ബി.ജെ.പിക്ക് വോട്ടു ചെയ്യരുത് പകരം ആര്‍ക്ക് വേണമെങ്കിലും ചെയ്തോളൂ; കര്‍ണാടകയിലെ തെലുങ്ക് വോട്ടര്‍മാരോട് അഭ്യര്‍ത്ഥനയുമായി ആന്ധ്ര ഉപമുഖ്യമന്ത്രി

0
37

ഹൈദരാബാദ്: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വോട്ടുചെയ്യരുതെന്ന് തെലുങ്ക് വോട്ടര്‍മാരോട് ആന്ധ്ര ഉപമുഖ്യമന്ത്രി കെ.ഇ കൃഷ്ണമൂര്‍ത്തി. മറ്റാര്‍ക്ക് വോട്ടു ചെയ്താലും ബി.ജെ.പിക്ക് വോട്ട് കുത്തരുതെന്ന് കൃഷ്ണമൂര്‍ത്തി പറഞ്ഞു. ബംഗളൂരുവില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ആന്ധ്ര മന്ത്രിയുടെ വാക്കുകള്‍.

ആന്ധ്ര സംസ്ഥാനത്തിന് മോദി സര്‍ക്കാര്‍ പ്രത്യേക പദവി അനുവദിക്കാത്തത് കൊണ്ട് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒരിടത്തു പോലും തെലുങ്ക് വോട്ടര്‍മാര്‍ ബി.ജെ.പിക്ക് വോട്ടു ചെയ്യരുത്. തെലുങ്ക് ജനതയോട് മോദി ചെയ്തത് ചതിയാണെന്നും കെ.ഇ കൃഷ്ണ മൂര്‍ത്തി പറഞ്ഞു.

ഉത്തര കര്‍ണാടകയിലെ റായ്ച്ചൂര്‍, ബെല്ലാരി ജില്ലകളിലും തുംക്കൂര്‍, കോളാര്‍, ബിദാര്‍ എന്നിവിടങ്ങളിലും തെലുങ്ക് വോട്ടര്‍മാരുടെ സാന്നിധ്യമുണ്ട്. ഇതിന് പുറമെ ബംഗളൂരു അടക്കമുള്ള നഗരങ്ങളിളും തെലുങ്ക് വോട്ടര്‍മാരുടെ സാന്നിധ്യമുണ്ട്.

ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് ടി.ഡി.പി സഖ്യം എന്‍.ഡി.എ വിട്ടിരുന്നു. ടി.ഡി.പിക്ക് 16 എം.പിമാരാണ് ലോക്‌സഭയിലുണ്ടായിരുന്നത്.

ബി.ജെ.പിക്ക് നിയന്ത്രിക്കാന്‍ പറ്റും വിധം ദുര്‍ബലരായ സഖ്യങ്ങളിലേ അവര്‍ക്ക് താല്‍പര്യമുള്ളൂവെന്നും അവകാശങ്ങള്‍ക്ക് വേണ്ടി ചോദ്യം ചോദിക്കുന്നത് ബി.ജെ.പിക്ക് ദഹിക്കില്ല. ഏതൊരു നല്ല നേതാവും ഞാന്‍ ചെയ്തത് തന്നെയാവും ചെയ്യുകയെന്നും സഖ്യം വിട്ടതിന് ശേഷം ചന്ദ്രബാബു നായിഡു പറഞ്ഞിരുന്നു.

ആന്ധ്രാപ്രദേശിന് പ്രത്യേക സംസ്ഥാനപദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ മാസം 16നാണ് ടി.ഡി.പി എന്‍.ഡി.എ സഖ്യം ഉപേക്ഷിച്ച് പുറത്ത് വന്നത്. പ്രത്യേക പദവി ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പ്രധാനമന്ത്രിമോദിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധിച്ച 19 ടി.ഡി.പി എം.എല്‍.എമാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Leave a Reply