഷിത പ്രദേശങ്ങളുടെ അതിർത്തികളോട് ചേർന്ന് കിടക്കുന്ന ജനവാസ മേഖല ഉൾപ്പെടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളെ ഇക്കോ സെൻസിറ്റീവ് സോൺ ആയി പ്രഖ്യാപിച്ച സർക്കാർ ഉത്തരവിനെതിരെ വലിയ തോതിൽ ജനവികാരം ഉയർന്നിരുന്നു. സംസ്ഥാന സർക്കാരിന്റെ ഉത്തരവിന് പിന്നാലെയായിരുന്നു സുപ്രീം കോടതിയും സമാനമായ ഉത്തരവ് പുറത്തിറക്കിയത്.സുപ്രീം കോടതി ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ ഇത് സംസ്ഥാനത്തെ ഒട്ടേറെ ജനവാസ മേഖലകളെ ബാധിക്കുമെന്ന് ആശങ്ക ഉയർന്നിരുന്നു. സംസ്ഥാനത്തെ പല വന്യജീവി സങ്കേതങ്ങൾക്കുള്ളിലും ചുറ്റുമായി ജനങ്ങൾ താമസിക്കുന്നുണ്ട്. കോടതി ഉത്തരവിനെ തുടർന്ന് ഒഴിപ്പിക്കൽ നടപടികളിലേക്ക് കടക്കേണ്ടി വന്നാൽ പ്രശ്നങ്ങൾക്കിടയാക്കുമെന്നായിരുന്നു സർക്കാർ വിലയിരുത്തൽ. ഇതേത്തുടർന്നാണ് ജനത്തെ ബാധിക്കാത്ത തരത്തിൽ പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്നതായി സർക്കാർ നിയമസഭയെ അറിയിച്ചത്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments