കൊച്ചി : ജലന്ധര്‍ ബിഷപ്പ് ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ഉറച്ച് കന്യാസ്ത്രി. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയോട് പരാതിപ്പെട്ടിരുന്നു. എന്നാല്‍ കര്‍ദിനാള്‍ നടപടി സ്വീകരിക്കാതെ കൈയൊഴിയുകയാണ് ചെയ്തതെന്ന് കന്യാസ്ത്രീ വെളിപ്പെടുത്തി. ബിഷപ്പ് ലത്തീന്‍ പ്രതിനിധി ആയതിനാല്‍ ഒന്നും ചെയ്യാനില്ലെന്ന് കര്‍ദിനാള്‍ പറഞ്ഞതായാണ് കന്യാസ്ത്രീയുടെ മൊഴി.
കര്‍ദിനാള്‍ കൈയൊഴിഞ്ഞതിനെ തുടര്‍ന്ന് ബിഷപ്പിന്റെ പീഡന വിവരം കാണിച്ച് മാര്‍പാപ്പയ്ക്കും പരാതി നല്‍കി. ഇ-മെയില്‍ വഴിയാണ് മാര്‍പാപ്പയ്ക്ക് പരാതി നല്‍കിയത്. മാര്‍പാപ്പയുടെ ഇന്ത്യന്‍പ്രതിനിധിക്കും രേഖാമൂലം പരാതി നല്‍കിയിരുന്നതായി കന്യാസ്ത്രീ വെളിപ്പെടുത്തി.
ബിഷപ്പ് പീഡിപ്പിച്ചെന്ന് കോട്ടയം എസ്പിക്ക് നല്‍കിയ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായും, പരാതിയില്‍ നിന്ന് പിന്മാറില്ലെന്നും കന്യാസ്ത്രീ വ്യക്തമാക്കി. കന്യാസ്ത്രീയുടെ മൊഴി വൈക്കം ഡിവൈഎസ്പി സുഭാഷ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. 72 പേജുകളിലായാണ് മൊഴി രേഖപ്പെടുത്തിയത്. പീഡിപ്പിക്കപ്പെട്ട ദിവസവും സമയവും അടക്കം വിശദമായ മൊഴിയാണ് നല്‍കിയത്. കര്‍ദിനാള്‍ ആലഞ്ചേരിക്ക് നല്‍കിയ പരാതിയില്‍ നടപടി ഉണ്ടാകാത്തതിനാലാണ് എസ്പിക്ക് പരാതി നല്‍കിയതെന്നും കന്യാസ്ത്രീയുടെ മൊഴിയിലുള്ളതായാണ് സൂചന.
പരാതിയില്‍ നിന്ന് പിന്മാറാന്‍ കന്യാസ്ത്രീക്ക് മേല്‍ കനത്ത സമ്മര്‍ദമുള്ളതായി ആരോപണമുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ കന്യാസ്ത്രീയുടെ രഹസ്യമൊഴി രേഖപ്പെടുത്താനാണ് പൊലീസിന്റെ തീരുമാനം. ക്രിമിനല്‍ നടപടി ചട്ടം 164 പ്രകാരം രണ്ടുദിവസത്തിനകം കന്യാസ്ത്രീയുടെ രഹസ്യമൊഴി രേഖപ്പെടുത്തുമെന്നാണ് സൂചന. ഇതിനായി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് ഡിവൈഎസ്പി അപേക്ഷ നല്‍കിയിട്ടുണ്ട്.
പരാതിക്കാരിയെ പിന്തുണയ്ക്കുന്ന കന്യാസ്ത്രീകളുടെയും മൊഴി എടുക്കും. ഇതിനുശേഷം ജലന്ധറിലെത്തി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലെ ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. അതിനിടെ പരാതിക്കാരി അംഗമായ സന്യാസ സമൂഹത്തിന്റെ മദര്‍ സുപ്പീരിയര്‍ ഇന്നലെ വൈക്കത്തെത്തി ഡിവൈഎസ്പിയെ കണ്ടു. ലൈംഗികാരോപണത്തിന്റെ പേരില്‍ അധികാര സ്ഥാനത്തു നിന്നും നീക്കിയതിലുള്ള വിരോധമാണ് പരാതിക്ക് പിന്നിലെന്ന് ഇവര്‍ ഡിവൈഎസ്പിയോട് പറഞ്ഞതെന്നാണ് റിപ്പോര്‍ട്ട്.