Sunday, November 17, 2024
HomeLatest Newsബെനഡിക്ട് പതിനാറാമാന്‍ മാര്‍പാപ്പ അന്തരിച്ചു

ബെനഡിക്ട് പതിനാറാമാന്‍ മാര്‍പാപ്പ അന്തരിച്ചു

ബെനഡിക്ട് പതിനാറാമാന്‍ മാര്‍പാപ്പ അന്തരിച്ചു. 95 വയസ്സായിരുന്നു. വാര്‍ധക്യ സഹചമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഇന്ന് രാവിലെ 9.34 ഓടെ വത്തിക്കാനിലെ മാറ്റര്‍ എസ്‌ക്ലേഷ്യ ആശ്രമത്തില്‍ വെച്ചായിരുന്നു അന്ത്യം. 2005 മുതല്‍ 2013വരെ കത്തോലിക്ക സഭയെ നയിച്ചു. ആധുനികാലത്ത് സ്ഥാനത്യാഗം ചെയ്ത ഏക മാര്‍പാപ്പായാണ്. 

ജര്‍മന്‍ സ്വദേശിയായ അദ്ദേഹത്തിന്റെ ആദ്യ നാമം ജോസറ് ററ്റ്‌സിങര്‍ എന്നായിരുന്നു. 2013ലെ സ്ഥാനത്യാഗത്തിന് ശേഷം, വത്തിക്കാനിലെ കോണ്‍വന്റിലാണ് അദ്ദേഹം കഴിഞ്ഞുവന്നത്. 

ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് ബുധനാഴ്ച ഫ്രാന്‍സിസ് മാര്‍പാപ്പ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. പോപ്പ് ബനഡിക്ടിന്റെ ആരോഗ്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ വിശ്വാസികളോട് ആഹ്വാനം ചെയ്തിരുന്നു. വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കാര്‍മികത്വത്തില്‍ മരണാന്തര ശുശ്രൂഷകള്‍ നടക്കും.

ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പിന്‍ഗാമിയായി 2005 ഏപ്രില്‍ 19 ന് സ്ഥാനമേറ്റ അദ്ദേഹം അനാരോഗ്യം മൂലം 2013 ഫെബ്രുവരി 28 ന് സ്ഥാനത്യാഗം ചെയ്തിരുന്നു. തുടര്‍ന്ന് പോപ് എമെരിറ്റസ് എന്ന പദവിയില്‍ വത്തിക്കാന്‍ ഗാര്‍ഡന്‍സിലെ വസതിയില്‍ വിശ്രമജീവിതത്തിലായിരുന്നു അദ്ദേഹം. ആറു നൂറ്റാണ്ടുകള്‍ക്കുള്ളില്‍ ആദ്യമായായിരുന്നു ഒരു മാര്‍പാപ്പയുടെ സ്ഥാനത്യാഗം. ജര്‍മന്‍ പൗരനായ കര്‍ദ്ദിനാള്‍ ജോസഫ് റാറ്റ്സിങ്ങറാണ് ബനഡിക്ട് പതിനാറാമന്‍ എന്ന സ്ഥാനപ്പേരില്‍ മാര്‍പാപ്പയായത്.ഒരേസമയം, യാഥാസ്ഥിതികനും പുരോഗമനവാദിയുമായ മാര്‍പാപ്പ എന്നറിയപ്പെട്ട ബനഡിക്ട് പതിനാറാമന്‍ ധാര്‍മികതയുടെ കാവലാള്‍ എന്നും വിശേഷിപ്പിക്കപ്പെട്ടിരുന്നു.

1927 ഏപ്രില്‍ 16നു ജര്‍മനിയിലെ ബവേറി പ്രവിശ്യയിലെ മാര്‍ക്ക്ത്തലില്‍ പൊലീസ് ഓഫിസറായ ജോസഫ് റാറ്റ്സിങ്ങര്‍ സീനിയറിന്റെയും മരിയയുടെയും മൂന്നാമത്തെ മകനായാണ് ജോസഫ് റാറ്റ്സിങ്ങര്‍ ജനിച്ചത്. 14 വയസ്സുള്ളപ്പോള്‍ 1941 ല്‍ ഹിറ്റ്ലറുടെ യുവസൈന്യത്തില്‍ ചേര്‍ക്കപ്പെട്ടെങ്കിലും സജീവമായി പ്രവര്‍ത്തിച്ചില്ല. 1945 ല്‍ സഹോദരന്‍ ജോര്‍ജ് റാറ്റ്സിങ്ങറിനൊപ്പം കത്തോലിക്കാ സെമിനാരിയില്‍ ചേര്‍ന്നു. 1951 ജൂണ്‍ 29 നു വൈദികനായി. 1977 ല്‍ മ്യൂണിക്കിലെ ആര്‍ച്ച്ബിഷപ്പായി.
1980 ല്‍ ബിഷപ്പുമാരുടെ സിനഡുകളില്‍ മാര്‍പാപ്പ അവതരിപ്പിക്കേണ്ട റിപ്പോര്‍ട്ടുകള്‍ തയാറാക്കുന്ന ചുമതല ലഭിച്ചു. 1981 നവംബര്‍ 25നു ‘ഡൊക്ട്രിന്‍ ഓഫ് ഫെയ്ത്’ സമൂഹത്തിന്റെ പ്രിഫെക്ടായി ചുമതലയേറ്റു. 2002 ല്‍ കര്‍ദിനാള്‍ തിരുസംഘത്തിന്റെ ഡീന്‍ ആയി. ജര്‍മനിയിലെ ഓസ്റ്റിയ ആര്‍ച്ച് ബിഷപ്പായിരിക്കെ, വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പിന്‍ഗാമിയായി 2005 ഏപ്രില്‍ 19 നു മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. ജോസഫ് റാറ്റ്സിങ്ങര്‍ എന്ന പേര് ഉപേക്ഷിച്ചു ബനഡിക്ട് പതിനാറാമന്‍ എന്ന പേരു സ്വീകരിച്ചു. 2013 ഫെബ്രുവരി 28നു സ്ഥാനത്യാഗം ചെയ്തു.

കൗമാരത്തില്‍ത്തന്നെ ഹിറ്റ്ലറുടെ യുവസൈന്യത്തില്‍ നിര്‍ബന്ധപൂര്‍വം ചേര്‍ക്കപ്പെട്ട അദ്ദേഹം നാത്സി സൈന്യത്തിന്റെ കോണ്‍സന്‍ട്രേഷന്‍ ക്യാംപുകളില്‍ ജൂതര്‍ അനുഭവിച്ച പീഡനങ്ങള്‍ക്കു സാക്ഷിയായി. അതിന്റെ വേദനയാണ് അദ്ദേഹത്തെ ദൈവവഴിയിലേക്കു നയിച്ചത്.
നിലപാടുകളുടെ കാര്‍ക്കശ്യം കൊണ്ട് പലപ്പോഴും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട് ബനഡിക്ട് പതിനാറാമന്‍. സ്ത്രീകള്‍ വൈദികരാകുന്നതിനും ഗര്‍ഭച്ഛിദ്രത്തിനും വിവാഹേതര ബന്ധങ്ങള്‍ക്കുമെതിരെ അദ്ദേഹം ശക്തമായിത്തന്നെ നിലപാടെടുത്തിരുന്നു. കൃത്രിമ ഗര്‍ഭധാരണ മാര്‍ഗങ്ങള്‍ ഉപേക്ഷിക്കണമെന്നു വിശ്വാസികളോട് ആഹ്വാനം ചെയ്ത അദ്ദേഹം, അതേസമയം പുതുതലമുറയുമായി സംവദിക്കാന്‍ ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങളും ഉപയോഗിച്ചു. ക്യൂബയില്‍ ഫിഡല്‍ കാസ്ട്രോയെ സന്ദര്‍ശിച്ചതിനെ ‘വിപ്ലവകരം’ എന്നാണ് രാജ്യാന്തര നിരീക്ഷകരും മാധ്യമങ്ങളും അടക്കം വിലയിരുത്തിയത്.

ഭാരതസഭയിലെ ആദ്യവിശുദ്ധയായി സിസ്റ്റര്‍ അല്‍ഫോന്‍സാമ്മയെ നാമകരണം ചെയ്തത് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയായിരുന്നു. സിറോ മലബാര്‍ സഭയിലും സിറോ മലങ്കര സഭയിലും രണ്ടു കര്‍ദിനാള്‍മാരെ വാഴിച്ചുകൊണ്ട് കേരളസഭയ്ക്കു വത്തിക്കാനില്‍ ഉചിതമായ പ്രാതിനിധ്യവും നല്‍കി.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments